വിഗാനിലെ പുരാതന കത്തോലിക്കാ ദൈവാലയത്തിന് ഉയർന്ന പൈതൃക പദവി നൽകി ബ്രിട്ടൻ

നിർമ്മാണ വൈവിധ്യം കൊണ്ടും അപൂർവമായ വാസ്തുവിദ്യാ ഭംഗി കൊണ്ടും ശ്രദ്ധേയമായ ഇംഗ്ലണ്ടിലെ വിഗാനിലുള്ള (Wigan) ‘സെന്റ് ഓസ്‌വാൾഡ് ആൻഡ് സെന്റ് എഡ്മണ്ട് ആരോസ്മിത്ത്’ കത്തോലിക്കാ ദൈവാലയത്തിന് യുകെയുടെ ഉയർന്ന പൈതൃക പദവിയായ ‘ഗ്രേഡ് II’ ലഭിച്ചു. ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ ശുപാർശപ്രകാരം യുകെ സാംസ്കാരിക വകുപ്പാണ് (DCMS) ഈ പദവി നൽകിയത്.

ഇംഗ്ലണ്ടിലെ സംരക്ഷിത സ്മാരകങ്ങളിൽ വെറും ആറ് ശതമാനത്തിൽ താഴെ കെട്ടിടങ്ങൾക്ക് മാത്രമാണ് അത്യപൂർവവും സവിശേഷവുമായ ഈ ഗ്രേഡ് II അംഗീകാരം ലഭിച്ചിട്ടുള്ളത്. 1925-നും 1930-നുമിടയിൽ പ്രശസ്ത ആർക്കിടെക്റ്റ് ജെ. സിഡ്നി ബ്രോക്കിൾസ്ബി രൂപകല്പന ചെയ്ത സെന്റ് ഓസ്‌വാൾഡ് ആൻഡ് സെന്റ് എഡ്മണ്ട് ആരോസ്മിത്ത് ദൈവാലയം, ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ക്രൈസ്തവ വാസ്തുവിദ്യയുടെ എടുത്തുപറയേണ്ട സൃഷ്ടികളിൽ ഒന്നാണ്. തെക്കൻ ഫ്രാൻസിലെ റോമനെസ്ക് (Romanesque) ദൈവാലയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിന്റെ നിർമ്മാണം. മാലാഖമാരുടെയും അപൂർവ ജീവികളുടെയും മുഖങ്ങൾ കൊത്തിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച ഭിത്തികളും, തനിമയാർന്ന കോൺ ആകൃതിയിലുള്ള കൽഗോപുരവും ഈ പള്ളിയുടെ സവിശേഷതകളാണ്.

അയർലൻഡിലെ വിഖ്യാത ചിത്രകാരനായ ഹാരി ക്ലാർക്ക് (Harry Clarke) രൂപകല്പന ചെയ്ത വർണ്ണാഭമായ 19 സ്റ്റെയിൻഡ് ഗ്ലാസ് ജനലുകളാണ് ഇവിടെയുള്ളത്. യുകെയിൽ തന്നെ ഹാരി ക്ലാർക്കിന്റെ ഏറ്റവും വലിയ ഗ്ലാസ് ചിത്രശേഖരം ഈ ദൈവാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1628-ൽ രക്തസാക്ഷിത്വം വരിക്കുകയും 1970-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ജെസ്യൂട്ട് വൈദികനായ വിശുദ്ധ എഡ്മണ്ട് ആരോസ്മിത്തിന്റെ വിശുദ്ധ കരങ്ങൾ (Holy Hand) സൂക്ഷിച്ചിരിക്കുന്നതും ഈ ദൈവാലയത്തിലാണ്.

ലഭിച്ച ഈ വലിയ അംഗീകാരത്തിൽ ഇടവക സമൂഹവും വികാരി കാനൻ ജോൺ ഗോർമാനും (Canon John Gorman) സന്തോഷം പ്രകടിപ്പിച്ചു. അടിച്ചമർത്തലുകളുടെയും പ്രത്യാഘാതങ്ങളുടെയും കാലഘട്ടത്തിൽ വിശ്വാസം മുറുകെപ്പിടിക്കുകയും ദൈവമഹത്വത്തിനായി ഇത്തരം മനോഹരമായ ദൈവാലയം പണിയുകയും ചെയ്ത പൂർവികരുടെ വിശ്വാസത്തിന് ലഭിച്ച ആദരവാണിതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.