പ്രളയകാലത്ത് പൂത്തുലയുന്ന ബന്ധങ്ങളും വിരിയുന്ന പുൽക്കൂടുകളും

ക്ലിന്റൺ എൻ. സി. ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

സ്കൂൾ പഠനകാലത്ത് ട്യൂഷൻ സെന്ററിൽ പോകാൻ അതിരാവിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോർ മുന്നിലൂടെ കടന്നുപോകുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സുണ്ട്. കടലിന്റെ നാടായ വിഴിഞ്ഞം വഴി കായലോരത്തിന്റെയും വള്ളംകളിയുടെയും നാടായ  കുട്ടനാടിന്റെ ഭാഗമായ എടത്വായിലെക്കാണ് ഹോണും മുഴക്കി ആ ആനവണ്ടി കുതിച്ചു പായുന്നത്. പലപ്പോഴും തോന്നിട്ടുണ്ട് ആ ബസ്സിലേറി ആ നാട് കാണമെന്നു തോന്നിട്ടുണ്ട്. അതിങ്ങനെ യാഥാർഥ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

പ്രളയക്കാലത്ത് എന്റെ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളികൾ ഇടവക സമൂഹം എന്ന കൂട്ടായ്മയുടെ തലത്തിൽ ഒത്തുചേർന്നു നടത്തിയ സാഹസികത നിറഞ്ഞ രക്ഷാപ്രവർത്തനത്തിനു മുന്നോടിയായി നടത്തിയ മുന്നൊരുക്കങ്ങളെയും  സംഭവങ്ങളെപ്പറ്റി ‘പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികൾ’ എന്ന പേരിൽ നിങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമായി കത്തോലിക്കാ കോൺഗ്രസ്സ് ചങ്ങനാശ്ശേരി ഫെറോനാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞങ്ങളുടെ ഇടവകയിൽ കടന്നുവന്ന്, രക്ഷാപ്രവർത്തനത്തിന് പോയ ഇടവകാംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക്  ഇടവക നൽകിയ ആദരവിനൊപ്പം പ്രളയത്തിലകപ്പെട്ടു പോയ കുട്ടനാടിനുവേണ്ടി തങ്ങളുടെ രക്ഷകർക്ക് കസവുമുണ്ടും ഇടവകയ്ക്ക് സ്മരണവാക്കുകൾ നിറഞ്ഞ സ്നേഹോപകാരവും നൽകി ആദരിച്ചു. ഒരു പക്ഷേ പ്രളയം കഴിഞ്ഞ് ആദ്യമായിട്ടാകാം പ്രളയബാധിതരെ പ്രതിനിധീകരിച്ച്  ഒരു സംഘം പ്രളയത്തിൽ രക്ഷകരായി നിന്നവരുടെ നാട്ടിൽ വന്നു അവരെ ആദരിക്കുന്നത്. ആദരങ്ങൾ നൽകി ആ സംഘം മടങ്ങുന്ന വേളയിൽ അവരുടെ വാഹനം നിറച്ച് ഞങ്ങളുടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ കൊടുത്തയച്ചു. ഒപ്പം തന്നെ ഒരു ദിവസം പ്രളയബാധിത ഇടങ്ങൾ വന്നു കണ്ട് കൂടുതൽ സഹായങ്ങൾ നൽകാമെന്ന് ഇടവക വികാരി ജസ്റ്റിൻ ജൂഡിനച്ചന്റെ നേതൃത്വത്തിൽ വാക്കു നൽകി.

ഇടവക കമ്മിറ്റി മീറ്റിംഗ് കൂടി പ്രളയബാധിതയിടങ്ങളിലെക്ക് പോകേണ്ട ദിവസവും തീരുമാനിച്ചു. ഇടവകയിൽ പ്രളയബാധിതയിടങ്ങളിലേക്ക് സമാഹരിച്ച തുകയിൽ പുത്തൻ വസ്ത്രങ്ങളും തലയണകളും ബെഡ്ഷീറ്റുകളും മറ്റു സാധനങ്ങളും ശേഖരിച്ചു. അതിനോടപ്പം ഇടവക മക്കൾ അവരുടെ കഴിവിനൊത്ത സാധനങ്ങളും നൽകി. ഇടവകയിലെ ജീസസ്സ് യൂത്ത് – കെസിവൈഎം അംഗങ്ങൾ അവയെ തരം തിരിച്ച് വലിയ കാർഡ്ബോർഡ് പെട്ടികളിലാക്കി യാത്രയ്ക്ക് സഹായിച്ചു. അങ്ങനെ സെപ്തംബർ 13 വ്യാഴാഴ്ച്ച അതിരാവിലെ 5 മണിയ്ക്ക് വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്രാ ദേവാലയത്തിൽ നിന്നും ഇടവക വികാരി ജസ്റ്റിൻ ജൂഡിനച്ചന്റെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങളും യാത്ര തിരിച്ചു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാനും അവരോടപ്പം ചേർന്നു.

