ആത്മനൊമ്പരങ്ങൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പരിചയമുള്ള യുവതിയുടെ വാക്കുകൾ മായാതെ മനസിലുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും അവൾ ഗർഭവതിയായില്ല. “എന്തുപറ്റി? ആർക്കാണ് പ്രശ്നം?”

പലരും ചോദിക്കുമായിരുന്നെങ്കിലും ഒരു സ്ത്രീ മാത്രം നിരന്തരം അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എപ്പോൾ കണ്ടാലും ഒരു പ്രത്യേക ചിരിയോടെ “ഇതുവരെ ആയില്ലെ…?” എന്ന ചോദ്യം ആ യുവതിയെ വല്ലാതെ നൊമ്പരപ്പെടുത്തി. ഞായറാഴ്ചകളിൽ കുർബാനയ്ക്കു ശേഷം പ്രസ്തുത സ്ത്രീയെ കാണാതിരിക്കാൻ വിശുദ്ധ കുർബാനയ്ക്കു ശേഷം എല്ലാവരും പോകുന്നതു വരെ അവൾ പള്ളിയിൽ ഇരിക്കുമായിരുന്നു.

എന്നാൽ ഏറ്റവും അതിശയകരമായ സംഭവം മറ്റൊന്നാണ്. ഏതാനും വർഷങ്ങൾക്കുശേഷം ഈ യുവതി ഗർഭവതിയായി. ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ അന്നുവരെ “ഇതുവരെ ആയില്ലെ?” എന്നു ചോദിച്ച ആ സ്ത്രീ കുഞ്ഞിനെ ഒന്നു കാണാനോ, അനുമോദിക്കാനോ ഒരു നല്ല വാക്ക് പറയാനോ വന്നില്ല!

ചിലർ അങ്ങനെയാണ് മറ്റുള്ളവരുടെ നൊമ്പരങ്ങൾ ആസ്വദിക്കും. അവരുടെ ആനന്ദങ്ങളിൽ അസൂയയോടെ അകന്നു നിൽക്കും. ഇവിടെയാണ് വൃദ്ധയായ എലിസബത്തിന്റെ ഭവനത്തിൽ എത്തിയവരുടെ മനോഭാവം നമ്മൾ സ്വന്തമാക്കേണ്ടത്. “കര്‍ത്താവ്‌ അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്‌ധുക്കളും അവളോടൊത്തു സന്തോഷിച്ചു!” (ലൂക്കാ 1: 58)

മറ്റുള്ളവരുടെ നൊമ്പരങ്ങളിൽ സാന്ത്വനമാകാനും ആനന്ദത്തിൽ പങ്കാളികളാകാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ ഇന്നത്തെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.