പുരോഹിതർക്കു വേണ്ടിയുള്ള കുരിശിന്റെ വഴി

ഈശോയുടെ കാൽവരി യാത്രയെ അനുഗമിക്കാനായി സഭ സവിശേഷമായി നമ്മളെ വിളിക്കുന്ന സമയമാണ് നോമ്പുകാലം. നിത്യപുരോഹിതനായ ഈശോയുടെ സഹനങ്ങളെ കുരിശു യാത്രയിൽ നമ്മൾ അനുഗമിക്കുമ്പോൾ എല്ലാ പുരോഹിതന്മാർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നത് അനിവാര്യതയും നമ്മുടെ കടമയുമാകുന്നു. കുരിശിന്റെ നിണമണിഞ്ഞ, കനൽവഴി തീർക്കുന്ന ഈ യാത്രയിൽ ശുശ്രൂഷാ പൗരോഹിത്യത്തിലേക്കുയർത്തപ്പെട്ട എല്ലാ പുരോഹിതർക്കു വേണ്ടി കാൽവരി നാഥനോടു പ്രാർത്ഥിക്കാം.

എന്തുകൊണ്ടു പുരോഹിതർക്കു വേണ്ടി പ്രാർത്ഥിക്കണം ഈശോസഭാ വൈദീകനായ ഫാ. ജോൺ ഹാർഡോൺ പുരോഹിതർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നു: 

30 വർഷം വൈദീക വിദ്യാർത്ഥികളെയും വൈദീകരെയും പഠിപ്പിച്ചതിന്റെ, അവരോടൊത്തു താമസിച്ചതിന്റെ, അധ്വാനിച്ചതിന്റെ, അവരെ സ്നേഹിച്ചതിന്റെ, അവർക്കു വേണ്ടി സഹിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നു കത്തോലിക്കാ പൗരോഹിത്യത്തിനു പ്രാർത്ഥനയും പരിത്യാഗവും കാൽവരിയിലെ ബലിയർപ്പണം തൊട്ടെ ആവശ്യമാണ്. ഒരു തെറ്റിന്റെ അനന്തരഫലമായി വരുന്ന പരിഹാസത്തിന്റെ കനത്ത മരക്കുരിശു വിമർശനങ്ങളുടെ ആണികുത്തുകളും ഏറ്റവാങ്ങാൻ നിർബദ്ധിതരാകുന്ന വൈദീകനെ മനസ്സിലാക്കാൻ ആർക്കു കഴിയും? പിശാചിന്റെ ഈ ഭൂമിയിലെ പ്രഥമ ഇര മറ്റാരുമല്ല അതു കത്തോലിക്കാ പുരോഹിതനാണ്. പുരോഹിതനു ദൈവത്തെ വേണം, അവന്റെ കൃപയില്ലാതെ പൗരോഹിത്യം പുണ്യപൂർണ്ണതയിൽ എത്തുകയില്ല. എന്തിനു വേണ്ടിയാണ് പുരോഹിതർക്കു വേണ്ടി പ്രാർത്ഥിക്കുന്നതെന്നു നിങ്ങൾ ചോദിച്ചേക്കാം. പുരോഹിതന്മാർക്കും മെത്രാൻമാർക്കു വേണ്ടി നമ്മൾ പ്രാർത്ഥിക്കണം. അപ്പസ്തോലിക കാലംമുതലുള്ള ഒരു പാരമ്പര്യമാണത്. അതു ദൈവീകമായ ഒരു ഉത്തരവാദിത്വമാണ്.

ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ നിഷ്കളങ്കനായി പീലാത്തോസിന്റെ മുമ്പിൽ നിൽക്കുന്നു എന്നിട്ടും പീലാത്തോസ് ഈശോയ്ക്കു  മരണശിക്ഷ വിധിക്കുന്നു. പരിശുദ്ധനായ ദൈവത്തിന്റെ കുഞ്ഞാട് നിശബ്ദനായി കൊലക്കളത്തിലേക്കു നീങ്ങുന്നു. രക്ഷാകര ദൗത്യം മാത്രമേ അവന്റെ കൺമുമ്പിലുള്ളു, അതിനു നൽകേണ്ട വില അവൻ കണകാക്കുന്നില്ല.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, നിന്റെ സഭയെ മുറിപ്പെടുത്തുന്ന തെറ്റായ ശീലങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും പുരോഹിതന്മാരെ സംരക്ഷിക്കണമേ. പീലാത്തോസിനെ പോലെ  കൈ കഴുകി ഞങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നു ഒഴിഞ്ഞുമാറാൻ ഞങ്ങളെ അനുവദിക്കരുതേ, എല്ലാ പുരോഹിതന്മാർക്കു വേണ്ട വൈദീക ശക്തിക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിന്റെ സഭയിൽ വിശുദ്ധമായി ശുശ്രൂഷ ചെയ്യാൻ വൈദീകർക്കു കൃപ നൽകണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശു ചുമക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ ക്ഷീണിതനും ദുർബലനുമാണ് എന്നിട്ടും കാൽവരിയിലേക്കുള്ള യാത്രയിൽ വലിയ കുരിശു അവന്റെ ചുമലിൽ നൽകുന്നു. സ്നേഹം അവനെ കുരിശു വഹിക്കാൻ നിർബന്ധിക്കുന്നു, ശക്തി നൽകുന്നു. ഈശോ ചുമലിൽ താങ്ങിയ കുരിശിനേക്കാൾ വലുതായിരുന്നു മനുഷ്യ മക്കളോടുള്ള അവിടുത്തെ സ്നേഹം.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, അനുദിന ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചു ക്ഷീണിച്ചവശരായ പുരോഹിതരെയും ഞങ്ങളെയും നീ സഹായിക്കണമേ. ഈശോയെ നിന്റെ പരിശുദ്ധ ഹൃദയത്തിൽ നിന്നു പ്രഭവിക്കുന്ന സ്നേഹത്താൽ വിശുദ്ധിയിൽ എല്ലാ പുരോഹിതരെയും കാക്കണമേ, ഈശോയെ നിന്റെ ഹൃദയത്തിൽ നിന്നു എല്ലാ വൈദീകരിലേക്കും സ്നേഹവും കരുണയും സമാധാനവും നിരന്തരം പ്രവഹിക്കട്ടെ.

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

മൂന്നാം സ്ഥലം: ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

കുരിശിന്റെ ഭാരത്താൽ ഈശോ നിലത്തു വീഴുന്നു. മനുഷ്യ മക്കളോടുള്ള സ്നേഹത്താൽ അവൻ വീണ്ടും എഴുന്നേൽക്കുന്നു. ഈശോയുടെ ഹൃദയം അവന്റെ ദൗത്യത്തിൽ ഉറച്ചിരിക്കുന്നു, എന്നാൽ അവന്റെ ശരീരം പടയാളികൾ തല്ലിത്തകർത്തിരിക്കുന്നു, ദുർബലമായ ചുവടുകൾകൊണ്ട് ദൈവഹിതം നിറവേറ്റാൻ ഈശോ മുമ്പോട്ടു നീങ്ങുന്നു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, എഴുന്നേൽക്കാൻ സാധിക്കാത്ത വിധം സഹനങ്ങളുടെ ഭാരത്താൽ വീഴുന്ന ഞങ്ങളുടെ പുരോഹിതരെ നിന്റെ കാരുണ്യത്താൽ  മുന്നോട്ടു നയിക്കണമേ. നിന്നെ അചഞ്ചലമായി അനുഗമിക്കും എന്ന്  അവർ തിരുപ്പട്ട സ്വീകരണ ദിനം ഏറ്റം പറഞ്ഞ വിശ്വസപ്രഖ്യാപനത്തിൽ മരണം വരെ വിശ്വസ്തരായിരിക്കാൻ അവരെ സഹായിക്കണമേ.  

