ഓൺലൈൻ ജപമാല സമർപ്പണത്തിലൂടെ സമാധാനത്തിനായി പ്രാർത്ഥിച്ച് ഒരു പുരോഹിതൻ

മിന്നസോട്ടയിലെ ബ്രൂക്‌ലിൻ സെന്ററിൽ നടന്ന ഒരു വെടിവെയ്പ്പിൽ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ നേരിടുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി മിന്നസോട്ടയിലെ ന്യൂ ബ്രൈറ്റനിലെ സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ ദൈവാലയത്തിലെ പുരോഹിതനായ ഫാ. പോൾ ഷെവലിയ്‌ൻ ഓൺലൈൻ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആരംഭിച്ചിരിക്കുകയാണ്.

കർഫ്യു പ്രഖ്യാപിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ കാറ്റിനെയും കനത്ത മഴയെയും വകവയ്ക്കാതെ അദ്ദേഹം ദൈവാലയത്തിലെത്തിച്ചേരുകയും മേൽക്കൂരയിൽ കയറി നിന്നുകൊണ്ട് എട്ടു മൈൽ വിസ്താരമുള്ള തന്റെ നാടിനു വേണ്ടി കരങ്ങൾ വിരിച്ചുപിടിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനാരംഭിക്കുകയായിരുന്നു.

ജപമാല പ്രാർത്ഥന ചൊല്ലിത്തുടങ്ങിയ ഈ സമയം അദ്ദേഹം ഒറ്റക്കായിരുന്നില്ല. ഫേസ് ബുക്ക് പേജിലൂടെ ഈ ജപമാലയിൽ പങ്കുചേരുവാൻ തന്റെ ഇടവക ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മരണമടഞ്ഞ 20 -കാരന്റെ ആത്മാവിനു വേണ്ടിയും അതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥകൾ പരിഹരിക്കുവാനും ഈ പുരോഹിതൻ പ്രാര്‍ത്ഥിച്ചു. ലൈവ് ജപമാലയിൽ 60 വിശ്വാസികൾ അദ്ദേഹത്തോടൊപ്പം ചേരുകയും 1300 പേർ ഫേസ്ബുക് പേജ് സന്ദർശിക്കുകയും ചെയ്തു.

അതിനു ശേഷം ഏപ്രിൽ 14 -ന് അദ്ദേഹത്തിന്റെ ഇടവകയിലെ യുവജനങ്ങൾ വീണ്ടും ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. “ദുഷ്കരമായ നിമിഷത്തിൽ ഈ പ്രാർത്ഥന വളരെ ശോഭയുള്ള ഒരു പ്രകാശമായിരുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾ വി. അൽഫോൻസസുമായി സംയോജിപ്പിച്ച് യേശുക്രിസ്തുവിന്റെ വെളിച്ചത്തെ കൊണ്ടുവരുന്നു. രോഗശാന്തിയും സ്നേഹവും സമാധാനത്തിന്റെ പുനഃസ്ഥാപനവും നൽകുന്നു.” ഫാ. പോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.