പുരോഹിതശാസ്ത്രജ്ഞർ 76: അത്തനാസിയൂസ് കിർച്ചർ (1602-1680)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ജർമ്മനിയിൽ നിന്നുള്ള ഒരു ബഹുഭാഷാപണ്ഡിതനും ബഹുമുഖപ്രതിഭയുമായിരുന്നു ഈശോസഭാ വൈദികനായിരുന്ന അത്തനാസിയൂസ് കിർച്ചർ. നാല്പതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തെ വലിയ അറിവിന്റെ ഉറവിടമായി കണക്കാക്കിയിരുന്നു. മതം, ഭൂവിജ്ഞാനീയം, ഔഷധവിജ്ഞാനം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കൂടാതെ ‘നൂറ് കലകളുടെ മാസ്റ്റർ’ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. നാല്പതു വർഷത്തോളം റോമൻ കോളേജിലെ അധ്യാപകനായിരുന്ന അത്തനാസിയൂസിന്റെ പഠനങ്ങൾ ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നു. പുരാതന ഈജിപ്ത്യൻ ഭാഷയിലെ ഗൂഢാർഥം വ്യാഖ്യാനിച്ച ആളെന്ന നിലയിൽ ഈ പഠനത്തിന്റെ പ്രാരംഭകനായും ഇദ്ദേഹം അറിയപ്പെടുന്നു. ചൈനയെക്കുറിച്ച് ഒരു വിശ്വവിജ്ഞാനകോശം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്ളേഗിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കുകയും അതിന് പ്രതിവിധി നിർദേശിക്കുകയും ചെയ്ത ആദ്യശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് അത്തനാസിയൂസ്. ആദ്യത്തെ ഉച്ചഭാഷിണി ഉൾപ്പെടെ പല നൂതന കണ്ടുപിടുത്തങ്ങളുടെയും ഉറവിടവുമാണ് ഇദ്ദേഹം.

ജർമ്മനിയിലെ ഗൈസ പട്ടണത്തിൽ എ.ഡി. 1602-ലാണ് അത്തനാസിയൂസ് ജനിച്ചത്. അദ്ദേഹത്തിന് എട്ടു സഹോദരങ്ങളുണ്ടായിരുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു യഹൂദ റബിയുടെ അരികിൽനിന്നും അദ്ദേഹം ഹീബ്രു ഭാഷ സ്വായത്തമാക്കി. പിന്നീട് 1914-ൽ ഫുൽഡാ നഗരത്തിലുള്ള ജെസ്വിട്ട് ആശ്രമത്തിൽ ചേർന്നു. പാദർബോൺ നഗരത്തിൽ അദ്ദേഹം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പ്രോട്ടസ്റ്റെന്റ് സൈന്യത്തിൽ നിന്നും രക്ഷ നേടുന്നതിനായി കൊളോണിലേക്കു പലായനം ചെയ്ത അവസരത്തിൽ പല അപകടങ്ങൾ അദ്ദേഹത്തിനുണ്ടായി. 1622 മുതൽ രണ്ടു വർഷക്കാലം കോബ്ലൻസ് നഗരത്തിൽ അധ്യാപകനായി ജോലി ചെയ്തു. 1628-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പിന്നീട് വൂർസ്ബുർഗ് സർവകലാശാലയിൽ ഹീബ്രു, സുറിയാനി വിഷയങ്ങൾ പഠിപ്പിച്ചു. ഇക്കാലയളവിലാണ് ഈജിപ്തിനെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹത്തിനു താല്പര്യമുണ്ടായത്.

എ.ഡി. 1631-ൽ അത്തനാസിയൂസ് തന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ആർസ് മഗ്നീസ്യ’ എന്ന ഗ്രന്ഥം കാന്തശക്തിയെക്കുറിച്ചുള്ള ഒരു ഗവേഷണമാണ്. അധികം താമസിയാതെ ഫെർഡിനാന്റ് രണ്ടാമൻ ചക്രവർത്തി അത്തനാസിയൂസിനെ വിയന്നയിലേക്കു വിളിപ്പിക്കുകയും രാജസദസ്സിൽ ഗണിതശാസ്ത്രജ്ഞനായ കെപ്ലറെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു. ഈ ദൗത്യം ഏറ്റെടുക്കുന്നതിനു മുൻപായി റോമിലേക്കു പോകാനുള്ള അധികാരികളുടെ നിർദേശം അദ്ദേഹത്തിനു ലഭിച്ചു. റോമൻ കോളേജിൽ ഗണിതം, ഭൗതികശാസ്ത്രം, പൗരസ്ത്യഭാഷകൾ എന്നിവ പഠിപ്പിച്ച് ദീർഘനാൾ അവിടെ സേവനം ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം ചില ശാസ്ത്രീയ ഉപകരണങ്ങൾ നിർമ്മിക്കുകയും അക്കാലത്തെ ചില സാംക്രമികരോഗങ്ങളെക്കുറിച്ചു പഠിക്കുകയും ചെയ്തു.

വിവിധ വിഷയങ്ങൾ പഠിച്ചു ഗ്രന്ഥരചന നടത്തിയ അത്തനാസിയൂസ്, അന്ന് നിലവിലുണ്ടായിരുന്ന പല രചനാരീതികളും മാറ്റി പുതിയവ അവലംബിച്ചു. കാന്തികശക്തിയെക്കുറിച്ചുള്ള ഗ്രന്ഥത്തിനു പുറമെ അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഈജിപ്തിനെക്കുറിച്ചുള്ള പഠനമാണ്. ‘ഈഡിപസ് ഈജിപ്തിയാക്കൂസ്’ എന്ന ഗ്രന്ഥത്തിൽ വിവിധ മതങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. പുരാതന ഈജിപ്ഷ്യൻ ഭാഷയിലാണ് ആദവും ഹവ്വയും സംസാരിച്ചതെന്ന് ഈ ഗ്രന്ഥത്തിൽ അദ്ദേഹം വാദിക്കുന്നു. ചൈനയിൽ പോയി മിഷൻജോലി ചെയ്യുന്നതിനുള്ള ആഗ്രഹം സാധിച്ചില്ലെങ്കിലും ചൈനയെക്കുറിച്ച് ഒരു സർവവിജ്ഞാനകോശം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിൽ പ്രധാനമായും അവിടെ ചെയ്ത ക്രിസ്തീയസംഭാവനകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. 1675-ലാണ് ‘നോഹയുടെ പെട്ടകം’ എന്നപേരിൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിൽ, എങ്ങനെ ഓരോ ജീവികളുടെയും സംരക്ഷണം ഈ പെട്ടകത്തിൽ സാധിച്ചു എന്നതിന് അദ്ദേഹം ഒരു വിശദീകരണം നൽകി.

1638-ൽ അഗ്നിപർവതങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി വിസ്ഫോടനത്തിനു  തൊട്ടുമുൻപായി വെസൂവിയസിന്റെ ഉൾഭാഗം പരിശോധിക്കുന്നതിനായി അദ്ദേഹം ഇറങ്ങുകയുണ്ടായി.

ഇരുപതാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ രചനകളിലുള്ള താല്പര്യം വർധിക്കുകയും അതേ തുടർന്ന് കൃതികൾ മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ച് നോവലുകൾ വരെ എഴുതപ്പെട്ടിട്ടുണ്ട്. റോമൻ കോളേജിലെ നീണ്ട അധ്യാപനജീവിതത്തിനുശേഷം അത്തനാസിയൂസ് 1680 നവംബർ 27-ന് റോമിൽ വച്ച് അന്തരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.