2020 വര്‍ഷത്തില്‍ വത്തിക്കാന്‍ ബാങ്കിന് 44 മില്യണ്‍ ഡോളര്‍ ലാഭം

വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് വര്‍ക്ക്‌സ്, തങ്ങള്‍ക്ക് 2020 വര്‍ഷത്തില്‍ 44 മില്യണ്‍ ഡോളര്‍ ലാഭം കിട്ടിയതായി അറിയിച്ചു. ആഗോള സാമ്പത്തികരംഗം മുഴുവനിലും മഹാമാരിയുടെ പ്രതിഫലനം ഉണ്ടായെങ്കിലും വത്തിക്കാന്‍ ബാങ്കിന്റെ നേട്ടം സന്തോഷകരമാണെന്ന് കര്‍ദ്ദിനാള്‍ സൂപ്പര്‍വൈസറി കമ്മീഷന്റെ പ്രസിഡന്റ്, കര്‍ദ്ദിനാള്‍ സാന്തോസ് ആബടില്‍ കാസ്‌റ്റെല്ലോ പറഞ്ഞു.

വത്തിക്കാന്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 46 മില്യണായിരുന്നു വാര്‍ഷിക ലാഭം. കോവിഡ് മഹാമാരി മൂലം വത്തിക്കാന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ വത്തിക്കാന്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും ഏറെനാള്‍ അടഞ്ഞുകിടന്നിട്ടും ഇത്രയും നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബാങ്കിന്റെ മറ്റ് അധികാരികളും സൂചിപ്പിച്ചു.

ലാഭത്തിന്റെ 75 ശതമാനവും പാപ്പായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും ബാക്കി 25 ശതമാനം ബാങ്കിന്റെ ഓഹരികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കാനാണ് കര്‍ദ്ദിനാള്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. 107 ജീവനക്കാരും 14,991 ഇടപാടുകാരുമാണ് വത്തിക്കാന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ബാങ്കിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.