മധുരം വചനം – നവംബർ 14: കൂട്ട്

ഫാ. അജോ രാമച്ചനാട്ട്

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷ വും ആറു മാസവും ആകാശം അടയ്‌ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്‌തു. എന്നാല്‍, സീദോനില്‍ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്‌ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം കുഷ്‌ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.” (ലൂക്കാ 4 : 25-27)

കൂട്ട്

ഭൂമിയിലെ സൗഹൃദങ്ങളെക്കുറിച്ച് ഓർത്തുപോവുകയാണ്. പ്രവാചകന്മാരെ പോലെതന്നെ ഓരോ സുഹൃത്തും ദൈവത്താൽ അയയ്ക്കപ്പെടുന്നവർ തന്നെ. ഓരോ ബന്ധവും ഓരോരോ ദൈവികപദ്ധതിയുടെ ഭാഗമാണെന്നാണ് ജീവിതം പഠിപ്പിച്ചത്.

ജീവിതത്തിലെ ചില സൗഹൃദങ്ങളെ കുറിച്ചൊക്കെ നമ്മൾ തന്നെ പിന്നീട് ഓർത്ത് അത്ഭുതപ്പെട്ടിട്ടില്ലേ? അത് ദൈവം കൂട്ടി കൊണ്ട് വരുന്നതാണ്. സറെപ്തായിലെ വിധവയെ രക്ഷിക്കാൻ ഏലിയായെ അയച്ച, നാമാനെ സുഖമാക്കാൻ ഏലീശ്വായെ അയച്ച ദൈവം, ഞാനെന്ന പാഴ്ചെടി വീണുപോകാതിരിക്കാൻ അയച്ച തണലുകളാണ് ഓരോ സുഹൃത്തും.

ഓരോ ബന്ധത്തെയും വ്യാഖ്യാനിക്കേണ്ടത് ഈ ഒരു കണ്ണിലാണ്..
ഒന്നുകിൽ എന്റെ, അല്ലെങ്കിൽ നിന്റെ, അതുമല്ലെങ്കിൽ നമ്മുടെ രണ്ടിന്റെയും നിലനില്പിന് ഈ കൂട്ട് വേണമായിരുന്നു എന്ന് !

എന്നിട്ടും പൗലോസ് ഓർമപ്പെടുത്തുന്നത് പോലെ “ആത്മാവിൽ ആരംഭിച്ച് ശരീരത്തിൽ” അവസാനിപ്പിച്ചെങ്കിൽ അത് നമ്മുടെ വീഴ്ച. എന്റെ പിഴ എന്റെ പിഴ.

ബന്ധങ്ങളെ പവിത്രമാക്കാം. ഭൂമിയിൽ ഒരായിരം നന്മപൂക്കൾ വിടരട്ടെ.

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്‌