ആത്മീയതയുടെ മറവിൽ ഒരു നിഴൽ യുദ്ധം

സീറോമലബാര്‍ സഭയുടെ പേരില്‍ തന്നെ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്. അടുത്ത കാലത്ത് ആരോ അതില്‍ എന്നെയും അംഗമായി ചേര്‍ത്തു. അന്നുമുതല്‍ ശ്രദ്ധിക്കുന്നെങ്കിലും, അവിടെ നടക്കുന്ന ചര്‍ച്ചകള്‍ പലതും ആരോഗ്യകരമായി അനുഭവപ്പെട്ടിരുന്നില്ല. ആയിരക്കണക്കിനായ അംഗങ്ങളില്‍, ചില സുഹൃത്തുക്കളും ഉള്‍പ്പെട്ടിരുന്നതിനാല്‍ പുറത്തുപോയില്ല എന്ന് മാത്രം. ചില വിവാദവിഷയങ്ങള്‍ ദോഷകരമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കുംവിധം അവിടെ പോസ്റ്റ് ചെയ്യപ്പെടുന്നത് കണ്ടിരുന്നുവെങ്കിലും ഇടപെടുവാന്‍ ഒരിക്കലും തോന്നിയില്ല. സഭയെയും, സന്യസ്ഥരെയും ചില പുരോഹിതരെയും, ചിലപ്പോഴൊക്കെ സഭയുടെ ഔദ്യോഗിക പഠനങ്ങളെയും അവിടെ ചിലര്‍ ചോദ്യം ചെയ്യുന്നതും ആ കാലങ്ങളില്‍ ശ്രദ്ധയില്‍ പെട്ടിരുന്നു.

അക്കാലത്തൊരിക്കൽ ഒരു പോസ്റ്റ് അതില്‍ പ്രത്യക്ഷപ്പെട്ടു. കരിസ്മാറ്റിക് ധ്യാനഗുരുവായ അറിയപ്പെടുന്ന ഒരു വൈദികനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഓണ്‍ ലൈന്‍ പത്രവാര്‍ത്തയായിരുന്നു വിഷയം. ‘കമന്റായി എഴുതുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കായി അച്ചന്‍ പ്രാര്‍ത്ഥിക്കാം’ എന്ന ആ വന്ദ്യവൈദികന്റെ ഒരു ഫേസ്ബുക്ക് സന്ദേശത്തിന് കീഴില്‍ ചിലര്‍ മോശമായി പ്രതികരിച്ചിരിക്കുന്നതും, അതിനെ പ്രസ്തുത ഓണ്‍ലൈന്‍ മാധ്യമം അനുകൂലിച്ചിരിക്കുന്നതുമാണ് കാര്യം. അതിനെ മേല്‍പ്പറഞ്ഞ ഗ്രൂപ്പില്‍ ചര്‍ച്ചാവിഷയമാക്കിയവരും, കാര്യം അറിഞ്ഞോ, അറിയാതെയോ തരം താഴ്ന്ന രീതിയില്‍ ആ വൈദികനെ വിമര്‍ശിച്ചിരിക്കുന്നു. പ്രസ്തുത പോസ്റ്റ് അവിടെ പതിവുപോലെ അനാരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്ക് വഴിവച്ചു. തുടര്‍ന്ന്, ആ ഗ്രൂപ്പിന്റെ തലവന്മാര്‍ (അഡ്മിന്‍സ്), വ്യക്തമായ കരിസ്മാറ്റിക് വിരുദ്ധ നിലപാടും, ഒപ്പം കരിസ്മാറ്റിക് രംഗത്ത് വളരെ നല്ല രീതിയില്‍ മുന്നേറുന്ന പ്രസ്ഥാനങ്ങളെ പോലും അധിക്ഷേപിക്കുന്ന സംസാരരീതികളും സ്വീകരിച്ചുകണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍, കരിസ്മാറ്റിക് നവീകരണത്തിന്റെ നന്മയോ, പ്രസക്തിയോ അല്‍പ്പം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പ്രസ്തുത ഗ്രൂപ്പിന്റെ അഡ്മിന്‍ എന്നെയുള്‍പ്പെടെ ചിലരെ ഗ്രൂപ്പില്‍നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്.