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

നാലാം സ്ഥലം: ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പരിശുദ്ധ കന്യകാമറിയം നിഴൽ പോലെ ഈശോയോടൊപ്പം എപ്പോഴും ഉണ്ട്. പ്രത്യേകിച്ച് അവന്റെ കുരിശു യാത്രയുടെ കഠിനമായ നിമിഷങ്ങളിൽ. അവളുടെ മാതൃസ്നേഹം സഹനത്തിന്റെ പാതയിൽ അവന്റെ ഓരോ ചുവടിനും ശക്തിയേകുന്നു. അമ്മയുടെയും മകന്റെയും ഹൃദയങ്ങൾ ദൈവഹിതം നിറവേറ്റുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിൽ പുരോഹിതർ യാത്ര ചെയ്യുമ്പോൾ നീ അവരെ അനുഗമിക്കണമേ. സഹിക്കുന്ന മനുഷ്യരോടു അനുകമ്പയും ക്ഷമയും അവരിൽ ഉണർത്തണമേ. സഹനത്തിന്റെ മണിക്കൂറിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അവർക്കു ശക്തി പകരട്ടെ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

അഞ്ചാം സ്ഥലം: ശിമയോൻ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ആൾക്കൂട്ടത്തിൽ ഒരുവനായി ശിമയോൻ ഭീകരമായ ആ കാഴ്ച നിരീക്ഷിക്കുകയായിരുന്നു. രക്ഷണീയ കർമ്മത്തിൽ പങ്കാളിയാകാൻ അവനു താൽപര്യമില്ലായിരുന്നു. പക്ഷേ സഹായത്തിനായി അവൻ വിളിക്കപ്പെട്ടു. സഹിക്കുന്ന ഈശോയുമായുള്ള കൂടിക്കാഴ്‌ച അവന്റെ ഹൃദയത്തെ മാറ്റിമറിച്ചു. വഴിപോക്കനു രക്ഷയുടെ കുരിശു വഹിക്കാൻ ഭാഗ്യം കൈവരുന്നു. എത്രയോ മഹോന്നതമായ ഭാഗ്യം.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, സഹായം ആവശ്യമുള്ളവരെ, സഹിക്കുന്നവരെ സഹായിക്കാൻ ശിമയോനെപ്പോലെ വൈദീകരെ നീ ശക്തരാക്കേണമേ. ഭയമോ, നിസ്സംഗതയോ കൂടാതെ സഹിക്കുന്ന മനുഷ്യരിൽ ഈശോയുടെ തിരുമുഖം ദർശിക്കാൻ പുരോഹിതർക്കു കൃപ നൽകണമേ. മൗലീക സുകൃതങ്ങളായ വിവേകം, നീതി, സ്ഥിരത, ധൈര്യം എന്നിവകൊണ്ടു വൈദീകരെ നിറയ്ക്കണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

ആറാം സ്ഥലം: വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

തീവ്ര സഹനത്തിന്റെ മൂർദ്ധന്യത്തിൽ ഭക്തയായ വെറോനിക്കാ ഈശോയെ സഹായിക്കാനെത്തുന്നു, അനുകമ്പയോടെ ഈശോയുടെ വേദനയിൽ പങ്കുചേരുന്നു. അവൾ വേദനിക്കുന്ന ഈശോയുടെ ഹൃദയം സമാശ്വസിപ്പിക്കുന്നു. വേദനയുടെ പാരമ്യത്തിലും പരിശുദ്ധ സ്നേഹം ആശ്വസിപ്പിക്കാനെത്തുന്നു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, ദൈവകാരുണ്യത്തിന്റെ പ്രതിരൂപങ്ങളാകാൻ പുരോഹിതരെ അനുഗ്രഹിക്കണമേ. ജീവിതയാത്രയിൽ തളർന്നു വീഴുന്ന മനുഷ്യ മക്കൾക്കു കാരുണ്യത്തിന്റെ കരം നീട്ടികൊടുക്കാൻ വൈദീകരെ നീ ശക്തരാക്കണമേ. ജീവിത ദു:ഖങ്ങളുടെ വേലിയേറ്റങ്ങളിൽ നിന്റെ സ്നേഹം അവരെ പരിപാലിക്കട്ടെ.

