അനുഗ്രഹങ്ങളിലേക്ക് കണ്ണു തുറക്കുമ്പോൾ സംഭവിക്കുന്നത്

നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണം നമുക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളിലേക്ക് നോക്കാൻ പലപ്പോഴും നാം മറക്കുന്നതാണ്. ചില ആളുകൾ പറയുന്നതു കേൾക്കാം, ‘അവർക്ക് ദൈവം എല്ലാം നൽകി; ദൈവം എന്റെ പ്രാർത്ഥന ഒന്നും കേൾക്കുന്നില്ല’ എന്നൊക്കെ. ഈ ഒരു പ്രവണത അല്ലെങ്കിൽ താരതമ്യപ്പെടുത്തൽ വളരെ അപകടകരമായ ഒന്നാണ്. അതുവരെ ദൈവം നമ്മുടെ ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങളെ സൗകര്യപൂർവ്വം മറക്കുന്നതിൽ നിന്നാണ് ഇത്തരത്തിലുള്ള പരാതികളും പരിഭവങ്ങളും ഉയരുന്നത്.

ഇത്തരം പരാതികളെയും പരിഭവങ്ങളെയും മറന്ന് ദൈവം നൽകിയ അനുഗ്രഹങ്ങളിലേക്ക് നാം നോക്കാൻ തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നുതുടങ്ങും. ആ മാറ്റങ്ങൾ എന്താണെന്നു നോക്കാം…

1. ദൈവാശ്രയബോധം വർദ്ധിക്കും

നമ്മുടെ ജീവിതത്തിൽ ദൈവം നമുക്ക് ആവശ്യമായ അനുഗ്രഹങ്ങൾ അതാതു സമയങ്ങളിൽ നൽകുന്നുണ്ട്. ഈ അനുഗ്രഹങ്ങളെ നാം തിരിച്ചറിയുമ്പോൾ അല്ലെങ്കിൽ കണ്ടെത്തുമ്പോൾ നാം ദൈവത്തോട് കൂടുതൽ നന്ദിയുള്ളവരാകുകയും നമ്മിൽ ദൈവാശ്രയബോധം വർദ്ധിക്കുകയും ചെയ്യും. ഇത് നമ്മുടെ ആത്മീയജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും എപ്പോഴും ദൈവത്തിന് നന്ദി പറയുന്ന ശീലമുള്ളവരാക്കുകയും ചെയ്യും. ഈ അനുഗ്രഹങ്ങൾ നാം കണ്ടെത്തുന്നില്ലായെങ്കിൽ അത് ആത്മീയമായ മരവിപ്പിലേക്കു മാത്രമേ നമ്മെ നയിക്കുകയുള്ളൂ.

2. ജീവിതത്തിൽ സന്തോഷം നിറയും

പലപ്പോഴും മറ്റുള്ളവരുമായി നമുക്കുള്ളവയെ താരതമ്യപ്പെടുത്തുന്ന ഒരു ദുശീലം നമുക്കിടയിലുണ്ട്. ഇത് അവസാനിപ്പിച്ച്, നമുക്ക് ദൈവം നൽകിയ നന്മകളിലേക്ക് നോക്കാൻ തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ വളരെയേറെ അത്ഭുതങ്ങൾ പ്രവർത്തിച്ച ദൈവത്തെയാവും നാം കണ്ടെത്തുക. അത് നമ്മുടെ കുടുംബജീവിതത്തെയും വ്യക്തിപരമായ ജീവിതത്തെയും സന്തോഷഭരിതവും സംതൃപ്തവുമാക്കിത്തീർക്കും. എനിക്ക് ഒന്നും ഇല്ലല്ലോ എന്ന പരിഭവത്തിൽ നിന്ന് ഇത്രയേറെ അനുഗ്രഹം ദൈവം നൽകിയല്ലോ എന്ന മനോഭാവത്തിലേക്കുള്ള യാത്ര നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതം സന്തുഷ്ടമാക്കും.

3. മറ്റുള്ളവരെപ്പോലെ ആകുന്നതിനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കും

നമുക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള അവബോധം, മറ്റുള്ളവരെപ്പോലെ ആകുന്നതിനും അവർക്കൊപ്പം എത്തുന്നതിനുമുള്ള ഓട്ടം ഇല്ലാതാകും. അത് കുടുംബജീവിതത്തിൽ സമാധാനം നിറക്കും. സ്നേഹം കൊണ്ടുവരും.

4. അനാവശ്യ ആകുലതകൾ ഇല്ലാതാക്കും

അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ നമ്മെ എപ്പോഴും പ്രത്യാശയിലേക്കാണ് നയിക്കുന്നത്. നാളെ എന്ത് എന്ന ആകുലതയെ ഇല്ലാതാക്കാൻ ഈ അവബോധത്തിനു കഴിയും. ഇതുവരെ വഴി നടത്തിയ ദൈവം ഇനിയും നമ്മുടെ കരം പിടിക്കും എന്ന വിശ്വാസം, അനുഗ്രഹങ്ങളിലേക്കു നോക്കുമ്പോൾ നമ്മിലുണ്ടാകും. അത് നമ്മെ ആകുലതകളിൽ നിന്നു മോചിപ്പിക്കും. അതിനാൽ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളിലേക്ക് നമുക്ക് കണ്ണു തുറക്കാം…

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.