മേല്‍പ്പറഞ്ഞ വിഷയം, സഭയുടെ ഔദ്യോഗികതയോ, ആധികാരിക വ്യക്തികളുടെ ഇടപെടലുകളോ ഇല്ലാത്തതായതിനാല്‍ അപ്രസക്തമെന്നോ, നിസാരമെന്നോ തോന്നിയേക്കാമെങ്കിലും, ഈ നാളുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചെറുതല്ലാത്ത ഒരപകടം ഇതില്‍ മറഞ്ഞിരിക്കുന്നതായി കാണാം. കുറച്ച് വര്‍ഷങ്ങളായി, സമാനമായ ചില കാഴ്ചകള്‍ സൈബര്‍ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മില്‍ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും. ഇനിയെങ്കിലും ഗൗരവമായ ശ്രദ്ധയും, മുന്‍കരുതലുകളും കൈക്കൊള്ളാത്ത പക്ഷം ഏറെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാം എന്നതിനാലാണ് ഈ ഓര്‍മ്മപ്പെടുത്തലിനു തുനിയുന്നത്. സഭാസ്നേഹത്തിന്റെ സാര്‍വത്രികസ്വീകാര്യമായ മറയില്‍ ചിലര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അബദ്ധങ്ങളും, പറഞ്ഞുണ്ടാക്കുന്ന നുണക്കഥകളും ഈ വിശ്വാസിസമൂഹത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. പേരുകൊണ്ട് ഔദ്യോഗികം എന്ന തെറ്റിദ്ധാരണ ഒരുപാട് പേരില്‍ ഉളവാക്കാന്‍ കഴിഞ്ഞിരിക്കുന്നതിനാല്‍ മാത്രം അബദ്ധം സംഭവിച്ച് അനേകർ ഇവരുടെ കൂടെ എത്തിച്ചേരുന്നതിനാലും, ഉള്ളില്‍ മറഞ്ഞു കിടക്കുന്ന സഭാവിരോധം ചര്‍ദ്ദിച്ചുതീര്‍ക്കുവാന്‍ ഒരുങ്ങിയിറങ്ങുന്ന കുറെയേറെപ്പേരുടെ പിന്‍ബലം ലഭിക്കുന്നതിനാലും തികഞ്ഞ അഹങ്കാരത്തോടെയുള്ള ചില ഇടപെടലുകള്‍ ഇത്തരം ഇരുണ്ട കോണുകളില്‍ പതിവായി കണ്ടുവരുന്നുണ്ട്.

പേരില്‍ തന്നെ ‘സീറോമലബാര്‍ മലബാര്‍ സഭയുടെ ഫേസ്ബുക്ക് ഗ്രൂപ്പ്’ (Syro Malabar Catholic Church-FB Group) എന്ന പേരിൽ കുറച്ചുകാലമായി സമൂഹമാധ്യമത്തില്‍ സജീവമായിരിക്കുന്ന മേല്‍പ്പറഞ്ഞ ഗ്രൂപ്പ് കഴിഞ്ഞ കുറച്ചു കാലമായി ചര്‍ച്ചയ്ക്കെടുക്കുന്ന വിഷയങ്ങള്‍ പതിവായി കാണുന്നവര്‍ അവരുടെ ആശങ്ക പങ്കുവയ്ക്കുന്നത് പലപ്പോഴായി കേള്‍ക്കാനിടയായിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഒന്ന് സംഭവിച്ചതിനെക്കുറിച്ചുള്ള വേദന പങ്കുവച്ചത് ചില വൈദികര്‍ തന്നെയാണ്. കഴിഞ്ഞയാഴ്ച അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന ‘ഗ്രാന്റ് പ്രീസ്റ്റ് കോണ്‍ഫ്രന്‍സി’നെക്കുറിച്ചുള്ള അപക്വമായ ചര്‍ച്ചകളായിരുന്നു അടിസ്ഥാനം. പ്രസ്തുത ഗ്രൂപ്പ് കൈക്കൊണ്ടുവരുന്ന കടുത്ത കരിസ്മാറ്റിക് വിരോധവും, തികച്ചും അപക്വമായ മുന്‍ധാരണകളും, അഭിഷിക്തരോടുള്ള അന്ധമായ വിരോധവും ഈ ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്നത് കാണുവാനിടയായി.

