ഗീതുവിനെ തോൽപ്പിക്കാനാവില്ല മക്കളേ…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇരട്ടക്കുട്ടികളിൽ ഒരുവളായ ഗീതുവിനെ പരിചയപ്പെടുത്താം. അവളൊടൊപ്പം അമ്മയുടെ ഗർഭപാത്രം പങ്കിട്ടവളുടെ പേര് നീതു. ഗീതുവും നീതുവും ലോകം കാണാൻ അമ്മയുടെ ഉദരം ഭേദിച്ച് എട്ടാം മാസം തന്നെ പുറത്തെത്തിയിരുന്നു. അന്നേ ഗീതുവിന് തൂക്കം കുറവ്. 1.600.ഗ്രാം. നീതുവിനാണെങ്കിൽ 2.400 ഉം. തൂക്കക്കുറവുള്ള കുഞ്ഞ് ജീവിക്കാൻ സാധ്യതയില്ലെന്നായിരുന്നു ഡോക്ടർമാർ വിധിച്ചത്. വിഷമസന്ധിയിലായ മാതാപിതാക്കൾ ആരുമറിയാതെ അവൾക്ക് വീട്ടു മാമ്മോദീസയും നല്കി.

“തൂക്കം കുറവാണെങ്കിലും കൊച്ച് കരയുന്നുണ്ടല്ലോ? തൂക്കമെല്ലാം പിന്നീട് പരിഹരിച്ചോളും” കാരണവൻമാർ പറഞ്ഞു. എന്നാൽ അവർ പറഞ്ഞതു പോലെ ഗീതുവിന് വേണ്ടത്ര തൂക്കം വച്ചില്ല. എന്തൊക്കെയോ ശാരീരിക അസ്വസ്ഥതകൾ അവളെ അലട്ടുന്നതായി മാതാപിതാക്കൾക്കു തോന്നി. വിദഗ്ദ പരിശോധനയിൽ
മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്ക്കജ്വരമാണെന്ന് കണ്ടെത്തി. അവളുടെ ശിരസിൽ നിന്ന് ഡോക്ടർമാർ വെള്ളം കുത്തിയെടുത്തു. തുടർന്ന് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു ട്യൂബും നിക്ഷേപിച്ചു.

ഗീതു വളർന്നു. എന്നാൽ നീതുവിനെപ്പോലെ കാലുകൾ ഉറപ്പിയ്ക്കാൻ അവൾക്കായില്ല. വലതു ഭാഗം ചെറിയ തോതിൽ ശോഷിച്ചു വന്നു. വലതുകാലിനും കൈയ്ക്കും ബലക്കുറവായിരുന്നു. എങ്കിലും തോറ്റുകൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. അല്പം കഷ്ടപ്പെട്ടാണെങ്കിലും അവളും നടന്നു. ആവുംവിധം
ജോലികളും ചെയ്തു. ക്ഷണിക്കാത്ത അതിഥി പോലെ വല്ലപ്പോഴും എത്തുന്ന ഫിറ്റ്സ് അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അത് വരുമ്പോൾ ശരീരവും മനസും ഒരുപോലെ തളരുന്നതുപോലെ.

വീട്ടിൽ വരുന്നവരെല്ലാം നീതുവിനെ മാത്രം കളിപ്പിക്കും. അവളോട് എല്ലാ കാര്യങ്ങളും ചെയ്യാൻ പറയും. അപ്പോഴെല്ലാം അവളെപ്പോലെ മിടുക്ക് കാണിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന് ഗീതു നൊമ്പരപ്പെടുമായിരുന്നു. എന്നിട്ടും അവൾ തോറ്റു കൊടുക്കാൻ തയ്യാറായില്ല. ഡിഗ്രിവരെ പഠിച്ചു. സ്വന്തം കാര്യം പോലും ചെയ്യാൻ പലപ്പോഴും കഴിയാതിരുന്ന അവളെ ആശ്രമദൈവാലയത്തിൽ പൂക്കൾ വയ്ക്കാൻ സിസ്റ്റേഴ്സ് കൊണ്ടുപോയത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായ് അവൾ ഇന്നും കണക്കാക്കുന്നു.

