ജൂലൈ 28: വിശുദ്ധ അല്‍ഫോന്‍സാ (1910-1946)

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാ 1910 ആഗസ്റ്റ് 19-ാം തീയതി കുടമാളൂര്‍ ഗ്രാമത്തില്‍ മുട്ടത്തുപാടം കുടുംബത്തില്‍ ജോസഫ് – മേരി ദമ്പതികളുടെ മകളായി പിറന്നു. ആഗസ്റ്റ് 27-ാം തീയതി ജ്ഞാനസ്‌നാനം സ്വീകരിച്ചു. അന്ന എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. അന്നക്കുട്ടി എന്നാണ് ബന്ധുക്കള്‍ വിളിച്ചിരുന്നത്. മാതാവിന്റെ മരണശേഷം അന്നക്കുട്ടിയെ മാതൃസഹോദരി അന്ന മുട്ടുചിറയിലുള്ള തന്റെ വീട്ടിലേക്കു കൊണ്ടുപോയി. തനിക്ക് പെണ്‍മക്കളില്ലാതിരുന്നതുകൊണ്ട് അന്നക്കുട്ടിയെ സ്വന്തം പുത്രിയെന്നവണ്ണം അവര്‍ ലാളിച്ചുവളര്‍ത്തി.

ആര്‍പ്പൂക്കര കത്തോലിക്കാ പ്രാഥമിക വിദ്യാലയത്തില്‍ വിദ്യാഭ്യാസം ആരംഭിച്ചു. മുട്ടുചിറ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠനം തുടര്‍ന്നു. ആ കാലഘട്ടത്തെപ്പറ്റി അല്‍ഫോന്‍സാ പറയുന്നു: “ഞാന്‍ സകല തെറ്റുകളും ഒഴിവാക്കുന്നതിന് അതീവശ്രദ്ധ കാണിച്ചു. എന്റെ ആദ്യ കുമ്പസാരത്തില്‍ എനിക്ക് വിശേഷമായി ഒന്നും പറയാനില്ലായിരുന്നു. ഒരു വിശുദ്ധയാകുന്നതിന് ഞാന്‍ ശുഷ്‌കാന്തിയോടെ അഭിലഷിച്ചു.”

വി. ചെറുപുഷ്പത്തിന്റെ ജീവിതചരിത്രം അല്‍ഫോന്‍സായുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. വിശുദ്ധയാകുക എന്നുള്ള ലക്ഷ്യം വച്ചുകൊണ്ട് തന്റെ സകല ആഗ്രഹങ്ങളും ത്യാഗങ്ങളും അതിനുവേണ്ടി കാഴ്ചവച്ചു. സന്യാസജീവിതം പുണ്യപ്രാപ്തിക്കു പറ്റിയ മാര്‍ഗമാണെന്ന് അവള്‍ മനസ്സിലാക്കി. എന്നാല്‍, അവളെ വിവാഹിതയാക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഈ സന്ദര്‍ഭത്തില്‍ പ്രാർഥനയിലും പ്രായശ്ചിത്തപ്രവര്‍ത്തനത്തിലും അന്നക്കുട്ടി വ്യാപൃതയായി. വിവാഹാലോചനകളില്‍ നിന്ന് മുക്തിനേടാന്‍വേണ്ടി ശാരീരികസൗന്ദര്യത്തെ നശിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പതിര് കത്തിക്കൊണ്ടിരുന്ന കുഴിയില്‍ കാലുതെറ്റി വീണു. പിന്നീട് വളരെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് സാധാരണരീതിയില്‍ നടക്കാന്‍ കഴിഞ്ഞത്.

പ്രസ്തുത സംഭവത്തിനുശേഷം സന്യാസജീവിതം നയിക്കാന്‍ അനുവാദം കിട്ടിയതിനാല്‍ ക്ലാരസഭയില്‍ ചേരാന്‍ അവള്‍ തീരുമാനിച്ചു. ഭരണങ്ങാനത്തും വാഴപ്പള്ളിയിലുമായി പഠനം പൂര്‍ത്തിയാക്കി 1928 ആഗസ്റ്റ് 2-ാം തീയതി ക്ലാരസഭയില്‍ പ്രവേശിച്ചു. സന്യാസത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വീണ്ടും പലരും ശ്രമിച്ചെങ്കിലും അല്‍ഫോന്‍സാ അചഞ്ചലയായി നിലകൊണ്ടു.

