കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 1- മണ്ണ്

ഫാ. അജോ രാമച്ചനാട്ട്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ, പോലീസുകാർ കോശിയുടെ വാഹനം കസ്റ്റഡിയിലെടുത്ത് അയാളെ വഴിയിൽ ഇറക്കിവിടുന്നുണ്ട്. വാഹനങ്ങളോ മനുഷ്യരോ ഇല്ലാത്ത ആനക്കട്ടി റോഡ്. ജീവിതത്തിൽ ഒരിടത്തും തോൽക്കാത്ത കോശി മുന്നോട്ട് നടന്നുതുടങ്ങുകയാണ്…

ഇരുവശവും വനമാണ്. ആരെയും കാണാനില്ല. ഇരുട്ട് വീണുതുടങ്ങുന്നു. അപ്പോഴാണ് തൊട്ടടുത്തെങ്ങുനിന്നോ ആനയുടെ ചിന്നംവിളി. റോഡിൻ നടുവിൽ ആനയുടെ വിസർജ്ജ്യവും കണ്ടു നടുങ്ങുന്ന കോശിയോടൊപ്പം കാഴ്ചക്കാരന്റെ ഉള്ളും ഒന്നു നടുങ്ങും. വീണ്ടും നടന്നു മടുത്ത് ഏറെ പരീക്ഷീണനാകുന്ന കോശി – സ്വന്തം കൈക്കരുത്തിലും സമ്പത്തിലും അപ്പന്റെ പ്രതാപത്തിലും വല്ലാതെ അഹങ്കരിച്ചിരുന്നവൻ തിരിച്ചറിയുന്നുണ്ട് – താൻ ഈ ഭൂമിയിൽ ഒന്നുമല്ലെന്ന്!  സത്യത്തിൽ അയാളേക്കാളും അയാളിൽ ആനന്ദിച്ചിരുന്ന കാഴ്ചക്കാർ വല്ലാതെ വിയർക്കും, കുറച്ചു നേരത്തേക്ക്..!

ഇന്ന് വിഭൂതി തിരുനാൾ – ഞാനും നീയും മണ്ണാണെന്ന് നെറ്റിയിലെ ചാരം ഓർമ്മപ്പെടുത്തുന്ന ദിവസം. ദൈവം പൂഴിയിൽ നിന്ന് മനുഷ്യനെ മെനഞ്ഞു എന്നാണ് ഉൽപത്തി വിവരണം. ഒന്നോർത്താൽ മണ്ണല്ലാതെ എന്താണ് നമ്മൾ? എന്തൊക്കെ മേനി പറഞ്ഞാലും കല്ലറയുടെ സ്ലാബിനു കീഴെ മൺകൂനയാകേണ്ടവർ നമ്മൾ..! ഈ മണ്ണോർമ്മയാണ് വിഭൂതി ആവശ്യപ്പെടുന്നതും. എളിമയോടെ, നോമ്പ് ആരംഭിക്കാനാണ് ഈ ചാരം പൂശൽ. നിനിവേ നിവാസികളെപ്പോലെ പശ്ചാത്തപിക്കാനുള്ള ധൈര്യമാണ് വിഭൂതി നമുക്കു തരുന്നതും.

എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടുംവീണ്ടും എങ്ങുനിന്നോ ആബേലച്ചന്റെ അക്ഷരങ്ങൾ..

“മനുഷ്യാ, നീ മണ്ണാകുന്നു.
മണ്ണിലേയ്ക്ക് മടങ്ങും നൂനം”

കൃപനിറഞ്ഞ നോമ്പുകാലം സ്നേഹപൂർവം…
ഫാ. അജോ രാമച്ചനാട്ട്