വിധവാ ദിനാചരണവും നവോമി സംഗമവും സംഘടിപ്പിച്ചു

ജൂണ്‍ 23 ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പിന്റെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും സംഗമത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ഇച്ഛാശക്തിയും നവോമികള്‍ ആര്‍ജ്ജിച്ചെടുക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആയിരിക്കുന്ന കര്‍മ്മരംഗങ്ങളില്‍ വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് ജീവിതത്തെ ശോഭനവും ഉപകാരപ്രദവുമാക്കി മാറ്റാന്‍ വിധവകള്‍ക്കും കുടുംബഭാരം പേറുന്ന സ്ത്രീകള്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി. റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കൂടാതെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപനപദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള നവോമി ഗ്രൂപ്പ് പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.