1930 മെയ് 19-ാം തീയതി ഭരണങ്ങാനം പള്ളിയില്‍ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗിണിയായിത്തീര്‍ന്ന അല്‍ഫോന്‍സ, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയായി. രോഗശാന്തി നേടിയശേഷം വാകക്കാട്ട് അധ്യാപനത്തിൽ ഏർപ്പെട്ടെങ്കിലും താമസിയാതെ വീണ്ടും രോഗിണിയായി. നിരന്തരമായ പ്രാര്‍ഥനവഴി സൗഖ്യം നേടി 1935-ല്‍ ചങ്ങനാശേരിയില്‍ നവസന്യാസത്തില്‍ പ്രവേശിച്ചു.

നവസന്യാസത്തിലെ കര്‍ക്കശദിനചര്യ അവളുടെ ആരോഗ്യത്തെ ക്ഷതപ്പെടുത്തി. പുറന്തള്ളാന്‍ അധികാരികള്‍ ചിന്തിച്ചെങ്കിലും മെത്രാന്‍, അല്‍ഫോന്‍സായിലെ ദൈവീകത മനസ്സിലാക്കി നവസന്യാസത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു. എല്ലാവരും ചേര്‍ന്ന് ചാവറ പിതാവിന്റെ നൊവേന ചൊല്ലി പ്രാർഥിച്ചതിന്റെ ഫലമായി അല്‍ഫോന്‍സാ രോഗവിമുക്തയായി. ശാരീരികരോഗങ്ങളേക്കാള്‍ അല്‍ഫോന്‍സായെ ശല്യപ്പെടുത്തിയിരുന്നത് ആന്തരികസമരങ്ങളാണ്. പലരും ദുരാരോപണങ്ങള്‍വഴി അല്‍ഫോന്‍സായുടെ സഹനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. എങ്കിലും എല്ലാം പരാതി കൂടാതെ അവള്‍ സഹിച്ചു.

1936 ആഗസ്റ്റ് 12-ാം തീയതി നിത്യവ്രതം സ്വീകരിച്ചു. നവസന്യാസത്തിനു ശേഷവും അല്‍ഫോന്‍സാ രോഗിണിയായി. ചാവറ പിതാവിനോടും വി. കൊച്ചുത്രേസ്യായോടും പ്രാര്‍ഥിച്ച് രോഗവിമുക്തി നേടി. എങ്കിലും മരണം വരെ ഓരോ രോഗത്താല്‍ പീഡിതയാകുമെന്നുള്ള സന്ദേശവും കിട്ടി. തന്റെ സഹനം ആരും അറിയാതിരിക്കാന്‍വേണ്ടി രാത്രിയില്‍ മാത്രം സഹനം മതിയെന്ന് അവള്‍ പ്രാര്‍ഥിച്ചു. ദൈവം ആ പ്രാര്‍ഥന സാധിച്ചുകൊടുക്കുകയും ചെയ്തു.

1946 ജൂലൈ27-ാം തീയതി അല്‍ഫോന്‍സാ കൊന്ത ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ മഠത്തിന്റെ കപ്ലോന്‍ അവളെ സന്ദര്‍ശിച്ചു. “അടുത്ത ദിവസം നടക്കാനിരിക്കുന്ന യുദ്ധത്തിന് തയാറെടുക്കുകയാണെന്ന്” തദവസരത്തില്‍ അവള്‍ പറഞ്ഞു. പിറ്റേദിവസം പതിവുപോലെ ദിവ്യബലിക്കു പോയിരുന്നിടത്തു നിന്ന് അസ്വസ്ഥത നിമിത്തം മുറിയിലേക്കു മടങ്ങി. ദുസ്സഹമായ വേദനയനുഭവപ്പെട്ടു. വേദന സഹിക്കാനുള്ള ശക്തിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ചുറ്റുമുണ്ടായിരുന്നവരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നു പറഞ്ഞു: “ദയവുചെയ്ത് എനിക്ക് നല്ലൊരു ഉടുപ്പും ഒരു ടോപ്പും തരിക. എനിക്ക് പോകണം.” ഡോക്ടറെയും വൈദികനെയും വിളിക്കാന്‍ ആളുകള്‍ പോയെങ്കിലും അവരെത്തുംമുമ്പ് അല്‍ഫോന്‍സായുടെ പാവനാത്മാവ് സ്വര്‍ഗപിതാവിങ്കലേക്കു പറന്നുയര്‍ന്നു. അടുത്ത ദിവസം വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ മൃതസംസ്‌കാരം നടന്നു.

1986 ഫെബ്രുവരി 8-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. 2009-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ അല്‍ഫോന്‍സായെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം: ”എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടുത്തെ ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.