ഒരു ലോറി നിറച്ചു സാധനങ്ങളുമായി പ്രാർത്ഥനാപൂർവ്വമായിരുന്നു യാത്ര. കുട്ടനാട് ലക്ഷ്യമാക്കി പോകും വഴിയിൽ ചങ്ങനാശ്ശേരി അതിരൂപതാ കത്തീഡ്രൽ പള്ളിയിൽ എത്തിച്ചേർന്നു. അവിടെ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി ഫെറോനാ കമ്മിറ്റിയംഗങ്ങൾ സ്വീകരണം നൽകി. തുടർന്ന് അവരോടപ്പം ചേർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ പ്രളയം തകർത്ത പാടശേഖരങ്ങൾ കണ്ട് കൈനകരിയിൽ എത്തിച്ചേർന്നപ്പോൾ വളരെ സങ്കടമായിരുന്നു. മൂന്നു ഘട്ടങ്ങളായി പ്രളയത്തെ നേരിട്ട ഒരു ജനതയുടെ ദുരവസ്ഥകളെപ്പറ്റിയും അവിടെ നടന്ന രക്ഷാപ്രവർത്തനങ്ങളെയും കുറിച്ച് കുഞ്ഞപ്പൻ ചേട്ടൻ വിവരിച്ചു തന്നപ്പോൾ ആ ജനത്തെപ്പറ്റി ഓർത്തു നെടുവീർപ്പിട്ടു.

അവിടെ നിന്ന് കത്തോലിക്കാ കോൺഗ്രസ്സ് അംഗങ്ങൾ ഒരുക്കിയ ബോട്ടിൽ കുട്ടമംഗലം പാണ്ടിശ്ശേരി ഇടവകയിലേക്ക് യാത്രയായി. അവിടെ ചെന്നെത്തുമ്പോൾ കാണുന്നത് ഇനിയും വെള്ളമിറങ്ങാത്ത വീടുകളിൽ കഴിയേണ്ടി വരുന്ന ഒരു ജനത്തെയാണ്. ഒപ്പം ഉണ്ടായിരുന്ന കൈനകരി ഇടവക വികാരി ചെറിയാൻ കൊറ്റക്കൊമ്പിൽ പ്രളയമുഖത്തെ ജനതയുടെ ദുരിതങ്ങളെപ്പറ്റി വിഴിഞ്ഞം ഇടവക പ്രതിനിധികൾക്ക് വിവരിച്ചു നൽകി. വിഴിഞ്ഞം ഇടവക വികാരി ജസ്റ്റിൻ ജൂഡച്ചൻ ആ ജനതയെ അതിസംബോധന ചെയ്തു സംസാരിച്ചു. മൂന്നു ഘട്ടങ്ങളിലായി പ്രളയത്തെ നേരിട്ട ജനങ്ങൾക്ക് കടലിന്റെ മക്കളുടെ അഭിവാദ്യങ്ങളും പിൻതുണയും  കൊണ്ടുവന്ന വസ്ത്രങ്ങളും സാധനങ്ങളും നൽകി. അവർ കത്തോലിക്കാ കോൺഗ്രസ് അംഗങ്ങളോടപ്പം  ചങ്ങനാശ്ശേരി  അതിരൂപതാ ബിഷപ്പ് ഹൗസിൽ ചെന്ന് അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടത്തെയും സഹായമെത്രാൻ തോമസ് തറയിലിനെയും സന്ദർശിച്ചു.

ഓഖിയുടെ മുറിവുകൾ ഉണങ്ങുന്നതിനു മുൻപു തന്നെ പ്രളയത്തിലകപ്പെട്ട തങ്ങളുടെ അന്നുവരെ കണ്ടീടാത്ത സഹോദരങ്ങൾക്കായി മത്സ്യത്തൊഴിലാളികൾ കുതിച്ചെത്തിയതു തന്നെ വലിയ കാര്യമാണെന്നും വിഴിഞ്ഞംകാരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു. തുടർന്ന് വിഴിഞ്ഞം  ഇടവക വികാരി ജസ്റ്റിൻ ജൂഡച്ചൻ വിഴിഞ്ഞം ഇടവക നൽകാൻ പോകുന്ന സഹായങ്ങളെപ്പറ്റി വിവരിച്ചു. പ്രളയബാധിത കുട്ടനാട്ടിൽ രണ്ടു വീടുകൾ പണിതു നൽകാമെന്നും അവ വിഴിഞ്ഞംകാരുടെ സ്നേഹത്തിൽ നിറഞ്ഞ പ്രളയത്തിൽ വിരിയുന്ന പൂൽക്കൂടുകളെന്ന സങ്കൽപത്തിന്റെ പൂർത്തീകരണമാകണമെന്നാണ് ആശിക്കുന്നതെന്നും പറഞ്ഞു.

ഈ യാത്രയ്ക്ക് സൗകര്യങ്ങൾ ഒരുക്കി തന്ന കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി ഫെറോന കമ്മിറ്റി  അംഗങ്ങളായ ജോർജ് വർക്കി ചേട്ടനനോടും കുഞ്ഞപ്പൻ ചേട്ടനോടും യാത്ര പറഞ്ഞ് വിഴിഞ്ഞത്തേയ്ക്കു തിരിക്കുമ്പോൾ മനസ്സു നിറയെ ആനന്ദമായിരുന്നു… പ്രളയത്തിൽ പൂത്തുലഞ്ഞ ബന്ധങ്ങളെയോർത്ത്…

ക്ലിന്റൺ എൻ. സി. ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.