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

ഏഴാം സ്ഥലം: ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ കുരിശുമായി വീണ്ടും നിലത്തു വീഴുന്നു, ഇത്തവണ വീഴ്ച കുറച്ചു കൂടി കാഠിന്യമേറിയതാണ്. അവൻ എഴുന്നേൽക്കാൻ പരിശ്രമിക്കുന്നു, പക്ഷേ ശാരീരിക ക്ഷീണത്താൽ അവൻ വീണ്ടും തളർന്നു വീഴുന്നു. കുരിശുമായി വീണ്ടും അവൻ എഴുന്നേൽക്കുന്നു അവന്റെ പരിശുദ്ധ ഹൃദയം ദൈവസ്നേഹത്തിന്റെ തീക്ഷ്ണതയാൻ വിഴുങ്ങപ്പെട്ടിരിക്കുന്നു. ഈശോ വന്നതു പാപികളെ രക്ഷിക്കാനാണ്.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, നിരുത്സാഹപ്പെടുത്തലിന്റെയും ശകാരത്തിന്റെയും മുറവിളികൾ ഉയരുമ്പോൾ പ്രത്യാശയോടെ പ്രതികരിക്കാൻ വൈദീകരെ അനുഗ്രഹിക്കണമേ. പാപസാഹര്യങ്ങളിൽ സ്വയം നിന്നു അകന്നുനിൽക്കുവാനും ദൈവസ്നേഹ തീക്ഷ്ണതയാൽ പൗരോഹിത്യ ധർമ്മങ്ങൾ നിർവ്വഹിക്കുവാനും അവർക്കു കൃപ നൽകണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

എട്ടാം സ്ഥലം: ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു 

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

കഠിന വേദനകളുടെ നടുവിലും കാൽവരിയിലേക്കുള്ള യാത്രയിൽ ഈശോ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. മറ്റുള്ളവരുടെ വേദനകളിൽ സ്വന്തം ദുഃഖം മറന്നു പോകുന്ന ദൈവപുത്രൻ. കുരിശു യാത്രയിൽ ഈശോ സംസാരിക്കുന്നതു വിലപിക്കുന്ന ഈ സ്ത്രീകളോടാണ്. അതും സമാശ്വാസത്തിന്റെ വചനങ്ങൾ.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, സ്വകാര്യ സങ്കടങ്ങളുടെ ഇടയിൽ, മറ്റുള്ളവരുടെ ദുഃഖവും കണ്ണീരും കാണുവാനും അവരെ ഹൃദയം തുറന്നു സമാശ്വസിപ്പിക്കാനും വൈദീകരെ നീ സഹായിക്കണമേ. വിലപിക്കുന്ന ജനങ്ങളെ വഴിയരുകിൽ അനാഥരാക്കി കടന്നു പോകാൻ ഈശോയെ വൈദീകരെ നീ അനുവദിക്കരുതേ. ആവശ്യനേരങ്ങളിൽ സമാശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ അവരുടെ അധരങ്ങളിൽ നീ നിക്ഷേപിക്കണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

