നീ എന്തിനു സന്യാസിനി ആയി? സിസ്റ്റര്‍ തിയോഡോര ഹാവ്സ്ലെ നല്‍കിയ ഉത്തരം

സന്ന്യാസം നേരെഴുത്ത് - 3

സന്ന്യാസം നേരെഴുത്ത് – 3

“തിയോ, നീ ബുദ്ധിശാലിയാണ്. ചെറുപ്പക്കാരിയായ കത്തോലിക്ക വിശ്വാസി, ഒരു സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്നു, നിങ്ങളുടെ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ നോക്കി ഇങ്ങനെ പോകുന്നു. നീ ഒന്ന് ആലോചിച്ചു നോക്ക്, ഞങ്ങള്‍ക്കൊപ്പം ആണേല്‍ പഠിക്കാനും പഠിപ്പിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ നിന്നെ തേടി വീണ്ടും എത്തും. ജീവിതത്തിന്റെ ഏറ്റവും ക്ലേശമേറിയ ഭാഗം തന്നെ തിരഞ്ഞെടുക്കണോ?” പകുതി തമാശയും എന്നാല്‍ പകുതി ഗൗരവമായും അവര്‍ പറഞ്ഞു.

“ഞാന്‍ ദൈവത്തിന്റെ സന്നിധിയില്‍ അതിലും വലിയ ഒരു സ്വാതന്ത്ര്യത്തിനും ജ്ഞാനത്തിനുമായുള്ള തിരച്ചിലിലാണ്” – തിയോ പുഞ്ചിരിയോടെ മറുപടി നല്‍കി. ഇത് 29-കാരിയായ തിയോഡോര ഹാവ്സ്ലെ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസില്‍ പെട്ട കന്യാസ്ത്രീ. യൗവ്വനത്തിന്റെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് നന്മയുടെ വറ്റാത്ത ഉറവിടമായ നിത്യസ്നേഹത്തിലേക്ക് ചേക്കേറിയ വനിത.

കത്തോലിക വിശ്വാസിയായ അച്ഛനും അമ്മയ്ക്കും ഒപ്പം വളര്‍ന്നതിനാലാവാം, തിയോയും ഒരു വിശ്വാസി ആയിരുന്നു. വിശ്വാസി എന്ന് വെറുതെ പറഞ്ഞാല്‍ പോരാ. നല്ല വിശ്വാസി. എല്ലാ ഞായറാഴ്ചകളിലും അവള്‍ കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലുമൊക്കെ പങ്കെടുക്കുമായിരുന്നു. ശേഷം കത്തോലിക്കാ സ്ഥാപനത്തില്‍ തന്നെ, വിദ്യാഭ്യാസവും നേടി.

തിയോയ്ക്ക് ഒപ്പം അവളുടെ വിശ്വാസവും വളര്‍ന്നു. വിശ്വാസത്തോട് എന്നും ചേര്‍ന്നുനിന്നതിനാലാവാം, ആ വിശ്വാസം പതിയെ അവളെ ആത്മീയതയുടെയും നന്മയുടെയും പാതയിയ്ക്ക് വലിച്ചടുപ്പിക്കാന്‍ ആരംഭിച്ചു. സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ദൈവത്തോടുള്ള ഈ സ്നേഹത്തെക്കുറിച്ച് തിയോ ഗൗരവമായി ആലോചിക്കാന്‍ തുടങ്ങി. കൂടെയുള്ളവരും ഇത്തരത്തില്‍ പക്വതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാവുന്നവരായതിനാല്‍ അത് ഒരു മുതല്‍ക്കൂട്ടായി. പലരും വൈദികരോ, കന്യാസ്ത്രീകളോ, സന്യാസികളോ ഒക്കെ ആകുവാന്‍ തീര്‍ച്ചപ്പെടുത്തി. അതില്‍ പലരും ഇന്ന് ആ സ്ഥാനത്തും, മറ്റുള്ളവര്‍ വിവാഹിതരും ആണ്.

എന്നാല്‍ ആത്മീയജീവിതത്തിലേയ്ക്ക് നടന്നടുക്കുക എന്നത് ഗൗരവമേറിയ ഒരു തീരുമാനം തന്നെയാണ്. സ്നേഹിക്കാന്‍ തീരുമാനിക്കുന്നത് ചെറിയ കാര്യമല്ല. എന്നാൽ, ദിവ്യകാരുണ്യത്തിന്റെ സ്നേഹത്തില്‍ അടിയുറച്ചു വിശ്വസിക്കുക എന്നത് അത്ര നിസാരമല്ല. മറ്റേതൊരു സ്നേഹത്തെയുംകാൾ അല്‍പം നിഗൂഡവുമാണ് ഇത്. കാരണം, ഇത്തരം ഒരു സ്നേഹത്തില്‍ അല്ലെങ്കില്‍ ആത്മീയതയില്‍ വിശ്വസിക്കാത്ത ഒരാളെ സംബന്ധിച്ച്, ഇത് എന്തെന്ന് മനസിലാക്കുവാന്‍ സാധിക്കില്ല.

