
പലതരം തിരക്കുകൾ നിറഞ്ഞ ഇന്നത്തെ ലോകത്തിൽ പ്രാർഥനയ്ക്ക് വേണ്ടത്ര സമയം കണ്ടെത്തുക പലർക്കും ബുദ്ധിമുട്ടാണ്. പ്രാർഥന ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പ്രധാന ഭാഗമാണ്. ദൈവഹിതത്തോട് നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ചേർത്തുനിർത്താനും ജീവിതത്തിലെ ഓരോ കാര്യത്തിലും ദൈവത്തിന്റെ സഹായവും മാർഗനിർദേശവും തേടാനും പ്രാർഥന നമ്മെ സഹായിക്കുന്നു. പ്രാർഥനാജീവിതം കൂടുതൽ ആഴമുള്ളതാക്കാൻ ചില ലളിതമായ മാർഗങ്ങൾ നമുക്ക് ശീലമാക്കാം.
1 . പ്രാർഥനാ ഡയറി സൂക്ഷിക്കുക
നമ്മുടെ പ്രാർഥനകളും ആഗ്രഹങ്ങളും ഒരു ഡയറിയിൽ രേഖപ്പെടുത്തി വയ്ക്കുന്നത് വളരെ നല്ലൊരു ശീലമാണ്. കാലം കടന്നുപോകുമ്പോൾ, ദൈവം നമ്മുടെ പ്രാർഥനകൾക്ക് എങ്ങനെയാണ് ഉത്തരം നൽകിയതെന്ന് തിരിച്ചറിയാൻ ഇത് നമ്മെ സഹായിക്കും. ഈ ഓർമ്മപ്പെടുത്തലുകൾ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കുകയും, കൂടുതൽ പ്രത്യാശയോടെ പ്രാർഥിക്കാൻ നമുക്ക് കരുത്തുപകരുകയും ചെയ്യും.
2 . തിരുവചനം പ്രാർഥനയിൽ ഉൾപ്പെടുത്തുക
എന്തിനുവേണ്ടി പ്രാർഥിക്കണമെന്ന് അറിയാതെ വരുമ്പോൾ തിരുവചനഭാഗങ്ങൾ വായിച്ച് അതിനെ അടിസ്ഥാനമാക്കി പ്രാർഥിക്കാം. തിരുവചനത്തിലെ വചനങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ ദൈവത്തോട് പ്രാർഥനയായി സമർപ്പിക്കുകയും ചെയ്യുന്നത് പ്രാർഥനയെ കൂടുതൽ ആഴമുള്ളതാക്കും.
3. പ്രാർഥനാ കുറിപ്പുകൾ തയ്യാറാക്കുക
പ്രാർഥിക്കേണ്ട വ്യക്തികളുടെയും പ്രത്യേക ആവശ്യങ്ങളുടെയും പേരുകൾ ചെറിയ കുറിപ്പുകളിൽ എഴുതിവയ്ക്കുക. അവ കാണുന്ന സ്ഥലങ്ങളിൽ വയ്ക്കുന്നത് പ്രാർഥനയിൽ മറ്റുള്ളവരെ ഓർക്കാൻ സഹായിക്കും.
4 . ഫോണിൽ പ്രാർഥനാ ഓർമപ്പെടുത്തലുകൾ ക്രമീകരിക്കുക
മൊബൈൽ ഫോൺ പലപ്പോഴും ശ്രദ്ധതിരിക്കുന്ന ഒന്നാണെങ്കിലും, അത് പ്രാർഥനയ്ക്കായി ഉപയോഗിക്കാനും കഴിയും. പ്രത്യേക വ്യക്തികൾക്കോ ആവശ്യങ്ങൾക്കോ വേണ്ടി പ്രാർഥിക്കാൻ ദിവസത്തിലെ നിശ്ചിത സമയങ്ങളിൽ ഓർമപ്പെടുത്തലുകൾ ക്രമീകരിക്കാം.
5 . പ്രാർഥനയിൽ വ്യത്യസ്ത ഭാവങ്ങൾ സ്വീകരിക്കുക
ഇരുന്നും മുട്ടുകുത്തിയും കൈകൾ ഉയർത്തിയും തലകുനിച്ചും നാം പ്രാർഥിക്കാറുണ്ട്. പ്രാർഥനയുടെ സാഹചര്യത്തിനനുസരിച്ച് ശരീരഭാവത്തിൽ മാറ്റം വരുത്തുന്നത് ദൈവത്തോടുള്ള നമ്മുടെ മനോഭാവം കൂടുതൽ ആഴത്തിൽ പ്രകടിപ്പിക്കാൻ സഹായിക്കും.
