എന്തുകൊണ്ടാണ് സ്ത്രീകൾ താലിബാനെ ഭയപ്പെടുന്നത്?

“അഫ്ഗാനിസ്ഥാനിലെ ഏറ്റവും മികച്ച രണ്ട് യൂണിവേഴ്സിറ്റികളിൽ നിന്ന് എനിക്ക് ഒരേ സമയം രണ്ടു ഡിഗ്രികൾ ലഭിക്കേണ്ടതായിരുന്നു. അഫ്ഗാനിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും കാബൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും എനിക്കത് കിട്ടുമായിരുന്നു. പക്ഷേ, ഇന്ന് രാവിലെ അതെല്ലാം എന്റെ കണ്മുന്നിൽ വച്ച് ഒലിച്ചുപോയി. ഇന്ന് ഇക്കാണുന്ന ഞാനാകാൻ എത്ര രാവും പകലും ഞാൻ അദ്ധ്വാനിച്ചതാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടിലെത്തിയ ഞാൻ ആദ്യം ചെയ്തത് എന്റെയും എന്റെ അനുജത്തിമാരുടെയും തിരിച്ചറിയൽ രേഖകളും ഡിപ്ലോമകളുടെ സർട്ടിഫിക്കറ്റുകളും മറ്റും ഒളിപ്പിച്ചുവയ്ക്കുക എന്നതായിരുന്നു. ഞങ്ങൾക്ക് ഞങ്ങളായി ഇനി അഫ്ഗാനിസ്ഥാനിൽ തുടരാൻ കഴിയില്ല” – പേര് വെളിപ്പെടുത്താത്ത ഒരു അഫ്ഗാനി പെൺകുട്ടിയുടെ കരളുരുക്കുന്ന വാക്കുകളാണിത്.

ഇതിനു മുൻപ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നപ്പോൾ പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസം, സ്ത്രീ സ്വാതന്ത്ര്യം, കൈറ്റ് ഫ്ലയിങ്, മേക്ക് അപ്പ്, സംഗീതം, സിനിമകൾ തുടങ്ങി നിരവധി കാര്യങ്ങൾ നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിൽ 1990 -നു മുൻപ് ‘ശേഷം’ എന്ന ഒരു അദ്ധ്യായം ഉണ്ടായിരുന്നു. ദേശീയവികസനത്തിന് സ്ത്രീകളുടെ സംഭാവന 90 -കൾക്ക് മുമ്പുണ്ടായിരുന്നു. 1977 -ലെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഉയർന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങളിൽ 15 ശതമാനത്തിലധികം സ്ത്രീകൾ ആയിരുന്നു. 1990 -കളുടെ തുടക്കത്തിൽ 70 ശതമാനം സ്‌കൂൾ അദ്ധ്യാപകരും 50 ശതമാനം സർക്കാർ ജോലിക്കാരും സർവ്വകലാശാല വിദ്യാർത്ഥികളും കാബൂളിലെ ഡോക്ടർമാരിൽ 40 ശതമാനവും സ്ത്രീകളായിരുന്നു. എന്നാൽ, പിന്നീട് അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ, ഇസ്ലാമിക ഭരണകൂടം അവരുടെ ഏറ്റവും കഠിനവും തീവ്രവുമായ ‘പരിഷ്‌കാരങ്ങൾ’ അടിച്ചേൽപ്പിച്ചു. അവർ അധികാരമേറ്റയുടനെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആരംഭിച്ചു. വനിതാ സർവ്വകലാശാലകൾ അടച്ചുപൂട്ടി. എല്ലാ സ്ത്രീകളെയും ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചു. സ്ത്രീകൾക്ക് വൈദ്യസഹായം നൽകുന്നതിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും പുതിയ ഡ്രസ്സ് കോഡുകൾ നടപ്പിൽ വരുത്തുകയും ചെയ്തു.

“എന്നെ സംബന്ധിച്ചിടത്തോളം ബുർഖ ഇപ്പോഴും അടിമത്വത്തിന്റെ അടയാളമാണ്. ഇതിൽ നിങ്ങൾ കൂട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒരു പക്ഷിയെപ്പോലെയാണ്. അത് ധരിക്കുന്നത് ഞാൻ ഒരിക്കൽപ്പോലും സങ്കല്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് എന്റെ ജീവൻ രക്ഷിക്കണമെങ്കിൽ അത് ആവശ്യമായി മാറിയിരിക്കുകയാണ്” – അഫ്ഗാനിസ്ഥാനിൽ നിന്ന് നെഗിൻ എന്ന പെൺകുട്ടി പറയുന്നു.

അഫ്ഗാനിസ്ഥാനിലെ വനിതാ മാധ്യമപ്രവർത്തകരുടെ കാര്യവും വ്യത്യസ്തമല്ല. അവരുടെ വീടുകളിൽ താലിബാൻ പരിശോധന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. “താലിബാൻ ഞങ്ങളെ കണ്ടെത്തിയാൽ തീർച്ചയായും ഞങ്ങളെ കൊല്ലും. അവർ ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാലും ആ ജോലിയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ല. ഇത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് വലിയ സാമ്പത്തിക വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്” – ഒളിവിൽ കഴിയുന്ന ഒരു മാധ്യമപ്രവർത്തകയുടെ വാക്കുകൾ ഇങ്ങനെയാണ്.

