ലോകത്തെ കരയിപ്പിച്ച ഇയോന്‍മി പാര്‍ക്കിന്റെ ജീവിത കഥ 

ഇടയ്ക്ക് ഒന്നു വിതുമ്പിയും കണ്ണുതുടച്ചും മുഖം താഴ്ത്തിയിരുന്ന് വെളുത്ത മെലിഞ്ഞ ആ ഉത്തരകൊറിയന്‍ പെണ്‍കുട്ടി തന്റെ ജീവിതം പറയുകയാണ്. ഇയോന്‍മി പാര്‍ക്ക് എന്നാണിവളുടെ പേര്. ഏകാധിപത്യത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയാണവള്‍. ഏഴ് ദശകങ്ങളായി ഇരുട്ടില്‍ ജീവിക്കുന്ന ഒരു ജനതയാണ് ഉത്തരകൊറിയയിലുള്ളത്.

അവള്‍ക്ക് പറയാനുള്ളത് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു ലോകത്തെക്കുറിച്ചാണ്. ഒപ്പം ചങ്കുറപ്പുള്ള കുറെ അമ്മമാരെക്കുറിച്ചും. പിഞ്ചുകുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ പെണ്‍ശരീരങ്ങള്‍ക്കു മേല്‍ പറന്നുവീഴുന്ന കഴുകന്‍മാര്‍ക്ക് സ്വന്തം ശരീരം കാഴ്ച വയ്ക്കുന്ന അമ്മമാരുടെ നാട് കൂടിയാണ് ഉത്തരകൊറിയ. ഇയോന്‍മിക്കും ഇത്തരത്തിലൊരു കഥയുണ്ട്.

നോര്‍ത്ത് കൊറിയയില്‍ പലായനം ചെയ്ത കുടുംബമാണ് ഇയോന്‍മിയുടോത്. അതിന് സഹായിച്ച ചൈനീസ് ബ്രോക്കര്‍ പ്രതിഫലമായി ചോദിച്ചത് പതിമൂന്ന് വയസ്സുള്ള അവളുടെ ശരീരമായിരുന്നു. എന്നാല്‍ സ്വന്തം ശരീരം നല്‍കി ഇയോന്മിയുടെ അമ്മ തന്റെ മകളുടെ പ്രാണനും മാനവും രക്ഷിച്ചു. പതിനാലാമത്തെ വയസ്സില്‍ ചൈനയില്‍ വച്ചാണ് ഇയോന്‍മിയുടെ അച്ഛന്‍ മരിക്കുന്നത്. വെളുപ്പിന് മൂന്ന് മണിക്ക് അച്ഛന്റെ സംസ്‌കാരം നടക്കുമ്പോള്‍ കരയാന്‍ പോലും ഭയന്ന് നില്‍ക്കുകയായിരുന്നു ഈ കൊച്ചു പെണ്‍കുട്ടി. സ്വാതന്ത്ര്യത്തിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഭയമായിരുന്ന ഒരു പെണ്‍കുട്ടിയുടെ കുടുംബമായിരുന്നു അവരുടേത്.

പെണ്‍കുഞ്ഞുങ്ങള്‍ ലൈംഗിക അടിമകളാതിരിക്കാന്‍ സ്വന്തം ശരീരം വിട്ട് കൊടുക്കുന്ന അനേകം അമ്മമാരുടെ നാടാണിവിടം. ഇയോന്‍മി  പാര്‍ക്ക് എന്ന പെണ്‍കുട്ടി ഒരേസമയം മനുഷ്യാവകാശപ്രവര്‍ത്തകയും അഭയാര്‍ത്ഥിയുമാണ്.  പതിനേഴ് മില്യണിലധികം കാഴ്ചക്കാരുണ്ടായ ഒരു വീഡിയോ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചാണ് അവള്‍ തന്റെ കഥ പുറംലോകത്തെത്തിച്ചത്. അനുവാദമില്ലാതെ ഒരു ഫോണ്‍കോള്‍ പോലും ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഹോളിവുഡ് സിനിമ കണ്ടതിന്റെ പേരില്‍ സുഹൃത്തിന്റെ അമ്മയെ വധിച്ച കഥ പറയുമ്പോള്‍ ഇയോന്‍മി വിതുമ്പുന്നുണ്ടായിരുന്നു. എതിര്‍ക്കുന്നവരെ തുടച്ചുനീക്കുക അല്ലെങ്കില്‍ ജയിലിലടക്കുക എന്നതായിരുന്നു ഏകാധിപത്യത്തിന്റെ രീതി.

ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ അഭയം തേടുന്നത് ചൈനയിലാണ്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണുള്ളത്. ഇതില്‍ എഴുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്നവരാണ്. ഏറ്റവും കുറഞ്ഞ ഡോളറിന് വില്‍ക്കപ്പെടുന്ന സ്ത്രീകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഉത്തരകൊറിയയിലേക്ക് തിരികെ പോകേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറായിട്ടാണ് ഈ സ്ത്രീകള്‍ ജീവിക്കുന്നത്. മനുഷ്യരെപ്പോലെ ജീവിക്കണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രമാണ് ഈ സ്ത്രീകളുടെ ആവശ്യം. മനുഷ്യാവകാശപ്രവര്‍ത്തകയായിട്ടാണ് ഇയോന്‍മി ഇപ്പോള്‍ സമൂഹത്തിന് മുന്നിലെത്തിക്കുന്നത്. വിദ്യാഭ്യാസം നേടുക എന്നത് മാത്രമാണ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമെന്ന് ഇയോന്‍മി പറയുന്നു. നോര്‍ത്ത് കൊറിയയിലെ ജനങ്ങളെ പിന്തുണയ്‌ക്കേണ്ടതാവശ്യമാണെന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും ഇയോന്‍മി തന്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.