മറ്റുള്ളവര്‍ പ്രശംസിക്കുമ്പോള്‍ ചെയ്യേണ്ടത് 

പ്രശംസ. അത് നല്ലതും നന്മയും ചെയ്യുന്നവര്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് കുതിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ട ഒന്നാണ്. പ്രശംസകള്‍ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുക ഒരു ഭാഗ്യമാണ് എന്ന് കരുതുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത് തന്നെ.

എന്നാല്‍ പലര്‍ക്കും പ്രശംസ എങ്ങനെ സ്വീകരിക്കണം എന്ന് അറിയില്ല. ചിലര്‍ തങ്ങള്‍ക്കു ലഭിക്കുന്ന പ്രശംസകള്‍ നിരാകരിക്കും. മറ്റുചിലര്‍ അത് സ്വയം പുകഴ്ത്തലിന്റെ അവസരങ്ങളായി മാറ്റും. മറ്റുള്ളവര്‍ പ്രശംസിക്കുമ്പോള്‍ അവയെ എങ്ങനെ സ്വീകരിക്കാം എന്നതിനായുള്ള  ചില  നിര്‍ദ്ദേശങ്ങള്‍ ഇതാ :

1. പ്രശംസകള്‍ വിനയപൂര്‍വം സ്വീകരിക്കാം 

പ്രശംസകള്‍ സ്വീകരിക്കുമ്പോള്‍ വിനയത്തോടെ സ്വീകരിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. അഭിനന്ദിക്കുന്നവര്‍ക്കു മുന്നില്‍ വിനയത്തോടെ നില്‍ക്കുന്നവരുടെ ആഢ്യത്വം വര്‍ധിക്കുന്നു. എല്ലാ അംഗീകാരങ്ങളും ദൈവം തന്നതാണെന്നു വിശ്വസിക്കുമ്പോള്‍ വിനീതമാകുവാന്‍ കഴിയും.

2. സ്വയം പുകഴ്ത്താതിരിക്കാം

ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് സ്വയം പുകഴ്ത്താതെ ഇരിക്കാം. അങ്ങനെ പറയുമ്പോള്‍ നിങ്ങളോടുള്ള ബഹുമാനം കുറയുകയും അത് പുങ്കന്‍, സ്വയം പൊക്കി എന്നീ വിശേഷണങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.

3. അഹങ്കരിക്കാതിരിക്കാം

ഓരോ അംഗീകാരവും പ്രശംസയും ദൈവം നമ്മിലേക്ക് എത്തിക്കുന്നത് നാം കൂടുതല്‍ എളിമ ഉള്ളവരായി മാറുവാനാണ് എന്ന് ഓര്‍ക്കുക. പ്രശംസകള്‍ ലഭിക്കുമ്പോഴും വന്ന വഴി മറക്കാതിരിക്കുക. ആവശ്യക്കാരെ മാനിക്കുകയും അവര്‍ക്കായി കരുതലിന്റെ കരം നല്‍കുകയും ചെയ്യാം.

4. മറ്റുള്ളവരെയും പ്രശംസിക്കാം

ഞാന്‍ വലിയ ആളാണ്, എനിക്കുമാത്രമേ ഇതൊക്കെ ചെയ്യാന്‍ കഴിയൂ എന്ന ചിന്തകള്‍ വെടിയാം. നിങ്ങളെ പ്രശംസിക്കുന്നവരിലെ നല്ല ഗുണങ്ങള്‍ തിരിച്ചറിയുകയും അതിന്റെ പേരില്‍ അവര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കുകയും ചെയ്യാം. അത് അവരെക്കൂടെ നാം മാനിക്കുന്നു എന്നും അവരുടെ വ്യക്തിത്വത്തെ നാം ശ്രദ്ധിക്കുന്നു എന്നതിന്റെയും തെളിവാണ്.

5. നന്ദി പറയാം 

അഭിനന്ദനങ്ങള്‍, ആശംസകള്‍, പ്രശംസകള്‍ എന്നിവ ചൊരിയുന്നവര്‍ക്ക് ഇപ്പോഴും നന്ദി പറയുവാന്‍ ശ്രമിക്കുന്നത് നല്ല ശീലമാണ്.  അത് നമ്മിലെ താഴ്മയെ വെളിപ്പെടുത്തുന്നു.

6. എല്ലാം ദൈവത്തില്‍ നിന്ന് വന്നു എന്ന് തിരിച്ചറിയുക 

ഞാന്‍ എന്തായിരുന്നു എന്നും എവിടെ നിന്ന് വന്നു എന്നും ദൈവം അനുവദിക്കാതെ തന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല  എന്നും തിരിച്ചറിയുക. ആ ദൈവത്തിന്  നന്ദി പറയുക. ലഭിക്കുന്ന വിജയങ്ങള്‍, അംഗീകാരങ്ങള്‍ എല്ലാം ദൈവത്തിനു സമര്‍പ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.