വിശുദ്ധ യൗസേപ്പിന്റെ മാതാപിതാക്കൾ ആരൊക്കെയായിരുന്നു?

വിശുദ്ധ യൊവാക്കിമും വിശുദ്ധ അന്നയുമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളെന്ന് വ്യക്തമാക്കുമ്പോഴും ആരൊക്കെയായിരുന്നു ഈശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിന്റെ മാതാപിതാക്കൾ എന്ന് ഒരിടത്തും കൃത്യമായി രേഖപ്പെടുത്തുന്നില്ല. അതേസമയം വി. മത്തായിയുടെ സുവിശേഷത്തിൽ (1:16) യാക്കോബിന്റെ മകനായ ജോസഫ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, വി. ലൂക്കായുടെ സുവിശേഷത്തിൽ (3:23) ഹേലിയുടെ പുത്രൻ എന്നാണ് ജോസഫിനെ വിശേഷിപ്പിക്കുന്നത്.

ഇക്കാര്യത്തിൽ, ജിമ്മി അകിൻ എന്ന സഭാവക്താവ് നൽകുന്ന വിശദീകരണം നിരവധി ബൈബിൾ പണ്ഡിതർ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ: രണ്ടാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജൂലിയസ് ആഫ്രിക്കാനസ് പറയുന്നതനുസരിച്ച് ജോസഫിന്റെ മുത്തച്ഛൻ മാഥാൻ വിവാഹം ചെയ്തത് എസ്ത എന്ന യുവതിയെയാണ്. അവർക്ക് യാക്കോബ് എന്ന പുത്രൻ ജനിച്ചു. മാഥാന്റെ മരണശേഷം എസ്ത മെൽക്കി എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവർക്ക് ജനിച്ച പുത്രനാണ് ഹേലി. യാക്കോബും ഹേലിയും അതുവഴി അർദ്ധസഹോദരന്മാരാവുന്നു. ഹേലി, വിവാഹശേഷം കുട്ടികളില്ലാതെ മരിക്കുകയും യാക്കോബ് ഹേലിയുടെ ഭാര്യയെ വിവാഹം ചെയ്യുകയും അവർക്ക് ജോസഫ് ജനിക്കുകയും ചെയ്തു. അങ്ങനെയാണ് യാക്കോബും ഹേലിയും ജോസഫിന്റെ പിതാക്കന്മാരായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.

കുട്ടികളില്ലാതെ ഒരാൾ മരിച്ചാൽ അയാളുടെ ഭാര്യയെ ആ വ്യക്തിയുടെ സഹോദരൻ വിവാഹം ചെയ്യുകയും അവർക്ക് ജനിക്കുന്ന കുഞ്ഞിനെ ആദ്യഭർത്താവിന്റെ മകനായി ദത്തെടുത്ത് വളർത്തുകയും ചെയ്യുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നു. അതുകൊണ്ടാണ് ഹേലിയും യൗസേപ്പിന്റെ പിതാവായി അറിയപ്പെടുന്നത്. അതേസമയം, വിശുദ്ധ യൗസേപ്പിന്റെ അമ്മയുടെ പേര് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഒരിടത്തും നൽകുന്നില്ല. റാഹേൽ ആയിരുന്നു യാക്കോബിന്റെ ഭാര്യ എന്ന് ചില ചരിത്രകാരന്മാർ സൂചന നൽകുന്നു എന്നുമാത്രം. എന്തായാലും മകനെ പരിപൂർണ്ണ വിശുദ്ധിയിൽ വളർത്തിയ മാതാപിതാക്കളായിരുന്നു അവർ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.