മുടന്തൻ ദൈവാലയത്തിൽ പോകാനിടയായത്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മുടന്തുള്ള ഒരു വ്യക്തി വളരെ കഷ്ടപ്പെട്ട് എന്നും വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ വരുമായിരുന്നു. ഒരിക്കൽ ഒരു വഴിയാത്രക്കാരൻ അയാളോട് ചോദിച്ചു: “കാല് വയ്യെങ്കിൽ വീട്ടിലിരുന്നു കൂടെ? എന്നും പള്ളിയിൽ പോകേണ്ട കാര്യവുമുണ്ടോ?”

അദ്ദേഹം ആ മനുഷ്യനെ നോക്കി പുഞ്ചിരിച്ചു: “താങ്കൾക്കറിയുമോ ജന്മനാ ഞാനൊരു മുടന്തനല്ലായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അപകടത്തിന്റെ ഫലമായി എന്റെ വലതു കാലിന് പരിക്കേറ്റു. അന്നെല്ലാം ദൈവത്തെ ഞാൻ കുറ്റപ്പെടുത്തി. എന്നെ സന്ദർശിക്കാൻ വന്ന ഒരു വൈദികന്റെ വാക്കുകൾ എന്നെ സ്പർശിച്ചു. അദ്ദേഹം പറഞ്ഞു: ‘ജീവിതഗതിയെക്കുറിച്ച് യാതൊരു ഗ്യാരണ്ടിയുമില്ലാത്തവരാണ് നമ്മൾ. എത്ര നാൾ ജീവിക്കുമെന്നോ എന്തെല്ലാം രോഗങ്ങൾ നമ്മെ കീഴടക്കുമെന്നോ നമുക്ക് പറയാനാകില്ല. നിനക്ക് അപകടം പറ്റിയിട്ടും പ്രാണൻ ബാക്കിയുണ്ടല്ലോ? മുടന്തിയാണെങ്കിലും നടക്കാമല്ലോ? ഈ അവസ്ഥ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്.

നീ കണ്ടിട്ടുണ്ടാകും അപകടത്തിൽ പരിക്കു പറ്റിയ തെരുവുനായ്ക്കളെ. ഒന്ന് അനങ്ങാൻ ത്രാണിയുണ്ടെങ്കിൽ നിരങ്ങിയിട്ടാണെങ്കിലും അവ ജീവിതം തുടരും. നിന്റെ ജീവിതകുരിശുകളെയും സഹനങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് ദൈവികത. അത് മാത്രം മറക്കരുത്.’ അച്ചന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിലാണ് പതിച്ചത്. അന്നു മുതൽ ഞാൻ ദൈവാലയത്തിൽ വരുന്നു. ഒരു ദിവസത്തെ പ്രവൃത്തികളിൽ ഇതിൽ കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു കാര്യവും എന്റെ ജീവിതത്തിൽ ഇല്ല.”

ഇത്രയും പറഞ്ഞശേഷം “ഇപ്പോൾ താങ്കൾ പറയൂ, ഞാൻ പള്ളിയിൽ പോകണമോ വേണ്ടയോ?”

“ഞാനും നിങ്ങളുടെ കൂടെ പള്ളിയിൽ വരുന്നു.” അതായിരുന്നു വഴിയാത്രക്കാരന്റെ മറുപടി.

ജീവിതയാത്രയിൽ അപ്രതീക്ഷിതമായ ദുരന്തങ്ങളുടെയും സഹനങ്ങളുടെയുമെല്ലാം കഥകൾ നമുക്കുണ്ട്. ചില വേദനകൾ നമ്മെ ദൈവത്തിൽ നിന്നകറ്റുന്നു. ദൈവവുമായി അപ്പോഴെല്ലാം നാം മൽപ്പിടുത്തവും നടത്തുന്നു. എന്നാൽ ഇവയൊന്നും യഥാർത്ഥ ക്രിസ്തുശിഷ്യന് ചേർന്നതല്ല. എന്തെന്നാൽ, “സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന്‌ എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല” (ലൂക്കാ 14:27) എന്നാണ് ക്രിസ്തുമൊഴികൾ.

സങ്കടക്കടലുകൾക്കു നടുവിൽ കാലിത്തൊഴുത്തിലേക്കും ക്രൂശിലേക്കുമെല്ലാം മിഴികളുയർത്താനായാൽ പിന്നെയൊരിക്കലും നാം ദൈവത്തെ പഴിചാരില്ല, ഉറപ്പ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.