വളരെ വിപുലമായ ജനപിന്തുണകൊണ്ട് വളര്‍ന്നുവന്ന, അനേകലക്ഷങ്ങള്‍ ആശ്വാസമായി കാണുന്ന ചില പ്രസ്ഥാനങ്ങളോടുള്ള പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിദ്വേഷം ഇത്തരക്കാര്‍ക്കുള്ളില്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. പക്ഷെ, ഇവിടെ സെഹിയോന്‍ ധ്യാനകേന്ദ്രത്തോടുള്ള വ്യക്തമായ വിദ്വേഷ ചിന്തയില്‍നിന്നും ആരംഭിക്കുന്ന ചര്‍ച്ചയില്‍ പതിവ് ബുദ്ധിജീവികളെല്ലാം ഇടപെടുന്നതും, തങ്ങളാലാവുംവിധം ഇത്തരം പല പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരെ അക്ഷേപിക്കുന്നതും കാണാം. തങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നവരെ, അവര്‍ വൈദികരോ, മെത്രാന്‍മാരോ ആയാലും അവരര്‍ഹിക്കുന്ന സംബോധന തന്നെയും ഒഴിവാക്കിയാണ് പരാമര്‍ശങ്ങള്‍.

കേരളത്തിലെ എല്ലാ മെത്രാൻമാരെയും, ഏതാണ്ടെല്ലാ വൈദികരെയും സന്യസ്തരെയും എണ്ണമറ്റ സാധാരണ വിശ്വാസികളെയും ധ്യാനിപ്പിച്ചിട്ടുള്ള ബഹു. സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തെക്കുറിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. പാലക്കാട് രൂപതാ മെത്രാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ആ ധ്യാനകേന്ദ്രത്തിന്റെ പൂർണ ഉത്തരവാദിത്തം സഭയ്ക്ക് തന്നെയാണ്. അവരെക്കുറിച്ചോ, സഭയോടൊപ്പം ചേർന്ന് നിൽക്കുന്ന മറ്റേതെങ്കിലും പ്രസ്ഥാനങ്ങളെക്കുറിച്ചോ പഠിക്കാൻ നാളിതുവരെയും ഒരു ഫേസ്ബുക്ക് കൂട്ടായ്മയെയും നിയോഗിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്നു.

സഭാ സ്ഥാപനങ്ങൾക്കോ, വൈദികർക്കോ അന്ധമായ പിന്തുണയോ, വിമര്‍ശനങ്ങള്‍ക്ക് അതീതമാം വിധമുള്ള ബഹുമാനമോ വേണമെന്ന് പറയുന്നില്ല. എന്നാല്‍, അനേകായിരങ്ങള്‍ നല്‍കിവരുന്ന സ്നേഹത്തെ പ്രതിയും, ഏറ്റവും ഉപരിയായി അവര്‍ക്ക് തിരുസഭയിലൂടെ ലഭിച്ച അമൂല്യമായ അഭിഷേകത്തെ പ്രതിയും നല്ല കുടുംബത്തില്‍ പിറന്നവര്‍ നല്‍കിവരുന്ന പരിഗണന പോലും ഇത്തരം വിമർശകരുടെ വാക്കുകളിൽ കാണാനാവാത്തത് അസ്വസ്ഥതാ ജനകമാണ്.

