സീറോ മലങ്കര ജൂലൈ 28 യോഹ. 12: 24-26 വി. അൽഫോൻസാമ്മ

ഭാരതസഭയുടെ സ്നേഹപുത്രി വി. അൽഫോൻസാമ്മയുടെ തിരുനാളാണിന്ന്. മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടേയും നാലാമത്തെ മകളായി കോട്ടയത്തിനടുത്തുള്ള കുടമാളൂരിലാണ് 1910 ആഗസ്റ്റ് 19-ന് വീട്ടുകാർ അന്നക്കുട്ടിയെന്നു വിളിച്ച അന്നയുടെ ജനനം. അമ്മയുടെ അകാലമരണവും ചില രോഗപീഢകളും ചെറുപ്രായത്തിലേ അവൾക്ക് വലിയ സഹനങ്ങൾ സമ്മാനിച്ചു. എന്നാൽ കുടുംബത്തിൽ നിലനിന്നിരുന്ന ദൈവവിശ്വാസവും ഭക്തിയും ഈ കുഞ്ഞിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. മഠത്തിൽ ചേരാനുള്ള അതിയായ ആഗ്രഹത്തിന് തന്റെ സൗന്ദര്യം തടസ്സമാകുമെന്ന ചിന്തയിൽ വിവാഹം ഒഴിവാക്കുന്നതിന് അന്ന തന്റെ കാലുകൾ ഉമിത്തീയിൽ പൊള്ളിച്ച് വിരൂപമാക്കാൻ ശ്രമിച്ചത് പ്രസിദ്ധമാണ്. തന്റെ ബാഹ്യസൗന്ദര്യം അസ്തമിച്ചാലും കർത്താവിന്റെ മണവാട്ടിയായി ആന്തരികസൗന്ദര്യം ഉദയം ചെയ്യണമെന്ന് അവൾ തീക്ഷ്ണമായി അഭിലഷിച്ചു.

1927-ൽ പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ ചേർന്നത്. കർത്താവിന്റെ മണവാട്ടിയാകുന്നതിന്റെ ആദ്യപടിയായി 1928 ആഗസ്റ്റ് രണ്ടിന്‌ വി. അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം അൽഫോൻസ എന്ന പുതിയ നാമത്തോടെ സന്യാസ ശിരോവസ്ത്രം സ്വീകരിച്ചു. പിന്നീട് 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽവച്ച് മാർ ജയിംസ് കാളാശ്ശേരി പിതാവിൽ നിന്നും സഭാവസ്ത്രവും സ്വീകരിക്കുന്നു.

അധ്യാപനവൃത്തിയിൽ കുറേക്കാലമൊക്കെ ചിലവഴിച്ചെങ്കിലും വലിയ സഹനങ്ങൾ ഏറ്റെടുക്കാനായിരുന്നു അൽഫോൻസാമ്മയുടെ വിളി. 1946 ജൂലൈ 28-ന് ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വച്ച് സി. അല്‍ഫോന്‍സ തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ ദൈവസന്നിധിയിലേക്കു യാത്രയായി. അധികമാരും അറിയാതെ മരിച്ചടക്കപ്പെട്ട ഈ കൊച്ചുകന്യാസ്ത്രീയുടെ വിശുദ്ധി ലോകം മുഴുവൻ പ്രസരിക്കുന്നതിന് ഏറെനാൾ വേണ്ടിവന്നില്ല. 1986 ഫെബ്രുവരി എട്ടാം തീയതി തന്റെ ഭാരതസന്ദർശനവേളയിൽ അൽഫോൻസാമ്മയെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായും 2008 ഒക്ടോബർ പന്ത്രണ്ടാം തീയതി ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു.

ആദ്യകാലങ്ങളിൽ കുട്ടികളായിരുന്നു അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലെത്തി പ്രാർഥിച്ച് മാധ്യസ്ഥ്യം അപേക്ഷിച്ചിരുന്നത്. അല്‍ഫോന്‍സാമ്മ മരിച്ചപ്പോൾ, അതുവഴി ബസില്‍ യാത്രചെയ്യുകയായിരുന്ന റോമുളുസ് നെടുഞ്ചാലില്‍ അച്ഛൻ ഒരു കന്യാസ്ത്രീ മരിച്ചെന്ന് ആരോ പറയുന്നതുകേട്ട് അവിടെ ഇറങ്ങുകയായിരുന്നു. ഒരു ആത്മീയഗുരുവായിരുന്ന അദ്ദേഹത്തോട് അവിചാരിതമായി ചരമപ്രസംഗം നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ ഏതാനും ചിലരെ സാക്ഷിയാക്കി ഈ കൊച്ചുകന്യാസ്ത്രീയുടെ കബറിടം ഭാവിയില്‍ ഭാരതത്തിലെ ലിസ്യൂ ആയിത്തീരുമെന്ന് ആ പുരോഹിതനിലൂടെ അന്നുതന്നെ ദൈവം വെളിപ്പെടുത്തി. അൽഫോൻസാമ്മ നമുക്ക് അഭിമാനവും അതേസമയം ആ ജീവിതമാതൃക പിന്തുടർന്ന് വിശുദ്ധിയിൽ ജീവിക്കാനുള്ള വെല്ലുവിളിയുമാണ് നൽകുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.