പുരോഹിതശാസ്ത്രജ്ഞർ 77: ജാക്സ് ദെ ബില്ലി (1602-1679)

ഫ്രാൻസിൽ നിന്നുള്ള ഒരു ജെസ്വിട്ട് വൈദികനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ജാക്സ് ദെ ബില്ലി. അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകൾക്കുള്ള അംഗീകാരമായി ‘ബില്ലി’ എന്ന പേരിൽ ഒരു ചന്ദ്രഗുഹാമുഖവും നാമകരണം ചെയ്തിരിക്കുന്നു.

ഫ്രാൻസിന്റെ വടക്കുഭാഗത്തുള്ള കോംപിനെ നഗരത്തിൽ 1602 മാർച്ച് 18-ന് അദ്ദേഹം ജനിച്ചു. പ്രാഥമിക പഠനങ്ങൾക്കുശേഷം അദ്ദേഹം ജെസ്വിട്ട് സന്യാസ ആശ്രമത്തിൽ ചേർന്നു. അവിടെ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച്  സന്യാസവൈദികനായി അഭിഷിക്തനായി. പഠനത്തിലും ഗവേഷണങ്ങളിലും പ്രത്യേകശ്രദ്ധയുള്ള ജാക്സിന് ആശ്രമാധികാരികൾ വളരെയധികം പ്രോത്സാഹനം നൽകി. ഈ സന്യാസ സമൂഹം സ്ഥാപിച്ച് അറുപതു വർഷത്തോളമേ ആയിരുന്നുള്ളുവെങ്കിലും ഇതിനകം പതിനയ്യായിരം അംഗങ്ങളുള്ള വലിയൊരു സമൂഹമായി വളർന്നിരുന്നു.

ഗണിതം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനായി അദ്ദേഹം ജീവിതകാലം മുഴുവൻ സേവനം ചെയ്തു. 1629 മുതൽ 1630 വരെ പോന്ത് അ മൂസനിലുള്ള കോളേജിലും പിന്നീട് 1631 മുതൽ 1633 വരെ റൈമ്സിലുള്ള ജെസ്വിട്ട് കോളേജിലുമാണ് അദ്ദേഹം പഠിപ്പിച്ചത്. പിന്നീട് നിരവധി കോളേജുകളുടെ റെക്ടറായി സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന പലരും പിന്നീട് ശാസ്ത്രമേഖലയിൽ വലിയ സംഭാവനകൾ നൽകുന്നവരായിത്തീർന്നു.

ശാസ്ത്രത്തിൽ ജ്യോതിഷത്തിനു യാതൊരു സ്ഥാനവുമില്ലെന്ന് അദ്ദേഹം വാദിച്ചു. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ചിന്തകൾക്ക് ശാസ്ത്രപിൻബലമില്ലെന്ന് അദ്ദേഹം തന്റെ പുസ്തകത്തിലെഴുതി. ജാക്സ് അവതരിപ്പിച്ച പല സിദ്ധാന്തങ്ങൾക്കും അദ്ദേഹത്തിന്റെ പേരാണ് ശാസ്ത്രലോകം നൽകിയിരിക്കുന്നത്. ഗ്രഹണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പട്ടിക അറിയപ്പെടുന്നത് ‘ലദോയിചെ പട്ടിക’ എന്നാണ്. 1656 മുതൽ 1693 വരെയുള്ള ഗ്രഹണപട്ടികയാണ് അദ്ദേഹം ഇവിടെ കൊടുത്തിരിക്കുന്നത്. ചന്ദ്ര-സൂര്യഗ്രഹങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പകർന്നുനൽകുന്ന ഒരു ഗണനപട്ടികയാണിത്. ദിയോൺ നഗരത്തിൽ വച്ച് 1679 ജനുവരി 14-നാണ് അദ്ദേഹം അന്തരിച്ചത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.