വിശുദ്ധ കുർബാനയിൽ ആനന്ദം കണ്ടെത്തുന്നവർ

കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്ക്കറിലാണ്. ലാസലറ്റ് സന്യാസ സഭയുടെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. വിവിധ പ്രദേശങ്ങളിൽ നടന്ന ഔദ്യോഗിക മീറ്റിംഗുകൾക്കിടയിലും ഏതാനും മിഷൻ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു.

മഡഗാസ്ക്കറിലെ സഭയുടെ നേർക്കാഴ്ചകൾ പലതും സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേക്കെത്തിക്കാൻ പരിശ്രമിക്കുന്ന CMI സഭാംഗം ജോൺസൺ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യവും ലഭിച്ചു.

മഡഗാസ്കർ ദൈവത്തിന്റെ കരം ഉയർന്നുനിൽക്കുന്ന മിഷൻപ്രദേശമാണ്. വർഷങ്ങളായ് കേരളത്തിൽ നിന്നും ധാരാളം മിഷനറിമാർ ഇവിടെ സേവനം ചെയ്തുവരുന്നു.

ദാരിദ്ര്യത്തിന്റെ നേർചിത്രങ്ങൾ എവിടെയും ദൃശ്യമാണ്. ഒരുപാട് കാര്യങ്ങൾ മനസിലുണ്ടെങ്കിലും അവയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം വിശുദ്ധ കുർബാനയിലുള്ള അവരുടെ പങ്കാളിത്തമാണ്.

എന്തൊരു ആനന്ദമാണ്! ഒരു കുർബാന കഴിയുന്നതോടെ ദൈവം നൽകുന്ന സന്തോഷം ഹൃദയത്തിൽ പേറിയാണ് വരുന്നവർ മുഴുവനും ഭവനങ്ങളിലേക്കു തിരിച്ചുപോകുന്നത്. ആ ആനന്ദം അടുത്ത വിശുദ്ധ ബലിയിൽ സംബന്ധിക്കുന്നതുവരെ അവരുടെ ജീവിതങ്ങളിൽ ഊർജമായ് നിലനിൽക്കുന്നുണ്ടാകും.

മുറണ്ടാവ് രൂപത സന്ദർശിച്ചപ്പോൾ നാട്ടിൽ നിന്നുള്ള കർമലീത്ത (CMC) സന്യാസിനിമാർ നാലുപേരെ പരിചയപ്പെടാൻ കഴിഞ്ഞു. അവർ ഇവിടെ വന്നിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ. അവർക്കായ് രൂപത നൽകിയ സ്ഥലം നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ്. വാഹനങ്ങളോ, വൈദ്യുതിയോ ഇല്ല. കാൽനടയായ് യാത്ര ചെയ്യണം. മഴക്കാലമായാൽ ദുരിതക്കയവും. അവർ നാലുപേരും ഭാഷ പഠിച്ചു വരുന്നേ ഉള്ളൂ.

വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ഞാൻ അവരോടു പറഞ്ഞു:

“നിങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവരാണ്. മഡഗാസ്ക്കറിൽ നിങ്ങളുടെ സഭ ഒരു മിഷൻ ആരംഭിക്കുമ്പോൾ അവരിൽ ആദ്യത്തെ അംഗങ്ങളാകാൻ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചില്ലേ! നിങ്ങളുടെ സഹനങ്ങളിലൂടെയാണ് ഇനിയുള്ള സഭയുടെ ഇവിടുത്തെ വളർച്ച. വൈദ്യുതിയും വഴിയും ഇല്ലാത്ത നിങ്ങളുടെ ഗ്രാമത്തിൽ ദൈവജനത്തിന് വിളക്കാകാനും മാർഗമാകാനും അവിടുന്ന് നിങ്ങളെ തെരഞ്ഞെടുത്തു. നിങ്ങൾ ഗ്രാമത്തിൽ ചെല്ലുമ്പോൾ അവിടുത്തെ ജനങ്ങൾക്ക്
എന്ത് സന്തോഷമായിരിക്കും !”

അതെ, ക്രിസ്തുവിശ്വാസം  എവിടെയെല്ലാം വേരൂന്നിയോ, അവിടെയെല്ലാം സഹനങ്ങളും പരിത്യാഗങ്ങളും കൂടപ്പിറപ്പുകൾ പോലാണ്.

“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു”(യോഹ. 5 : 24) എന്ന ക്രിസ്തുവചനം ഇവിടെ അന്വർത്തമാണ്.

വചനം പാലിച്ചു ജീവിക്കുന്നവന്റെ മുമ്പിൽ പ്രതിസന്ധികളെല്ലാം സാധ്യതകളാണ്, ദൈവത്തിൽ വിശ്വസിക്കാനും ദൈവത്തിന് ഇടപെടാനുമുള്ള സാധ്യതകൾ! കഷ്ടതകളെയും ദുരിതങ്ങളെയുമോർത്ത് പരിഭവപ്പെടാതെ അവയെല്ലാം ദൈവത്തിന്റെ പദ്ധതികളാണെന്ന തിരിച്ചറിവ് അവിടുന്ന് നമുക്ക് നൽകട്ടെ!

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.