ഒൻപതാം സ്ഥലം: ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു 

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

കുരിശു യാത്ര അവസാനിക്കാറായി ഈശോ മൂന്നാമതും നിലംപതിക്കുന്നു. അവൻ എഴുന്നേൽക്കുവാൻ അവസാന ശ്രമം നടത്തുന്നു, ലക്ഷ്യസ്ഥാനം അവന്റെ കൺമുമ്പിലുണ്ട് പക്ഷേ ശരീരം തീർത്തും ബലഹീനമാണ്, എന്നാലും സഹനത്തിന്റെ പാനപാത്രം കുടിക്കാതെ പറ്റില്ലല്ലോ.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, ജീവിതത്തിലെ കുരിശുകളോന്നും പുരോഹിത ധർമ്മത്തിൽ നിന്നു പുരോഹിതരുടെ ദൃഷ്ടി അകലുവാൻ ഇടയാക്കല്ലേ. സ്വന്തം കഴിവിൽ ആശ്രയിക്കാതെ ക്രിസ്തുവിന്റെ ശക്തിയിൽ പൂർണ്ണമായി ആശ്രയിച്ചു ദൈവീക പരിപാലനയുടെ ചിറകിൽ സഞ്ചരിക്കാൻ വൈദികരെ നീ പരിശീലിപ്പിക്കണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോയ്ക്കു കാൽവരിയിൽ സ്വന്തം വസ്ത്രം പോലും നഷ്ടപ്പെടുന്നു. നമ്മോടുള്ള സ്നേഹത്താൽ നമ്മുടെ അപമാനം അവൻ സ്വയം കുരിശിൽ ഏറ്റെടുക്കുന്നു. അവൻ നിശബ്ദനായി എല്ലാം സഹിക്കുന്നു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, നിന്റെ നഗ്നത ഞങ്ങളുടെ അപമാനം മറയ്ക്കുന്നു. നിന്റെ തിരുരക്തം ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടിയുള്ള അനശ്വരമായ വസ്ത്രമായി. ഞങ്ങൾ വാക്കുകളാലും സംസാരത്താലും പ്രവർത്തിയാലും മറ്റുള്ളവരെ മുറിപ്പെടുത്തുമ്പോൾ നിന്റെ നഗ്നത ഞങ്ങൾ അനാവൃതമാക്കുകയാണല്ലോ ചെയ്യുന്നത്. ഈശോയെ ആത്മീയ ദാരിദ്രത്തിന്റെയും ജീവിത ലാളിത്യത്തിന്റെയും പരിശുദ്ധിയുടെയും പരിമിളം പുരോഹിതരിൽ നീ നിറയ്ക്കുന്നമേ.

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോയുടെ പരിശുദ്ധമായ കരങ്ങളും കാലുകളും കുരിശോടു ചേർത്തു തറയ്ക്കുമ്പോൾ ആ വേദന മനുഷ്യ രക്ഷക്കായി പിതാവിനു അവൻ സമർപ്പിക്കുന്നു. മനുഷ്യ പാപങ്ങളുടെ തുറന്ന ഓർമ്മപ്പെടുത്തലായി കുരിശിലെ ഈശോ മാറുന്നു. ദൈവസ്നേഹജ്വാലയിൽ പാപങ്ങൾ അവൻ മറക്കുന്നു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, അങ്ങു ലോകത്തെ അത്യധികം സ്നേഹിച്ചതിനാൽ നീ ഞങ്ങളെ  രക്ഷിച്ചു, ഈശോയെ നിന്റെ അവർണ്ണനീയമായ ഈ കൃപകൾക്കു ഞങ്ങൾ എങ്ങനെയാണു നന്ദി പറയുക? ഈശോയെ നിന്നെ പോലെ ദൈവസ്നേഹത്തിന്റെ മരക്കുരിശിൽ കരങ്ങൾ വിരിച്ചു പിടിച്ചു സഭയിൽ കാരുണ്യത്തിന്റെ അനുഗ്രഹ മഴ പെയ്യിക്കാൻ വൈദീകരെ നീ സഹായിക്കണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

പന്ത്രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

എല്ലാം പൂർത്തിയായി. ഈശോ അത്യഗാധമായി സഹിച്ചു, കുരിശിൽ പൂർണ്ണമായും അവൻ പീഡനമേറ്റു അവൻ എല്ലാം ദൈവപിതാവിനു സമർപ്പിച്ചു: “പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” ഈശോ മനഷ്യവംശത്തോടു കാരുണ്യം കാട്ടി, തന്നെ കുരിശിൽ തറച്ചവർക്കു പൂർണ്ണ ക്ഷമ നൽകി, നല്ല കള്ളനു പറുദീസാ വാഗ്ദാനം ചെയ്തു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, അങ്ങു ക്ഷമിച്ചപോലെ ക്ഷമിക്കാൻ വൈദീകർക്കു കൃപ നൽകണമേ. ദൈവഹിതത്തിനു കീഴ് വഴങ്ങുവാനും “പിതാവേ അങ്ങയുടെ കരങ്ങളിൽ എല്ലാം സമർപ്പിക്കുന്നു” നിന്റെ സ്വരം ജീവിതത്തിന്റെ ഓരോ വിനാഴികയിലും ശ്രവിക്കുവാനും പുരോഹിതരെ നീ സഹായിക്കണമേ. 

