സഹായിക്കുന്നവരെ പഴി ചാരുന്നവർ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടു. രോഗികൾക്കും പാവപ്പെട്ട കുട്ടികളുടെ പഠനത്തിനുമെല്ലാം കഴിയുംവിധം പണം നൽകി സഹായിക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമായി തോന്നി.

“പലരേയും സഹായിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടുകാർക്ക് ഞാനിപ്പോൾ അധികം സഹായം ചെയ്യാറില്ല. എന്തെന്നാൽ സഹായം സ്വീകരിച്ചവർ തന്നെ മോശമായി പറയുന്നു. ചിലരുടെ അഭിപ്രായം, എനിക്ക് കളളക്കടത്തും ഹവാല ഇടപാടും ഉണ്ടെന്നൊക്കെയാണ്. മറ്റു ചിലരാകട്ടെ തട്ടിച്ചും വെട്ടിച്ചുമാണ് പണമുണ്ടാക്കുന്നതെന്നും പറയുന്നു.”

അദ്ദേഹം പറഞ്ഞതിലും ചില യാഥാർത്ഥ്യങ്ങളില്ലേ? സഹായിക്കുന്നവരെ പഴി പറയുന്ന സ്വഭാവം ചിലപ്പോൾ നമ്മിലും വന്നുചേരാറില്ലേ? സ്വന്തം മക്കളുടെ വിജയത്തിൽ അഭിനന്ദിക്കാത്ത മാതാപിതാക്കളില്ലേ? ഭാര്യയുടെ നന്മ കാണാത്ത ഭർത്താവും ഭർത്താവിന്റെ കുറവുകൾ മാത്രം കാണുന്ന ഭാര്യയുമില്ലേ? നമ്മുടെ നാട്ടുകാർക്കും പരിചയക്കാർക്കുമെല്ലാം ഉന്നമനം സംഭവിക്കുമ്പോൾ നമ്മുടെ ഉള്ളിലെ അസൂയ മൂലമാണ് പലരെയും അംഗീകരിക്കാനും ആദരിക്കാനും കഴിയാത്തത്.

അതു തന്നെയാണ് ക്രിസ്തുവിന്റെ കാലത്തും നടന്നത്. അവന്റെ പ്രവർത്തികൾ കണ്ട ചിലർ പറഞ്ഞത് ഇങ്ങനെയാണ്: “ഇവന്‌ ഇതെല്ലാം എവിടെ നിന്ന്‌? ഇവനു കിട്ടിയ ഈ ജ്‌ഞാനം എന്ത്‌? ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ?” (മര്‍ക്കോ. 6: 2-4).

അതുകൊണ്ട് ഏതാനും രോഗികളുടെ മേല്‍ കൈകള്‍ വച്ചു സുഖപ്പെടുത്താനല്ലാതെ മറ്റ്‌ അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ ക്രിസ്തുവിന് സാധിച്ചില്ല എന്നാണ് വചനം പറയുന്നത്. നമ്മിലെ അസൂയയും അഹങ്കാരവും ദുർഭാഷണവും മൂലം നന്മയുടെ വാതായനങ്ങൾ കൊട്ടിയടയ്ക്കപ്പെടാതിരിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.