6 . മറ്റുള്ളവരുമായി പ്രാർഥന പങ്കിടുക
ഓരോരുത്തരും ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. പരസ്പരം പ്രാർഥിക്കുന്നത് ആശ്വാസവും പ്രത്യാശയും നൽകും.
7. ഓരോ കാര്യത്തിനും മുമ്പ് പ്രാർഥിക്കുക
ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പും ഒരു പ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പും പ്രാർഥിക്കാൻ ശീലിക്കുക. ദൈവത്തിന്റെ ജ്ഞാനവും സഹായവും തേടുന്നത് നമ്മുടെ പ്രവർത്തനങ്ങളെ ദൈവത്തിന് സമർപ്പിക്കാൻ സഹായിക്കും.
8. കടന്നുപോകുമ്പോൾ ഒരു പ്രാർഥന
നമുക്ക് പരിചയമുള്ള ഒരാൾക്ക് ഒരു പ്രത്യേക പ്രാർഥന ആവശ്യമുണ്ടെന്ന് അറിയാമെങ്കിൽ, അവരെ കാണുമ്പോഴോ അവരുടെ അടുത്തുകൂടി കടന്നുപോകുമ്പോഴോ അവർക്കുവേണ്ടി പ്രാർഥിക്കാം. ഇങ്ങനെ ചെറിയ അവസരങ്ങളെപ്പോലും പ്രാർഥനയ്ക്കായി ഉപയോഗിക്കാം.
9 . പ്രാർഥന പിന്നത്തേക്ക് മാറ്റിവയ്ക്കരുത്
ആരെങ്കിലും നമ്മോട് പ്രാർഥനാസഹായം ആവശ്യപ്പെടുമ്പോൾ, “ഞാൻ പ്രാർഥിക്കാം” എന്ന് വെറുതെ ഒരു വാഗ്ദാനം നൽകി പിന്നീട് അത് മറന്നുപോകുന്നതിനേക്കാൾ നല്ലത്, സാധിക്കുമെങ്കിൽ ആ നിമിഷം തന്നെ അവർക്കായി പ്രാർഥിക്കുന്നതാണ്. അവരുടെ സങ്കടങ്ങളിൽ നാം ആത്മാർഥമായി ഒപ്പമുണ്ടെന്ന ഉറപ്പ് നൽകാനും, ദൈവസാന്നിധ്യം അവർക്ക് അനുഭവവേദ്യമാക്കാനും ഇതിലും നല്ലൊരു മാർഗമില്ല.
10 . സഭയോടൊപ്പം പ്രാർഥിക്കുക
മറ്റുള്ളവരുമായി ചേർന്ന് ഒരേ മനസ്സോടെ പ്രാർഥിക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തിന് വലിയ ഊർജ്ജം പകരും. സഭയിലെ പ്രാർഥനാ കൂട്ടായ്മകളിലും ആരാധനകളിലും സജീവമായി പങ്കുചേരുക. നമ്മുടെ പ്രാർഥനാവിഷയങ്ങൾ പരസ്പരം പങ്കുവെക്കുകയും പരസ്പരം താങ്ങാവുകയും ചെയ്യുമ്പോൾ ആത്മീയമായ ഒരു വലിയ സുരക്ഷിതത്വവും ദൈവകൃപയും നമുക്ക് അനുഭവവേദ്യമാകും.
വലിയ മാറ്റങ്ങളല്ല, മറിച്ച് ചെറിയൊരു തുടക്കമാണ് നമുക്കാവശ്യം. പ്രാർഥന ഒരു ചര്യയായി മാറുമ്പോൾ അത് ജീവിതത്തിന് വലിയൊരു ആത്മീയബലം നൽകും. ദൈവം പ്രാർഥനകൾ കേൾക്കാതിരിക്കുന്നില്ല; മറിച്ച് തന്റെ സമയത്ത് അദ്ഭുതകരമായി ഉത്തരം നൽകുമെന്ന പൂർണ്ണ വിശ്വാസത്തോടെ പ്രാർഥനാവഴിയിൽ നമുക്ക് മുന്നേറാം.
വിവർത്തനം: ഡിൻസി തോമസ്




