മാതാപിതാക്കള്‍ കുട്ടികളുടെ കൂട്ടുകാരാകുമ്പോള്‍ 

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവരുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. കുട്ടികള്‍ ആദ്യമായി കാണുന്നതും ഇടപെടുന്നതും അവരുടെ മാതാപിതാക്കളോടാണ്. അതിനാല്‍ തന്നെ മക്കളുടെ സുഹൃത്തുക്കളായി രൂപാന്തരപ്പെടുക എന്നത് ഒരു ആവശ്യഘടകമാണ്. അവരുടെ ദു:ഖങ്ങളിലും സന്തോഷങ്ങളിലും കുറ്റങ്ങളിലും കുറവുകളിലുമെല്ലാം സ്നേഹത്തോടെ അവരെ കേള്‍ക്കുന്നവരായി കൂടെ നില്‍ക്കുന്നവരാകുക എന്നതാണ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.

ഏതൊരു മാതാവും പിതാവും തങ്ങളുടെ കുട്ടികളുടെ ആത്മീയവും ഭൗതികവുമായ മേഖലകളിലെ വിജയത്തില്‍ ശ്രദ്ധയൂന്നേണ്ടത് വളരെ അത്യാവശ്യമാണ്. ഒരുമിച്ചിരുത്തി പ്രാര്‍ത്ഥിപ്പിക്കാന്‍ കാണിക്കുന്ന അതേ മനോഭാവം തന്നെ കുട്ടികളുടെ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ കേള്‍ക്കുന്നതിലും അറിയുന്നതിലും കാണിക്കണം. അവരുടെ പരാജയങ്ങള്‍ ഒരു കാരണവശാലും പെരുപ്പിച്ചു കാണിക്കാന്‍ പാടില്ല. പരാജയങ്ങള്‍ ജീവിതത്തില്‍ സാധാരണമാണെന്നും അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കണം. കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയും നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുകയും വേണം.

കുട്ടികളെ അഭിനന്ദിക്കുകയാണെങ്കില്‍ അത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കണം. അപ്പോള്‍ കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ഉത്സാഹഭരിതരാകും. കൂടെ ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും അവരില്‍ സന്തോഷം നിറയ്ക്കും. അതുപോലെ തന്നെ തെറ്റ് ചെയ്യുമ്പോള്‍ കുട്ടികളെ ശിക്ഷിക്കുന്നതിനോടൊപ്പം തന്നെ അവരെ ചേര്‍ത്തുനിര്‍ത്തി എന്തിനാണ് ശിക്ഷിച്ചതെന്നും പറഞ്ഞുകൊടുക്കുക. ഒപ്പം കുട്ടികള്‍ക്ക് പറയാനുള്ളത് എന്താണെന്നു കൂടി കേള്‍ക്കാനും തയ്യാറാകണം. അപ്പോള്‍ കുട്ടികള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടാവുകയും മാതാപിതാക്കളുടെ സാന്നിധ്യം അവര്‍ കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യും.

മറ്റൊന്ന്, കുട്ടികള്‍ പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അവര്‍ ചെയ്യുന്നത് അപ്രധാനമെന്നു നിങ്ങള്‍ക്കു തോന്നിയാലും അനുഭാവപൂര്‍വ്വം അവയെ പരിഗണിക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകയും വേണം. കുട്ടികള്‍ പുതിയ കാര്യങ്ങളുമായി ഇറങ്ങുമ്പോള്‍ അവരെ പ്രാര്‍ത്ഥിപ്പിക്കുന്നതും ഒരു നല്ല ശീലമാണ്. ഇത് കുട്ടികളില്‍ ഒരു ശുഭപ്രതീക്ഷ വളര്‍ത്തുന്നതിനും ദൈവചിന്തയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും സഹായിക്കും. നിങ്ങള്‍ കുട്ടിയുടെ നല്ല സുഹൃത്താകുക. ഇതു കുട്ടിക്ക് വൈകാരികപിന്തുണ നല്‍കും. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.