2016-ൽ ഞാൻ ലാസലെറ്റ് ആശ്രമത്തിൽ വരുമ്പോൾ ധ്യാനത്തിന്റെ രജിസ്ട്രേഷനും ബുക്സ്റ്റാളിൽ സാധനങ്ങൾ എടുത്ത് കൊടുക്കാനുമെല്ലാം ഗീതുവുമുണ്ടായിരുന്നു. മനസിന് വിഷമം ഏറുമ്പോൾ അവൾ എന്റെയടുക്കൽ വരും. കുറച്ചു നേരം സംസാരിക്കും. പ്രാർത്ഥന സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങും. എന്റെ നിർബന്ധത്തിനു വഴങ്ങി ഏതാനും ധ്യാനങ്ങൾക്ക് ഗീതു തന്റെ നൊമ്പരങ്ങൾ പങ്കുവച്ചു.

അവളുടെ സാക്ഷ്യം തളർന്ന മനസുകളെ കരുത്തുറ്റതാക്കി. ഇതിനിടയിൽ നീതു വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയുമായി. കൂടെപ്പിറന്നവളുടെ വിവാഹം കഴിഞ്ഞതോടെ അപ്പനുമമ്മയ്ക്കും താനൊരു ഭാരമാകുമോ എന്ന ചിന്ത ഗീതുവിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ആ നൊമ്പരങ്ങളെല്ലാം ലാസലെറ്റ് മാതാവിന്റെ രൂപത്തിനു മുമ്പിൽ അവൾ ഇറക്കി വച്ചു.

ഒന്നു രണ്ടിടങ്ങളിൽ ഗീതു ജോലിക്ക് പോയെങ്കിലും വേഗം പോരെന്ന പതിവ് പരാതി അവളുടെ മനസിനെ മുറിവേൽപ്പിച്ചു. ഇതിനിടയിൽ കോഴിക്കോടുള്ള ഒരു സ്ഥാപനത്തിൽ കൗൺസിലിങ്ങ് കോഴ്സും പൂർത്തിയാക്കി. ഒരിക്കൽ ഞാനവളോട് ചോദിച്ചു: “ഗീതുവിന് ഇനിയും എന്തെല്ലാം സ്വപ്നങ്ങളുണ്ട്?”

“എന്നെപ്പോലുള്ളവർക്ക് സ്വപ്നം കാണാൻ കഴിയുമോ എന്നറിയില്ല. എങ്കിലും അച്ചൻ ചോദിച്ച നിലക്ക് പറയാം: എനിക്ക് വിവാഹം കഴിക്കണം. മക്കൾക്ക് ജന്മം നൽകണം. മറ്റുള്ളവരെപ്പോലെ ജീവിക്കണം.” അവൾ പറഞ്ഞു.

“ദൈവം നിന്നെ കൈവിടില്ല. പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കൂ…” ഞാനുറപ്പു നൽകി. അവളുടെ ശാരീരിക അസ്വസ്ഥതകൾ അറിഞ്ഞുകൊണ്ട് അവളുടെ 29-ാം വയസിൽ റെജി എന്ന യുവാവ് ഗീതുവിന്റെ കഴുത്തിൽ മിന്നുകെട്ടി. “പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.” (ലൂക്കാ 1: 35-37) എന്ന വചനങ്ങൾ അങ്ങനെ ഗീതുവിലും പൂർത്തിയായി.

രണ്ടു വർഷം കഴിഞ്ഞ് 2021 ഒക്ടോബർ ഒമ്പതാം തിയതി അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവർ അവളെ ദൈവത്തിന്റെ സമ്മാനം എന്നർത്ഥമുള്ള ‘ജാനറ്റ്’ എന്ന് വിളിച്ചു. ദൈവത്തെ കൂട്ടുപിടിക്കുന്നവർക്ക്
ജീവിത സഹനങ്ങൾ അദ്ഭുതങ്ങളിലേക്കുള്ള ചവിട്ടുപടികളാണെന്ന് ഗീതുവിന്റെ ജീവിതം പഠിപ്പിക്കുന്നു. ഈ കുറിപ്പ് തയ്യാറാക്കുന്നതിനു മുമ്പ് ഗീതുവിനെയും കുഞ്ഞിനെയും ഞാൻ കണ്ടിരുന്നു. അവളുടെ പുഞ്ചിരിയിൽ സ്വർഗ്ഗം ഭൂമിയിൽ വന്നപോലെ എനിക്കനുഭപ്പെട്ടു.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.