എന്താണ് കുമ്പസാരം? വിശുദ്ധര്‍ നല്‍കുന്ന ഉത്തരം 

എന്താണ് കുമ്പസാരം എന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരം കാണും. കുമ്പസാരം എന്താണെന്നു വ്യക്തമായി അറിയാത്തവര്‍ പോലും കുമ്പസാരത്തെ വികലമായി ചിത്രീകരിക്കുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുക. ഹാസ്യവേദികളിലേയ്ക്ക് പോലും ക്രൈസ്തവരുടെ പാവനമായ ഈ കൂദാശ വലിച്ചിഴയ്ക്കപ്പെടുന്നു. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍വേണ്ടി യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത തരത്തില്‍ സത്യങ്ങളെ വളച്ചൊടിക്കുന്നവരുടെ ലോകത്തില്‍ എന്താണ് കുമ്പസാരം എന്ന് ക്രൈസ്തവരും അക്രൈസ്തവരും അറിഞ്ഞിരിക്കുക നല്ലതാണ്.

യഥാര്‍ത്ഥമായ കുമ്പസാരം എന്താണെന്നുള്ള ചോദ്യത്തിന് ജീവിതം പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ച, കൂദാശ അതിന്റെ പവിത്രതയോടുകൂടി സ്വീകരിച്ച വിശുദ്ധര്‍ നല്‍കുന്ന ഉത്തരങ്ങളിലൂടെ നമുക്കും കടന്നു പോകാം:

1 . വിശുദ്ധ അഗസ്റ്റിന്‍

വിശുദ്ധ അഗസ്റ്റിന്‍ കുമ്പസാരത്തെ വിശേഷിപ്പിക്കുന്നത് നല്ല പ്രവര്‍ത്തികളുടെ തുടക്കം എന്നാണ്. അദ്ദേഹം പറയുന്നു ‘നന്മയുടെ പ്രവര്‍ത്തികള്‍ ഏറ്റുപറഞ്ഞ് നന്മയുടെ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതാണ് കുമ്പസാരം.

2 . വിശുദ്ധ ഡോണ്‍ ബോസ്‌കോ 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയങ്കരനായ വിശുദ്ധനാണ് ഡോണ്‍ബോസ്‌കോ. സ്വര്‍ഗ്ഗ കവാടത്തിലേക്കുള്ള താഴായിട്ടാണ് അദ്ദേഹം കുമ്പസാരത്തെ വിശേഷിപ്പിക്കുന്നത്. ‘നിങ്ങള്‍ക്ക് ഒരു വിശുദ്ധന്‍/വിശുദ്ധ ആകണോ? അതിനുള്ള രഹസ്യം ഇവിടെ ഉണ്ട്. കുമ്പസാരം വിശുദ്ധനാകുവാനുള്ള മാര്‍ഗ്ഗത്തിന്റെ താഴാണ്. കുമ്പസാരക്കാരനിലുള്ള വിശ്വാസം താക്കോലും. എങ്ങനെ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നിങ്ങള്‍ക്ക് തുറക്കുവാനാകും’ വിശുദ്ധ ഡോണ്‍ബോസ്‌കോ പറയുന്നു.

3 . ഫോളിഗ്‌നോയിലെ വിശുദ്ധ ആഞ്ചെല

ഫോളിഗ്‌നോയിലെ വിശുദ്ധ ആഞ്ചെല ശരീരത്തിന്റെയും മനസിന്റെയും ശുചീകരണമായാണ് വിശുദ്ധ കുമ്പസാരത്തെ കാണുന്നത്. ‘നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുക. പാപം എന്താണെന്നു ബോധ്യപ്പെട്ട്,  അനുതപിക്കുക. ഈ കുമ്പസാരത്തിലൂടെ ഹൃദയവും ആത്മാവും പൂര്‍ണ്ണമായും ശുദ്ധിയാക്കപ്പെടും.’ വിശുദ്ധ പറയുന്നു.

4 .  വിശുദ്ധ എലിസബത്ത് ആന്‍ സ്റ്റോണ്‍

കുമ്പസാരം എന്ന കൂദാശയുടെ മഹത്വം ദര്‍ശിച്ച വിശുദ്ധയാണ് എലിസബത്ത് ആന്‍ സ്റ്റോണ്‍. കുമ്പസാര അനുഭവത്തെകുറിച്ച് വിശുദ്ധ പറയുന്നത് ഇങ്ങനെയാണ് ‘ആ കുമ്പസാരക്കൂട്ടില്‍ ഞാന്‍ നമ്മുടെ ദൈവത്തെ കണ്ടു. സ്വര്‍ഗ്ഗീയ ദൂതന്റെ, വിശുദ്ധ പത്രോസിന്റെ സ്പര്‍ശനത്താല്‍ എന്നില്‍ നിന്ന് ഒരു ചങ്ങല അഴിഞ്ഞു വീഴുന്നത് പോലെ എനിക്ക് തോന്നി.’

5 . വിശുദ്ധ ജോസ്മരിയ സ്‌ക്രിവാ

കുമ്പസാരം തരുന്ന ആത്മീയ ആനന്ദത്തെ കുറിച്ച് വാചാലയാകുന്ന വിശുദ്ധയാണ് വിശുദ്ധ ജോസ്മരിയ സ്‌ക്രിവാ. ‘നിങ്ങളുടെ ഉള്ളില്‍ ഒരു വൃത്തികെട്ട ആള്‍ ഉണ്ടെങ്കില്‍ മകനെ, അത് പുറത്തു കളയുക. ഞാന്‍ നിങ്ങളോടു പറയുന്നത് പോലെ മറ്റാരും അറിയരുതെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നവ ആദ്യം സൂചിപ്പിക്കുക. കുമ്പസാരത്തിലൂടെ നിങ്ങളുടെ ഉള്ളിലെ ആ വൃത്തികെട്ട മനുഷ്യനെ പുറത്താക്കി കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു വലിയ സന്തോഷം നമുക്ക് അനുഭവപ്പെടും’ എന്ന് വിശുദ്ധ പറയുന്നു.