നിലവിൽ, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണുള്ളത്. പുറത്തിറങ്ങുന്ന സ്ത്രീകളെ പൊതുവാഹനത്തിലോ, ടാക്സിയിലോ കയറ്റാൻ ആളുകൾ ധൈര്യപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. വർഷങ്ങളായി ചെയ്യുന്ന ജോലിയും ഉണ്ടായിരുന്ന സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് വീടുകളിൽ ഒതുങ്ങിക്കൂടാൻ പോകുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് ഭയം മാത്രമാണ്. ഒന്നുകിൽ നാളെ അവർ കൊല്ലപ്പെടാം, അല്ലെങ്കിൽ ലൈംഗിക അടിമകളായി മാറ്റപ്പെടാം.

വീടുകൾ തോറും കയറിയിറങ്ങി വിവാഹത്തിനായി ചെറുപ്പക്കാരികളെ തിരയുകയാണ് താലിബാൻ അനുയായികൾ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഞായാറാഴ്‌ച രാവിലെ കാബൂളിലെ ഒരു ബ്യൂട്ടിപാർലർ ഉടമ കടയുടെ മുമ്പിലെ സ്ത്രീകളുടെ ചിത്രങ്ങൾ വെള്ള പെയിന്റടിച്ച് മറയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശബ്ദമില്ലാതെ നടക്കണം, ബാൽക്കണിയിൽ നിന്നാൽ അപകടം 

താലിബാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ക്രൂരമായ ശിക്ഷാനടപടികളായിരിക്കും നേരിടേണ്ടി വരിക. സ്ത്രീകൾക്കായി താലിബാൻ കൊണ്ടുവന്ന ചില നിയമങ്ങൾ ഇപ്രകാരമാണ്:

1. നിർബന്ധമായും ബുർഖ ധരിക്കണം. സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്; അഥവാ ഇറങ്ങുകയാണെങ്കിൽ രക്തബന്ധമുള്ള പുരുഷൻ കൂടെയുണ്ടായിരിക്കണം.

2. ഹൈ ഹീൽഡ് ചെരിപ്പുകൾ ധരിക്കരുത്. സ്ത്രീകൾ നടന്നുപോകുന്ന ശബ്ദം കേൾക്കരുത്.

3. സംസാരിക്കുമ്പോൾ സ്ത്രീകളുടെ ശബ്ദം അപരിചിതർ കേൾക്കരുത്.

4. തെരുവുകളിൽ നിന്ന് നോക്കിയാൽ കെട്ടിടങ്ങളിൽ സ്ത്രീകളെ കാണരുത്. ഒന്നാം നിലയിലെയും താഴത്തെ നിലയിലെയും ജനാലകൾ മറച്ചുവയ്ക്കണം.

5. സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നതിനും മാസികകൾ, കടകൾ, വീടുകൾ എന്നിവയിൽ അവ പ്രദർശിപ്പിക്കുന്നതും അനുവദനീയമല്ല.

6. ബാൽക്കണികളിൽ നിൽക്കരുത്.

7. രാജ്യത്തെ സ്ഥലങ്ങളിൽ ‘വനിത’ എന്നർത്ഥം വരുന്ന പേരുകൾ നീക്കം ചെയ്യണം.

8. റേഡിയോ, ടിവി, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കരുത്.

നിയമം ലംഘിക്കുന്ന സ്ത്രീകൾക്കെതിരെ ക്രൂരമായ ശിക്ഷാനടപടികളാണ് താലിബാൻ നടപ്പിൽ വരുത്തിയിട്ടുള്ളത്. പൊതുസ്ഥലത്തു വച്ച് ക്രൂരമായി മർദ്ദിക്കുന്നത് അവരുടെ ഒരു ശിക്ഷാരീതിയാണ്. നെയിൽ പോളിഷ് ഇട്ടതിന് വിരൽ ഛേദിച്ചതും വിവാഹം കഴിച്ചെത്തിയ വീട്ടിലെ ഗാർഹികപീഡനങ്ങൾ സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയുടെ ചെവികളും മൂക്കും അറുത്തെടുത്ത സംഭവവുമെല്ലാം അന്തരാഷ്ട്രശ്രദ്ധ നേടിയതിൽ ചിലതാണ്.

ബലാത്സംഗം ചെയ്യൽ, തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത വിവാഹങ്ങൾ എന്നിവയാണ് താലിബാൻ, സ്ത്രീകളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. 2020 ആഗസ്റ്റിൽ ഒരു കൗമാരക്കാരി, തന്റെ മാതാപിതാക്കളെ വധിച്ച രണ്ട് താലിബാൻ സൈനികരെ വീടിന്റെ മുൻവാതിലുകൾക്കിടയിലൂടെ വെടിവച്ചു കൊന്ന വാർത്ത വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എങ്കിലും ഇതൊക്കെ പ്രതിരോധത്തിന്റെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്.

(വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയാറാക്കിയത്).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.