ഇത്തരമുള്ള സംസ്കാരശൂന്യതയുടെ പരമ്പരയ്ക്ക് കൂടുതല്‍ പ്രതികരണമോ, മറുപടിയോ ആവശ്യമില്ലാത്തതിനാല്‍ ഇടപെടുന്നില്ല. പ്രസ്തുത ഗ്രൂപ്പിന്റെ അഡ്മിന്‍ അവകാശപ്പെടുന്നതനുസരിച്ച് സഭയുടെ അനിവാര്യമായ ഒരു ക്രിയാത്മക തിരുത്തല്‍ ശക്തിയായി അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്രേ. അതിനായുള്ള വ്യക്തമായുള്ള സംവിധാനങ്ങളും അവര്‍ക്കുണ്ടെന്നും സ്ഥാപിക്കുന്നു. നല്ലത്. തിരുത്തലുകള്‍ പലപ്പോഴും ആവശ്യം വന്നേക്കാവുന്ന മാനുഷികതയുടെ ഒരു മുഖം കത്തോലിക്കാസഭയ്ക്കുമുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ആധികാരികമായതെന്തോ ചെയ്യുന്നു എന്ന ധാരണ തങ്ങളുടെ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്ന അനേകായിരങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചുകൊണ്ട് തന്നെ, തങ്ങളുടെ അപക്വവും രോഗാതുരവുമായ കാഴ്ചപ്പാടുകള്‍ അവരിലേയ്ക്ക് പകരാന്‍ ശ്രമിക്കുന്ന ശൈലി പ്രോത്സാഹനമര്‍ഹിക്കുന്നതല്ല.

കരിസ്മാറ്റിക് നവീകരണവും, അതിന്റെ ഭാഗമായി രൂപംകൊണ്ട പ്രസ്ഥാനങ്ങളും ഇവിടെ ശക്തിപ്രാപിച്ചതിനു പിന്നില്‍ ഇത്തരം കള്ളനാണയങ്ങള്‍ വിവരിക്കുന്ന മാനുഷികമായ ഒരു തലം മാത്രമല്ല ഉള്ളത് എന്ന കാര്യവും ചിന്തനീയമാണ്. സ്വാഭാവികമായും സന്മനസുള്ളവരുടെ സഹായങ്ങളാല്‍ കെട്ടിയുയര്‍ത്തപ്പെട്ട ഇത്തരം മുന്നേറ്റങ്ങള്‍ക്ക് പിന്നിലും, ഈ പ്രസ്ഥാനങ്ങള്‍ക്ക് ഉള്ളിലും വ്യക്തമായ ദൈവിക ശക്തിയുടെ സ്വാധീനങ്ങളും പ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സാധാരണ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍, തങ്ങള്‍ക്കുള്ളിലുള്ള കാപട്യത്തിന്റെ കണ്ണടയിലൂടെ ഇത്തരം ശുശ്രൂഷകളെ വീക്ഷിക്കുന്നവര്‍ക്ക് ആ വലിയ സത്യം തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് വാസ്തവം. അത്തരമൊരു ദൈവിക ഇടപെടല്‍ സഭയ്ക്കുള്ളിലും ലോകത്തിലും സംഭവിക്കുമെന്ന കാര്യത്തില്‍ തീരെയും ബോധ്യമില്ലാത്ത പക്ഷം, തീര്‍ത്തും ദരിദ്രമായ അവരുടെ ഈശ്വരവിശ്വാസം ശ്രദ്ധിക്കുക. ഇവിടെ, തങ്ങളെപ്പോലുള്ള ചിലര്‍ താങ്ങിപ്പിടിച്ചില്ലെങ്കില്‍ ദൈവത്തിന് പോലും നിലനില്‍പ്പില്ല എന്നവിധത്തില്‍ സങ്കീര്‍ണ്ണമാണ് ഇവരുടെ ആത്മീയ ബോധ്യങ്ങള്‍.

