മരിച്ച കുട്ടിയെ ദൈവം ഉയിർപ്പിച്ചപ്പോൾ – മിഷൻ അനുഭവം 

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

കോരിച്ചൊരിയുന്ന മഴയുള്ള ഒരു ഇരുണ്ട രാത്രി. പെരുമ്പറ കൊട്ടുന്നതു പോലെയുള്ള ഇടിമുഴക്കം. എല്ലാ മരങ്ങളെയും ചുറ്റിവരിഞ്ഞ് ഉച്ചത്തില്‍ അലറുന്ന പോലെയുള്ള അതിശക്തമായ കാറ്റ്. ഭീകരപ്പെടുത്തുന്ന ആ രാത്രിയില്‍ ഏകദേശം 2 മണിയോടു കൂടി ആരോ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടമാത്രയില്‍ ഞങ്ങള്‍ ഉണര്‍ന്നു. കാര്യമന്വേഷിച്ചപ്പോള്‍ മനസ്സിലായി, സീരിയസ്സായ ഒരു ഡെലിവറി കേസ്. രാവിലെ മുതല്‍ രാത്രി വരെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയ സ്ത്രീ. ഓപ്പറേഷന്‍ വേണം ജീവന്‍ രക്ഷിക്കാന്‍ എന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ ഭയപ്പെട്ടുകൊണ്ട് ആ സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു. രാത്രിയില്‍ അബോധാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയെ രക്ഷിക്കാനായാണ് അവര്‍ ഞങ്ങളുടെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരിക്കുന്നത്. കുട്ടി വയറ്റില്‍ കിടന്നു മരിച്ചു എന്ന് സര്‍ക്കാര്‍ ഹോസ്പിറ്റലുകാര്‍ വിധിയെഴുതിയതാണ്. യാതൊരു പ്രതീക്ഷയുമില്ലാതെയിരുന്ന ഈ കേസിനെ ഞങ്ങള്‍ ദൈവശക്തിയില്‍ ആശ്രയിച്ചുകൊണ്ട് സ്ത്രീയെ വിശദമായി പരിശോധിച്ചു. പരിശോധനയില്‍ ഞങ്ങള്‍ക്ക് മനസ്സിലായി, ശ്രദ്ധയില്ലാത്ത ഹോസ്പിറ്റലുകാരുടെ കൈകാര്യം ചെയ്യല്‍ സ്ത്രീയെ അപകടസ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.

ദൈവത്തിലാശ്രയം വെച്ചുകൊണ്ട് കേസ്സെടുത്തു. ആ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മിടുക്കിയായ ഞങ്ങളുടെ ഡോക്ടര്‍ സിസ്റ്റര്‍ തന്റെ സര്‍വ്വ കഴിവുകളും ഉപയോഗിച്ച് ഞങ്ങളുടെയൊക്കെ സഹായത്താല്‍ വളരെ ബുദ്ധിമുട്ടിയാണെങ്കിലും, വളരെ വിജയപ്രദമായി കേസിനെ കൈകാര്യം ചെയ്തു. മരിച്ച കുട്ടിയായതു കൊണ്ട് ദൂരെ മാറ്റിവച്ച് അമ്മയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ പാടുപെടുകയായിരുന്നു. എല്ലാം കഴിഞ്ഞ് കുട്ടിയെ മറവുചെയ്യാന്‍ കൊടുക്കുന്നതിനുവേണ്ടി തുണികൊണ്ട് കുട്ടിയെ പൊതിയാന്‍ ആരംഭിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആരോ പറയുന്നതുപോലെ; കുട്ടിയ്ക്ക് ഓക്‌സിജന്‍ കൊടുത്ത് ശ്വസിക്കാന്‍ സഹായിക്കൂ. ഉടന്‍തന്നെ കുട്ടിയെ ഞാന്‍ തലകീഴായി പിടിച്ച് കുറച്ചുനേരം പുറത്ത് ശക്തമായി അടിച്ചപ്പോള്‍ കുട്ടി ഒരു നീണ്ട ശ്വാസമെടുത്തു. അല്‍പ്പനേരംകൂടി ഇത് തുടര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്തവിധം വലിയൊരത്ഭുതം ഞാന്‍ കാണുകയാണ്. കുട്ടി ഉറക്കെ കരയുന്നത്. എന്റെ മിഷനറി ജീവിതത്തില്‍ ഈശോയെ നേരില്‍ കണ്ടനുഭവിച്ച നിമിഷം. ആനന്ദംകൊണ്ടും ആ കുഞ്ഞില്‍ ഈശോയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ടും കുഞ്ഞിന്‍റെ മൃദുലമായ കവിളില്‍ ചുംബനം നല്‍കി. ഈശോ സ്‌നേഹമാണ്, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം.

