കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ വനിതകള്‍ക്കു കഴിയണം: മാര്‍ മാത്യു മൂലക്കാട്ട്

കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ വനിതകള്‍ക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അത്മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോയുടെ ശുശ്രൂഷാദൗത്യം അനുദിന ജീവിതത്തില്‍ നിര്‍വ്വഹിക്കുന്നവരാണ് വീട്ടമ്മമാര്‍. കുടുംബവര്‍ഷ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ വനിതകള്‍ക്കു കഴിയണം. സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയാനും അതിജീവിക്കാനും ഏറ്റവും സാധിക്കുന്നത് അമ്മമാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈബിളിലെ സ്ത്രീമാതൃകകള്‍ എന്ന വിഷയത്തില്‍ ഫാ. ജേക്കബ് മുള്ളൂര്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഫാ. ജിബില്‍ കുഴിവേലില്‍ ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കി. ജിജി ജോയി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ സ്വാഗതം ആശംസിക്കുകയും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കുകയും ചെയ്തു. ഷൈനി ചൊള്ളമ്പേല്‍ കൃതജ്ഞത അര്‍പ്പിച്ചു.

കുടുംബവര്‍ഷ പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 4.30 വരെയാണ് ധ്യാനം സംഘടിപ്പിക്കുന്നത്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 378 വനിതകള്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നു.

ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.