പാവങ്ങൾക്ക് സഹായമെത്തിച്ച് പെറുവിലെ ‘സ്വീറ്റ്‌നെസ്സ് ഓഫ് മേരി’ എന്ന പുതിയ പാലിയേറ്റീവ് കെയർ ആശുപത്രി

കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന പാവങ്ങൾക്ക് ക്രിസ്തുസ്നേഹം പകരുന്ന സാന്ത്വനപരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ 2022 നവംബർ 20-നാണ് ‘സ്വീറ്റ്‌നെസ്സ് ഓഫ് മേരി’ പ്രവർത്തനം ആരംഭിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു വൈദികനും അസോസിയേഷൻ ഓഫ് ദി ബീറ്റിറ്റ്യൂഡിൻ്റെ സ്ഥാപകനുമായ ഫാ. ഒമർ സാഞ്ചസിന്റെയും സഹപ്രവർത്തകരുടെയും സ്വപ്നസാക്ഷാത്കാരമാണ് ‘മിസ്കി മരിയ’ (സ്വീറ്റ്‌നെസ്സ് ഓഫ് മേരി) എന്ന ആശുപത്രിയുടെ ആരംഭം.

തീവ്രപരിചരണ വിഭാഗം, പാലിയേറ്റീവ് കെയർ, നഴ്‌സിംഗ്, ഫിസിക്കൽ തെറാപ്പി, അടുക്കള, ചാപ്പൽ, ഫ്യൂണറൽ പാർലർ എന്നീ സൗകര്യങ്ങളോടെ സൗജന്യപരിചരണം നൽകിവരുന്ന ഈ ആശുപത്രിയിൽ ക്യാൻസർ, എയ്ഡ്‌സ് തുടങ്ങി വിവിധ രോഗങ്ങളാൽ ക്ലേശിക്കുന്ന 60 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. നൂറോളം രോഗികൾക്ക് ഇതുവരെയും ഇവിടെ പരിചരണം നൽകിക്കഴിഞ്ഞു.

“പരിശുദ്ധ മറിയത്തെപ്പോലെ മാധുര്യം പകരുക എന്നതാണ് ഞങ്ങളുടെ പ്രവർത്തികളുടെ ആത്മാവ്. എന്നോടൊപ്പം ജോലി ചെയ്യുന്ന ജീവനക്കാരോട് ഞാൻ എപ്പോഴും പറയാറുണ്ട്: ‘യൗസേപ്പിതാവിന്റെ അവസാന നാളുകളിൽ മാതാവ് അദ്ദേഹത്തെ എപ്രകാരം പരിചരിച്ചുവെന്ന് ചിന്തിക്കുക. നന്മരണ മധ്യസ്ഥനായ യൗസേപ്പിതാവിനൊപ്പം മാതാവും ഈശോയും ഉണ്ടായിരുന്നു. നമ്മുടെ പരിചരണം ആവശ്യമുള്ളവർക്ക് മാറിയത്തെപ്പോലെ മാധുര്യം പകരാൻ നമുക്കു കഴിയണം” – ഫാ. സാഞ്ചസ് പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.