വത്തിക്കാന്‍ മ്യൂസിയത്തിന് രണ്ടാമതൊരു പ്രവേശനകവാടം

ജോ ജോസഫ് ആന്റണി

വത്തിക്കാന്‍ മ്യൂസിയത്തിന് രണ്ടാമതൊരു പ്രവേശക കവാടം നിര്‍മ്മിക്കുമെന്ന് വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍, ബാര്‍ബര ജെത്ത പ്രസ്താവിച്ചു. പുരാതനവും, ഇപ്പോള്‍ ഒരു പ്രവേശനകവാടം മാത്രമുള്ളതുമായ വത്തിക്കാന്‍റെ പ്രദര്‍ശനാലയത്തിന് രണ്ടാമതൊരു കവാടംകൂടെ വിഭാവനംചെയ്യുന്നതെന്ന് ജെത്ത പറഞ്ഞു.

വലുപ്പംകൊണ്ടും ശേഖരങ്ങളുടെ മൂല്യവും കാലപ്പഴക്കവുംകൊണ്ട് ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് സന്ദര്‍ശകരുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥമാണ് രണ്ടാമതൊരു കവാടത്തെക്കുറിച്ച് ചിന്തിച്ചതെന്ന് 2017 ജനുവരിയില്‍ ഡയറക്ടര്‍ സ്ഥാനമേറ്റ ബാര്‍ബര ജെത്ത വ്യക്തമാക്കി.

മൈക്കിള്‍ ആഞ്ചലോയുടെ വിശ്വത്തര കലാസൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേള ഉള്‍പ്പടെ വന്‍പ്രദര്‍ശനാകാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വത്തിക്കാന്‍ മ്യൂസിയത്തില്‍ എത്തുന്ന സന്ദര്‍ശകരെ പ്രവേശനത്തിനായി നീണ്ടനിരയില്‍ തണുപ്പത്തും വെയിലത്തും കാത്തുനിര്‍ത്തി വിഷമിപ്പിക്കാതിരിക്കാനാണ് പുതിയ കവാടം.

കാര്യക്ഷമമായും ചുരുങ്ങിയ സമയത്തിലും മ്യൂസയത്തിന്‍റെ വിവിധ ഘട്ടങ്ങളില്യ്ക്ക് സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാന്‍ രണ്ടാമത്തെ കവാടം സഹായകമാകുമെന്നാണ് വിശ്വാസമെന്ന് ബാര്‍ബര ജെത്ത അഭിപ്രായപ്പെട്ടു.

വത്തിക്കാന്‍ മ്യൂസിയം കാഴ്ചവസ്തുക്കളുടെ ശേഖരം മാത്രമല്ല, കലാമൂല്യത്തോടൊപ്പം വിശ്വാസചൈതന്യവും, വിശ്വാസസാക്ഷ്യവും വെളിപ്പെടുത്തുന്ന കലയുടെ ശ്രീകോവിലാണിതെന്ന് ജെത്തയുടെ പ്രസ്താവന സാക്ഷ്യപ്പെടുത്തി.

ജോ ജോസഫ് ആന്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.