ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവ തലമുറയെ സഹായിക്കുക: പാപ്പാ

വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും മാർപ്പാപ്പാ. “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചുകൊണ്ട് നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഈ പ്രസ്ഥാനം ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കയാണെന്നും ക്രിസ്തീയ ജീവിതം ഒരു ദാനം എന്ന നിലയിൽ ജീവിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ലോകത്തിൽ നിരവധിയാണെന്നും പറഞ്ഞ പാപ്പാ ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്നും കൂട്ടിച്ചേർത്തു.

തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപ ലോകത്തിലേക്കു സംവഹിക്കുകയും മാതാപിതാക്കളാകുകയും ചെയ്തുകൊണ്ട് സ്ത്രീയും പുരുഷനും സന്താനോൽപ്പാദന പ്രക്രിയയിൽ പൂർണ്ണമായി സ്വയം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേകുന്ന സവിശേഷ വിളിയാണ് അതെന്ന് പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.