മഞ്ഞുമഴയിൽ ശിരസ് താണുപോയ ക്രിസ്തുരൂപം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കാൾ ആൽബർട്ട് ബെർട്ടൻ എന്ന കലാകാരന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം. ഡെൻമാർക്കിലുള്ള ഒരു കത്തീഡ്രൽ പള്ളിയിലേക്ക് ക്രിസ്തുവിന്റെ പ്രതിമ നിർമിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. സകല പ്രൗഢിയോടും കൂടി ശിരസും കരങ്ങളും ഉയർന്നു നിൽക്കുന്ന ക്രിസ്തുരാജന്റെ പ്രതിമയാണ് അദ്ദേഹം നിർമ്മിച്ചത്.

നിർമാണത്തിനു ശേഷം രൂപം ഉണങ്ങുന്നതിനായ് തുറന്ന സ്ഥലത്ത് വച്ചു. പെട്ടെന്നായിരുന്നു ശക്തമായ മഞ്ഞുമഴ പെയ്തത്. ദിവസങ്ങൾക്കുശേഷം വെയിൽ തെളിഞ്ഞപ്പോൾ കാണാനായത് കുനിഞ്ഞ ശിരസും താഴ്ന്ന കരങ്ങളുമുള്ള ക്രിസ്തു രൂപമാണ്. ചുറ്റികയെടുത്ത് അദ്ദേഹമത് തകർക്കാൻ ഒരുങ്ങിയെങ്കിലും ‘അരുത്’ എന്നൊരു സ്വരം അദ്ദേഹം ശ്രവിച്ചു.

കഠിന നൊമ്പരത്തോടെ അയാൾ വിലപിച്ചു: “ദൈവമേ, എന്റെ എത്ര ദിവസത്തെ അധ്വാനമാണ് ഇല്ലാതാക്കിയത്? ഇനി പുതിയതൊന്ന് എനിക്ക് നിർമ്മിക്കാനാകുമോ?” ദൈവത്തെ കുറ്റപ്പെടുത്തി സംസാരിച്ച അദ്ദേഹത്തിന്റെ അകതാരിൽ നിന്നൊരു സ്വരമുയർന്നു: “നീ എന്തിന് വിഷമിക്കുന്നു. ഇപ്പോഴുള്ള രൂപത്തിന് എന്താണ് കുഴപ്പം? നീ ആഗ്രഹിച്ച രൂപമല്ല ഞാൻ ആഗ്രഹിച്ചത്. എഴുന്നേൽക്കുക. നീ നിർമിച്ച ആ പ്രതിമയെ ഒന്നുകൂടി നോക്കുക അതിൽ കാണാം യഥാർത്ഥ ക്രിസ്തുവിനെ.”

അദ്ദേഹം തിരിച്ചു ചെന്ന് മിഴികൾ തുടച്ച് ആ രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കി. താഴ്ന്ന ശിരസോടെ നീട്ടിയ കരങ്ങളുമായ് ഏവരെയും സ്വാഗതം ചെയ്തു നിൽക്കുന്ന മനോഹരമായ ക്രിസ്തു രൂപം!

അദ്ദേഹം സ്വയം പറഞ്ഞു: “ഇതാണ് യഥാർത്ഥ ക്രിസ്തു രാജൻ. മറ്റുള്ളവരെ സ്നേഹപൂർവ്വം മാടി വിളിക്കുന്ന എളിമയുടെയും സ്നേഹത്തിന്റെയും പ്രതിരൂപം!” ഡെൻമാർക്കിലെ കത്തീഡ്രലിൽ ഇപ്പോഴും ഈ രൂപമുണ്ട്. ഒപ്പം കലാകാരൻ അന്നെഴുതിവച്ച വരികളും: “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28). കരം നീട്ടി നിൽക്കുന്ന ക്രിസ്തുരൂപത്തിന്റെ ഉറവിടം ഇങ്ങനെയാണെന്നാണ് പറയപ്പെടുന്നത്.

കലാകാരന്റെ മനസിൽ മാത്രമല്ല നമ്മുടെയെല്ലാം മനസിൽ ക്രിസ്തുവിന്റെ ഒരു രൂപമുണ്ട്. തന്നിൽ വിശ്വാസിക്കാതെ മറ്റൊരു ക്രിസ്തുവിനെ പ്രതീക്ഷിച്ചിരുന്ന ഫരിസേയരുടെ മനസിലും ഇങ്ങനെ ഒരു രൂപമുണ്ടായിരുന്നു. അതെന്തെന്ന് അറിയാൻ വേണ്ടിയാണ് ക്രിസ്തു ചോദിക്കുന്നത്: “നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്‌?” വളരെ പെട്ടന്നായിരുന്നു അവരുടെ മറുപടി: “അവൻ ദാവീദിന്റെ പുത്രൻ!” (മത്തായി 22 : 42).

പഴയനിയമത്തിലെ ദാവീദിനെപോലെ ഒരു രാജാവിനെ പ്രതീക്ഷിച്ചിരുന്നവർക്ക് എളിമയും വിനയവുമുള്ള, പാപികളോടും അശരണരോടും കൂറുള്ള കുരിശിൽ മരിച്ച ക്രിസ്തുവിനെ എങ്ങനെ അംഗീകരിക്കാനാകും? നമ്മുടെ മനസിലെ ക്രിസ്തു എളിമയും വിനയവുമുള്ള രാജാവാണെങ്കിൽ മാത്രമേ നമുക്കും അങ്ങനെയാകാൻ കഴിയൂ എന്ന് യാഥാർത്ഥ്യം തിരിച്ചറിയാം. ക്രിസ്തുവിന്റെ രാജത്വ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.