വിശുദ്ധിയിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ്

”മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂന-
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപ പരിഹാരം ചെയ്തുകൊള്‍ക നീ.”

വിഭൂതിത്തിരുനാളിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഗാനമാണിത്. മനുഷ്യരെല്ലാം മണ്ണാകുന്നു എന്നും നാമെല്ലാം മണ്ണിലേക്ക് തന്നെ മടങ്ങു എന്നും ഓര്‍മ്മിപ്പിക്കുന്ന ഈ ഗാനം നമ്മുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഈ ഗാനത്തോടൊന്നിച്ച് കുട്ടിക്കാലത്ത് വിഭൂതിക്കുറിയും വരച്ച് സ്‌കൂളില്‍ പോയ ഓര്‍മ്മകളും, അത് മായാതിരിക്കാന്‍ നാം സഹിച്ച കഷ്ടപ്പാടുകളും നാമൊരിക്കലും മറക്കാന്‍ ഇടയില്ല.

നോമ്പിന്റെ ആദ്യ ദിവസമായ വിഭൂതി പൗരസ്ത്യ സഭകളില്‍ തിങ്കളാഴ്ചയും പാശ്ചാത്യസഭകളില്‍ ബുധനാഴ്ചയുമാണ് ആഘോഷിച്ചു വരുന്നത്. നെറ്റിയില്‍ ചാരം കൊണ്ട് കുരിശുവരച്ചാണ് എല്ലാ സഭകളിലും വിഭൂതിത്തിരുനാള്‍ ആഘോഷിക്കുന്നത്. പഴയ നിയമത്തില്‍ തങ്ങളുടെ പാപ പരിഹാരത്തിനായി ചാക്കുടുത്ത്, ചാരം പൂശി, ഉപവസിച്ച് പ്രാര്‍ത്ഥിച്ച നിനവെ നിവാസികളുടെ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും പ്രതീകമായിട്ടാണ് വലിയ നോമ്പാരംഭത്തിന് മുമ്പ് നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്നത്.

നെറ്റിയില്‍ പൂശാനുള്ള ചാരം പ്രധാനമായും ഉണ്ടാക്കുന്നത് ഓശാന ഞായറാഴ്ചയിലെ കുരുത്തോല ഉപയോഗിച്ചാണ്. ഇത് വിശുദ്ധ ബലിമധ്യേ വൈദികന്‍ വെഞ്ചരിച്ച് വിശ്വാസികളുടെ നെറ്റിയില്‍ പൂശുന്നു. വിശ്വാസികള്‍ ഈ ചാരം ഭവനങ്ങളില്‍ കൊണ്ടുപോയി ദൈവസംരക്ഷണത്തിന്റെ പ്രതീകമായി വീടിന്റെ കട്ടിളപടിയിന്മേല്‍ പൂശാറുണ്ട്.

വിഭൂതി നമ്മിലുണര്‍ത്തുന്ന വികാരം പശ്ചാത്താപത്തിന്റേതും അനുരജ്ഞനത്തിന്റേതുമാണ്. ഇത് വിശ്വാസികളെ തങ്ങള്‍ ചെയ്തുപോയ പാപത്തെക്കുറിച്ചുള്ള അവബോധത്തിലേക്കും അതുവഴിയായി കരുണാമയനായ ദൈവത്തിനുമാത്രമേ അതില്‍ നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ സാധുക്കൂ എന്ന തിരിച്ചറിവിലേക്കും വളര്‍ത്തുന്നു.

വിഭൂതിത്തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കായി ചാരം ഉപയോഗിക്കുന്നത് മരണത്തിന്റെ പ്രതീകമായിട്ടുകൂടിയാണ്. മണ്ണില്‍ നിന്ന് വന്ന നാം ജീവിതാവസാനം മണ്ണിലേക്കും ചാരത്തിലേക്കും തന്നെ മടങ്ങേണ്ടി വരുമെന്നും ഉള്ള ഒരനുസ്മരണമാണ് ചാരം പൂശുന്നതിലൂടെ നാം നടത്തുന്നത്. അതോടൊപ്പം തന്നെ നോമ്പുകാലം യേശുക്രിസ്തുവിന്റെ മരണത്തിന്റെ അനുസ്മരണം കൂടിയാണെന്ന് മനസിലാക്കാന്‍ വിഭൂതി ക്രിസ്ത്യാനികളെ സഹായിക്കുന്നു.

ഓരോ തിരുനാളുകളും കൂടുതല്‍ നന്മയിലേക്കും വിശുദ്ധിയിലേക്കും വളരാനുള്ള ചൂണ്ടുപലകകളാണ്. അതിനാല്‍ തന്നെ അത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ്. വിഭൂതിത്തിരുന്നാളും നമ്മെ കൂടുതല്‍ നന്മയിലേക്കും വിശുദ്ധിയിലേക്കും നയിക്കട്ടെ. മാഞ്ഞുപോകുന്ന വിഭൂതിക്കുറിയോടൊപ്പം വിഭൂതിത്തിരുന്നാള്‍ നമ്മില്‍ നിക്ഷേപിക്കുന്ന നന്മയും, വിശുദ്ധിയും, സ്‌നേഹവും, സന്തോഷവും മായാതിരിക്കട്ടെ…..!

സിബിന്‍ ജോസഫ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.