പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള മാർഗ്ഗങ്ങൾ

പ്രലോഭനങ്ങൾ എന്തുമാകട്ടെ, അവയെ അതിജീവിക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. പ്രലോഭനങ്ങളെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാസ്തവത്തിൽ, ചില കാര്യങ്ങളോട് ‘നോ’ എന്ന് പറയണമെങ്കിൽ അതിന് ആത്മീയകരുത്ത് ആവശ്യമാണ്. ആത്മീയശക്തിയില്ലെങ്കിൽ, പ്രലോഭനങ്ങളിൽ ചെന്നുവീഴാൻ എളുപ്പമാണ്. ആത്മീയവിജയത്തിലേയ്ക്ക് നമ്മെ നയിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ ഏവയെന്ന് നമുക്ക് പരിശോധിക്കാം.

നാം ഒരു പ്രലോഭനത്തിൽ അകപ്പെട്ടെന്നു മനസ്സിലായാൽ, ആരംഭത്തിൽ തന്നെ ദൈവത്തിലേയ്ക്ക് തിരിയുക എന്നതാണ് ആദ്യത്തെ പ്രതിവിധി. അപകടകരമായ ഒരു വസ്തു മുമ്പിൽ വന്നുനിൽക്കുന്നതുപോലെ അവയോട് പെരുമാറുക. ഒരു കുഞ്ഞ് അപകടത്തിന്റേതായ ഒരു സാഹചര്യത്തില്‍ വരുമ്പോൾ ചെയ്യുന്നത് എന്താണ്? അപ്പൻെറയും അമ്മയുടെയും സംരക്ഷണത്തിനായി ഓടുന്നു, അല്ലെങ്കിൽ സഹായത്തിനായി നിലവിളിക്കുന്നു. അതുപോലെ, പ്രലോഭനത്തിന്റെ അവസരങ്ങളില്‍ ദൈവത്തോട് സഹായവും അനുകമ്പയും വിളിച്ചപേക്ഷിക്കുക. നമ്മുടെ കർത്താവ് തന്നെ നമ്മെ പഠിപ്പിച്ച പരിഹാരമാണിത്: “നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുക.” അതിന് ഫലമുണ്ടാകാത്തപ്പോൾ, യേശുവിന്റെ ക്രൂശിലേയ്ക്ക് തിരിയുക. നിങ്ങളുടെ ശ്രദ്ധ മറ്റൊന്നിലേയ്ക്ക് തിരിച്ചുവിടാൻ മനസ്സിലും ആത്മാവിലും പ്രലോഭനത്തിൽ നിന്ന് അകന്നുപോകുക.

എന്നിരുന്നാലും, പ്രലോഭനം തുടരുകയോ വർദ്ധിക്കുകയോ ചെയ്താൽ വിശുദ്ധ കുരിശിനെ മാത്രം ആശ്രയിക്കുക. ക്രൂശിക്കപ്പെട്ട യേശുക്രിസ്തു യഥാർത്ഥത്തിൽ ഉണ്ടെന്ന് അനുഭവിച്ചറിയുക. പ്രലോഭനത്തിനെതിരെ ഉറച്ച പ്രതിഷേധം നടത്തുക. അതിജീവിക്കുവാൻ കുരിശിന്റെ സഹായം ചോദിക്കുക. പ്രലോഭനങ്ങളിൽ നിങ്ങളുടെ കണ്ണുകൾ ഉറപ്പിക്കരുത്. കർത്താവിനെ മാത്രം നോക്കുക. കാരണം, നമ്മുടെ ധൈര്യം ചോർന്നുപോയാലും ശരിയായ മാർഗ്ഗങ്ങളിൽക്കൂടി നിങ്ങളുടെ മനസ്സിനെ വഴിതിരിച്ചുവിടുക. കാരണം, നല്ല ചിന്തകൾ മനസ്സിൽ കടന്നുവരുമ്പോൾ അത് പ്രലോഭനചിന്തകളെയും ദുഷിച്ച ഭാവനകളെയും അകറ്റിക്കളയും.

പ്രലോഭനത്തിനെതിരെ പോരാടുന്നതിനുള്ള മറ്റൊരു പ്രതിവിധി ആന്തരികസമ്മർദ്ദം വിശ്വസ്തനായ ഒരു സുഹൃത്തിനോടോ ആത്മീയ ഉപദേശകനോടോ വെളിപ്പെടുത്തുക എന്നതാണ്. കാരണം, പക്വതയുള്ള നല്ല സുഹൃത്തുക്കൾക്ക് നമ്മെ ഉത്തരവാദിത്വത്തോടെ നിലനിർത്താനും ആവശ്യമുള്ള സമയത്ത് നമ്മെ പിന്തുണയ്ക്കാനും കഴിയും. വലുതോ ചെറുതോ ആയ എല്ലാത്തരം പ്രലോഭനങ്ങൾക്കും എതിരായ ഒരു മികച്ച പ്രതിവിധി, ഹൃദയം തുറന്ന് കാര്യകാരണ സഹിതം നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആ ആത്മീയസുഹൃത്തിനോട് പങ്കുവയ്ക്കുക എന്നതാണ്. കാരണം, ദുഷ്ടൻ ഒരു ആത്മാവിനെ വശീകരിക്കാൻ ആഗ്രഹിക്കുമ്പോൾ ആദ്യം കടന്നുവരുന്നത് നിശബ്ദതയിലൂടെയാണ്. എല്ലാറ്റിനുമുപരിയായി, പ്രലോഭനത്തിനെതിരായ പോരാട്ടത്തിൽ തുടരുക. അവസാനം വരെ അതിനോട് പോരാടുക. വ്യക്തിപരമായുള്ള നമ്മുടെ ബലഹീനതകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അവബോധം കാത്തുസൂക്ഷിക്കുക. നാം എത്രയധികം പ്രലോഭങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ പരിശ്രമിക്കുന്നുവോ, അത്രയും നാം പാപത്തിന്റെ ചങ്ങലകളിൽ നിന്ന് രക്ഷപ്പെടുന്നതിൽ വിജയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.