
ഉക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കാരിത്താസിന്റെ സന്നദ്ധ പ്രവർത്തക കൊല്ലപ്പെട്ടു. ജൂലൈ 26 ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് കാരിത്താസ് ഖാർക്കീവ് ശാഖയിലെ ജീവനക്കാരിയായ യാന സെർനോവ്സ്കയ (40) കൊല്ലപ്പെട്ടത്.
യാനയുടെ വീടിനു നേരെയാണ് റഷ്യൻ മിസൈൽ പതിച്ചത്. ആക്രമണത്തിൽ ഇവരുടെ 10 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റു. 2022-ൽ റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായതിനെ തുടർന്ന് സ്വന്തം നാടായ വോവ്ചാൻസ്കിൽ നിന്ന് അഭയാർഥികളായി ഖാർക്കീവിൽ എത്തിയതായിരുന്നു യാനയും കുടുംബവും. കാരിത്താസിന്റെ ‘വൈറ്റൽ’ (VITAL) ടെലിമെഡിക്കൽ കെയർ എറൗണ്ട് ലൈഫ് സപ്പോർട്ട് പദ്ധതിയുടെ കീഴിൽ സോഷ്യൽ വർക്കറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു യാന.
യാനയുടെ വിയോഗത്തിൽ കാരിത്താസ് ഇന്റർനാഷണലിസും യുകെയിലെ കാരിത്താസ് സംഘടനയായ കഫോഡും (CAFOD) കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സ്വന്തം ജീവൻ പോലും പണയം വച്ച് യുദ്ധമേഖലയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുന്ന കാരിത്താസ് പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും, വേർപാടിന്റെ ഈ നിമിഷത്തിൽ യാനയുടെ കുടുംബത്തിനൊപ്പം സഭ പൂർണ്ണമായി നിലകൊള്ളുന്നുവെന്നും കാരിത്താസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദുരന്തത്തിൽ പരിക്കേറ്റ മകന്റെ ആരോഗ്യത്തിനും വേർപെട്ട യാനയുടെ ആത്മശാന്തിക്കുമായി ആഗോള കത്തോലിക്കാ സമൂഹം പ്രാർഥനകൾ അഭ്യർഥിച്ചിട്ടുണ്ട്.