നമ്മെ പൂര്‍ണ്ണമായും ഈശോയ്ക്ക് വിട്ടുകൊടുക്കുമ്പോള്‍ ഈശോ നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതമായി മാറുന്നു. ആരാരും സഹായിക്കാനില്ലാത്ത മിഷന്‍ പ്രദേശങ്ങളിലെ മക്കളെ നാം ദൈവമക്കളായി കാണുമ്പോള്‍, സ്വന്തം സഹോദരരായി കാണുമ്പോള്‍ നമ്മുടെ ക്രിസ്തീയജീവിതം ഫലം ചൂടുന്നു. നമ്മുടെ ക്രിസ്തീയജീവിതം വെറും ഒരു ആദര്‍ശമായി നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കേണ്ട ഒന്നല്ല,  മറിച്ച് അത് നാം ജീവിച്ചുതീര്‍ക്കേണ്ട ഒന്നാണ്. നമ്മുടെ ജീവിതത്തിന് നാം വില കൊടുക്കുമ്പോള്‍, വിലയുള്ളവ ദൈവം നമ്മുടെ ജീവിതത്തില്‍ പ്രദാനം ചെയ്യും.

നാമൊക്കെ വലിയ ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരുമായി ജീവിതങ്ങളെ ഒതുക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, മറുവശത്ത് ഒരു സഹായവും, സ്‌നേഹവും ലഭിക്കാത്ത ഒരു വലിയ ജനത നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്നു. നമ്മുടെ സുഖലോലുപതയില്‍ നിന്നും ഉണര്‍ന്നുകൊണ്ട് നമ്മുടെ ജീവിതത്തെ ഈശോയ്ക്ക് സമര്‍പ്പിക്കാം. കഴിയുമെങ്കില്‍ ഒരു നല്ല വൈദികനോ, സമര്‍പ്പിതയോ ആയി നമ്മുടെ ജീവിതങ്ങളെ മിഷന്‍ പ്രദേശങ്ങളിലേയ്ക്കായി സമര്‍പ്പിക്കാം. അങ്ങനെ നമുക്ക് അനേകം മക്കളുടെ ആത്മീയ മാതാപിതാക്കളാകാം. ഈ ഭൂമിയില്‍ ദൈവികരാജ്യം വികസിപ്പിക്കാന്‍ നമുക്ക് അണിചേരാം. അങ്ങനെ നമുക്കാഹ്ലാദിച്ച് ആനന്ദിക്കാം. നമ്മുടെ ജീവിതങ്ങള്‍ നന്മകളുടെ ഒരു ഉത്സവമായി തീരട്ടെ. ക്രിസ്തുവിന്റെ മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പൂവണിയട്ടെ. യേശുവിന്റെ മൂല്യങ്ങള്‍ നിറഞ്ഞ തിരിച്ചറിയല്‍ കാര്‍ഡായി നമ്മുടെ ജീവിതങ്ങള്‍ തീരട്ടെ. അങ്ങനെ നമുക്ക് മറ്റൊരു ക്രിസ്തുവായി മാറാം.

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.