വിവാഹിതരായ ദമ്പതികളോട് എന്തിനു ഇയാളെ വിവാഹം കഴിച്ചു എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ചില ഗുണങ്ങളും, പരസ്പരമുള്ള ധാരണകളും ഇഷ്ടങ്ങളുമൊക്കെ പറയാന്‍ ഉണ്ടാകും. എന്നാല്‍ ആത്യന്തികമായ കാര്യം അവര്‍ പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് ഉള്ളത് മാത്രമാകും.

അതുപോലെ തന്നെ, ആത്മീയമായ ജീവിതവും ഇത്തരത്തില്‍ ഒരു സ്നേഹത്തില്‍ വാര്‍ത്തെടുക്കുന്ന ജീവിതപാതയാണ്. 2011-ല്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തിയോ അതീവ ഗൗരവമായി തന്നെ ചിന്തിച്ചു. പോസ്റ്റ്‌ ഡോക്ടറല്‍ പഠനത്തിനും ഇനി മൂന്നു വർഷം കൂടിയുണ്ട്. തിയോ ആലോചിച്ചു. ഒന്നുങ്കില്‍ ഈ മൂന്നു വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഒരു അധ്യാപികയായി സേവനം അനുഷ്ടിക്കാം അല്ലെങ്കില്‍  ആത്മീയജീവിതത്തിലേയ്ക്ക് തിരിയാം. അങ്ങനെ മാസങ്ങളോളം ആലോചിച്ചു. ഒടുവില്‍ ഒരു ധാരണയില്‍ എത്തി. ഇപ്പോഴും തനിക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നിയ ആത്മീയതയിലേയ്ക്ക് തന്നെ തിരിയാം.

അങ്ങനെ ആ വർഷം തന്നെ അവര്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസിന്റെ (സി. ജെ) ഡയറക്ടറുമായി സംസാരിച്ചു. 1609-ല്‍ മേരി വാര്‍ഡ്‌ എന്ന ഒരു ഇംഗ്ലീഷ് വനിത ആരംഭിച്ചതാണ് ഈ കോണ്‍ഗ്രിഗേഷന്‍. ആദ്യം വനിതകളുടെ വിദ്യാഭ്യാസത്തിനായി ശ്രദ്ധ നല്‍കിയിരുന്ന കോണ്‍ഗ്രിഗേഷന്‍ ഇന്ന് വിദ്യാഭ്യാസം, ആരോഗ്യം, ബ്രോഡ്കാസ്റ്റിംഗ്, കല തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് കോണ്‍ഗ്രിഗേഷന്‍ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമായി മാറി. മറ്റുള്ള കോണ്‍ഗ്രിഗേഷനുകളെ പോലെ, പ്രത്യേകമായ ഒരു വസ്ത്രധാരണ രീതി ഇവർക്ക് ഇല്ല. സാധാരണക്കാരെപ്പോലെ ജീവിക്കുക. അത്ര തന്നെ. സി. ജെ കന്യാസ്ത്രീകളെ പരിചയപ്പെട്ടപ്പോള്‍ തിയോയ്ക്ക് തന്റെ തീരുമാനം ഉചിതമാണെന്നു തോന്നിത്തുടങ്ങി. തുല്യമായ രീതിയിലാണ് അവിടെ ആളുകള്‍ പരസ്പരം ബഹുമാനിക്കുന്നത്. അവർ ഉത്സാഹവതികളായിരുന്നു. അവര്‍ക്ക് ധൈര്യവും ഭാവനയും ഉണ്ടായിരുന്നു. നല്ല നർമ്മബോധമുള്ള എന്നാല്‍ ആഴമായ പ്രാർത്ഥനയുമുള്ള സ്ത്രീകളായിരുന്നു അവിടെ. അതിന്റെ സ്ഥാപകയുടെ വാക്കുകളെ പോലെ, “നിങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെ തുടരുക,” എന്ന തത്വം സ്വീകരിക്കുന്നവര്‍ ആയിരുന്നു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രം അടിയുറച്ചു വിശ്വസിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ ഒപ്പം കൂടാന്‍ തിയോയ്ക്ക് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.