ഇത്തരം വ്യാജപ്രബോധകരുടെ ധാര്‍ഷ്ട്യത്തോടെയുള്ള വീരവാദങ്ങള്‍ക്ക് കാഴ്ച്ചക്കാരാകുന്നവരോട് ഒരു വാക്ക്. തങ്ങളുടെ ചില സ്ഥാപിത താല്‍പ്പര്യങ്ങളും, കടുത്ത സഭാവിദ്വേഷവും പ്രചരിപ്പിക്കുവാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരാണ് ഇത്തരക്കാര്‍ എന്നത് അവരുടെ ഓരോ വാദഗതികളിലും നിന്ന് വ്യക്തമാണ്‌. തങ്ങള്‍ സീറോമലബാര്‍ സഭയുടെയോ ആഗോള കത്തോലിക്കാസഭയുടെ തന്നെയോ യഥാര്‍ത്ഥ വിശ്വാസസംരക്ഷകരാണ്, അഥവാ, നവയുഗ പ്രവാചകന്‍മാരാണ്, അതുമല്ലെങ്കില്‍ ഔദ്യോഗിക ശബ്ദങ്ങളാണ് എന്നിങ്ങനെയുള്ള വീരവാദങ്ങള്‍ മുഖവിലയ്ക്കെടുത്ത് അബദ്ധത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവര്‍ കാലങ്ങളായി കുറ്റപ്പെടുത്തുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പക്ഷംചേര്‍ന്ന് വാദിക്കുകയല്ല. പക്ഷെ, യഥാര്‍ത്ഥ ദൈവസ്വരം നാമോരോരുത്തരും നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തിരിച്ചറിയുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. അങ്ങനെയെങ്കില്‍ സത്യവും അസത്യവും തിരിച്ചറിയാന്‍ ഇത്തരക്കാരെ ആശ്രയിക്കേണ്ട ഗതികേട് നമ്മുടെ വിശ്വാസിസമൂഹത്തിന് ഉണ്ടാവില്ല.

ഈ സാഹചര്യത്തില്‍ സഭാനേതൃത്വവും, സഭാംഗങ്ങളും ഒന്നുപോലെ കരുതലുള്ളവരായിരിക്കേണ്ടതുണ്ട്.

1. ആള്‍ക്കൂട്ടത്തിന്റെ ആധിക്യം നോക്കി ഒരു സൈബര്‍ സമൂഹത്തില്‍ ചേരുമ്പോള്‍, അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക.

2. അത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യങ്ങളും രീതികളും എന്തെന്ന് മനസ്സിലാക്കുക.

3. ആര്‍ക്കും നമ്മെ ഒരു ഗ്രൂപ്പില്‍ അംഗമാക്കി ചേര്‍ക്കാനാവുമെന്ന ഫേസ്ബുക്കിലെ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിടുക.

4. അംഗമായി ചേര്‍ന്നിരിക്കുന്നുവെങ്കില്‍, തെറ്റിധാരണാജനകമായ സന്ദേശങ്ങളോ, തെറ്റായ പഠനങ്ങളോ കാണുമ്പോള്‍ പ്രതികരിക്കുകയും, ആധികാരികതയെക്കുറിച്ച് പഠിക്കുകയും ചെയ്യുക.

5. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമെകില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക.

6. എല്ലാത്തിനും മീതെ, തിരുസഭയ്ക്കും, സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ക്കും എതിരായി സംസാരിക്കുകയോ, സംസാരിക്കുന്നവര്‍ക്കൊപ്പം ചേരുകയോ ചെയ്യാതിരിക്കുക.

7. പലപ്പോഴും വ്യക്തമായ ബോധ്യങ്ങളോ പഠനങ്ങളോ ഇല്ലാത്തവരാവും ഇത്തരം വിഷയങ്ങളെക്കുറിച്ച് ആധികാരികമെന്നവിധം സംസാരിക്കുന്നതെന്ന് മനസിലാക്കുക.

കടപ്പാട്: team Vigilant Catholic

https://www.facebook.com/vigilantcatholic/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.