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

പതിമൂന്നാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ, തന്റെ പ്രിയപുത്രന്റെ ജീവനറ്റ ശരീരം കരങ്ങളിൽ വഹിച്ചപ്പോൾ മറിയം അനുഭവിച്ച സങ്കടം ആർക്കു വിവരിക്കാൻ കഴിയും. ഈശോയ്ക്കു അന്തിമ ചുംബനം നൽകുമ്പോൾ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും എന്ന ശിമയോന്റെ പ്രവചനം മറിയം ഓർമ്മിച്ചു കാണും, എങ്കിലും അവൾക്കു നിരാശയില്ല. മാതൃദു:ഖത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ഒരു തുള്ളി കണ്ണീർ മാത്രമേ അവൾ തൂകിയുള്ളു.

പ്രാർത്ഥന
നിത്യ പുരോഹിതനായ ഈശോയെ, അങ്ങയുടെ പ്രിയപ്പെട്ട അമ്മയോടുള്ള മാതൃ ഭക്തിയിലും സമർപ്പണത്തിലും വൈദീകരെ വളർത്തണമേ. പരിശുദ്ധ മറിയത്തെ പൗരോഹിത്യത്തിന്റെ അമ്മയായി തിരഞ്ഞെടുക്കുവാനും അവൾക്കു പൗരോഹിത്യത്തെ ഭരമേല്പിക്കുവാനും വൈദീകരെ ഒരുക്കണമേ. പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുടെ മേലങ്കിക്കു കീഴിൽ  അവരെ കാത്തുകൊള്ളേണമേ.

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

പതിനാലാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ മരിച്ചപ്പോൾ ഭൂകമ്പമുണ്ടായി ഭൂമിയെങ്ങും അന്ധകാരം നിറഞ്ഞു. ഇനി അവന്റെ ശരീരം സംസ്കരിക്കണം. ഈശോയുടെ കല്ലറ ഒരു രൂപാന്തരീകരണത്തിന്റെ സ്ഥലമാണ്. മരണത്തിനും പുതു ജീവനും ഇടയിലുള്ള സ്ഥലം. ഒരു പുതിയ ജീവൻ കുരിശു മരണത്തിലൂടെ ഈശോ തുറന്നു.

നിത്യ പുരോഹിതനായ ഈശോയെ, അന്ധകാരത്തിനും പ്രകാശത്തിനും, മരണത്തിനും ജീവനും ഇടയിലുടെ ഞങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും ഞങ്ങൾ നഷ്ടധൈര്യരാകുന്നു. ഈശോയെ സ്വയനിർമ്മിത കല്ലറകളിൽ നിന്നു പുറത്തു വരുവാനും അങ്ങയെ ധരിച്ച് പുതിയ വ്യക്തികളാകാനും എല്ലാ പുരോഹിതർക്കും കൃപ നൽകണമേ, വിശുദ്ധികരിക്കുന്ന ബലിപീഠത്തിൽ നിന്നു ശക്തി നേടി, വിശ്വാസികളെ ബലപ്പെടുത്തുവാൻ അവർക്കു കരുത്തുപകരണമേ.

കുരിശിൽ ബലിയായ ഈശോയെ, വൈദീകരോടു കരുണയായിരിക്കണമേ.

വൈദീകർക്കു വേണ്ടിയുള്ള പ്രാർത്ഥന

നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.

ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.

വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 സ്വർഗ്ഗസ്ഥനായ പിതാവേ….
1 നന്മ നിറഞ്ഞ മറിയം….
1 ത്രിത്വ സ്തുതി….

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.