വലിയ നോമ്പിനായി ഒരുങ്ങാന്‍ ഞാന്‍ എന്ത് ചെയ്യണം?

ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിനായി ഒരുങ്ങുകയാണ് നാം. നോമ്പുകാലം. നോമ്പുകാലം നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും സമയമാണ്. ഈ നോമ്പിനായി നാം എങ്ങനെയാണു ഒരുങ്ങേണ്ടത്? പലരും അത് ആലോചിക്കുന്നത് വിഭൂതി തിരുനാള്‍ ദിനത്തിലാണ്. അതായത് നോമ്പ് തുടങ്ങുന്ന ദിവസം. എന്നാല്‍ നോമ്പ് തുടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പേ നമുക്ക് ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ അത് കൂടുതല്‍ ഫലപ്രദമായിരിക്കും. അതിനു സഹായിക്കുന്ന ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. തീരുമാനങ്ങള്‍ എടുക്കാം

നോമ്പ് തുടങ്ങുന്നതിനു മുന്‍പ് ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കുക എന്നതാണ്. അത് ഒറ്റ ദിവസം കൊണ്ട് സാധിക്കില്ല. അതിനാല്‍ തന്നെയാണ് രണ്ടു ദിവസം മുന്നേ നോമ്പ് ഒരുക്കം തുടങ്ങണം എന്ന് പറയുന്നത്. കൂടാതെ നോമ്പില്‍ നാം സമര്‍പ്പിക്കുന്ന നിയോഗങ്ങള്‍, വര്‍ജ്ജിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയും തീരുമാനിക്കാം.

2. ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം

നോമ്പുകാലം ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്. അതിനാല്‍ തന്നെ കൂടുതല്‍ സമയം പ്രാര്‍ഥനയ്ക്കും ദൈവത്തോടൊപ്പം ആയിരിക്കുവാനും ശ്രമിക്കാം. അതിനര്‍ത്ഥം എപ്പോഴും പ്രാര്‍ത്ഥിക്കുക എന്നല്ല. മറിച്ചു നമ്മുടെ പ്രവര്‍ത്തികളെ പ്രാര്‍ഥനയാക്കി മാറ്റുക എന്നാണ്. കഴിയും ദിവസങ്ങളില്‍ എല്ലാം പള്ളിയില്‍ പോകാന്‍ ശ്രമിക്കാം. ഒപ്പം ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന കാഴ്ചകള്‍, കേള്‍വികള്‍, സംസാരങ്ങള്‍ തുടങ്ങിയവയ്ക്കും വിലക്കിടാം.

3. വിചിന്തനം ചെയ്യാം

ഈ നോമ്പുകാലം ദൈവം എന്നോട് എന്താണ് ആവശ്യപ്പെടുക? ഈ ഒരു ചിന്തയില്‍ നിന്നാകണം നമ്മുടെ നോമ്പ് ഒരുക്കം ആരംഭിക്കേണ്ടത്. അപ്പോള്‍ നാം കൂടുതല്‍ ജാഗ്രതയുള്ളവരായി മാറും. കൂടാതെ നമ്മുടെ ഒപ്പം ഉള്ള ദൈവത്തെ കണ്ടെത്തുന്നതിനായി നാം സമയം ചിലവിടുമ്പോള്‍
ദൈവവും നമുക്ക് ഒപ്പം ആയിരിക്കും.

4. നോമ്പ് കൂട്ടായ്മയുടെ അനുഭവം

നോമ്പ് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാനുള്ളതല്ല. മറിച്ച് ഒരു സമൂഹമായി മുന്നേറാനുള്ള ആഹ്വാനമാണ് നോമ്പ് പകര്‍ന്നു നല്‍കുക. മാതാപിതാക്കളെയും മക്കളെയും സഹോദരങ്ങളെയും അയല്‍ക്കാരെയും ഒക്കെ കൂട്ടി ഉത്ഥിതനിലേയ്ക്ക് നാം നടത്തുന്ന തീര്‍ത്ഥാടനമാണ് നോമ്പ്. അതിനാല്‍ ആത്മീയമായ ഒരുക്കത്തിലേയ്ക്ക് മറ്റുള്ളവരെ കൂടെ കൊണ്ടുവരാന്‍ ശ്രമിക്കാം.

5. തയ്യാറെടുക്കാം

നോമ്പ്, അതുവരെ നാം പഠിച്ച ദൈവ സ്‌നേഹവും കരുണയും ഒക്കെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ട അവസരമാണ്. അതായത് പഠിച്ചവ പ്രാവര്‍ത്തികമാക്കുന്ന കാലഘട്ടം. അതിനാല്‍ നമുക്ക് നമ്മെ തന്നെ സജ്ജരാക്കാം. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുവാനും അവരുടെ ആവശ്യങ്ങള്‍ക്കായി ഓടുവാനും ദൈവം നമ്മെയും ക്ഷണിക്കുന്ന സമയമാണ് ഇത്. ഈ ഒരു ബോധ്യം നമ്മുടെ ഉള്ളില്‍ ഉണ്ടാകണം. അപ്പോള്‍ നമുക്കും നമ്മുടെ നോമ്പ് വിജയകരമാക്കുവാനും ഉത്ഥിതനെ ദര്‍ശിക്കുവാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.