പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗത്തിനെതിരെ പരിശുദ്ധ സിംഹാസനം

പരമ്പരാഗത ആയുധ ഉപകരണങ്ങളുടെ ഉപയോഗനിയന്ത്രണത്തെ സംബന്ധിച്ച് ജനീവയിൽ നടന്ന ആറാമത് സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി സംഘത്തിന്റെ തലവൻ മോൺസിഞ്ഞോർ ജോൺ പുത്സർ നടത്തിയ പ്രസ്താവന.

അമിതമായ പ്രഹരശേഷിയുള്ളതും അനിയന്ത്രിതമായ പ്രത്യാഘാതങ്ങൾ ഉള്ളതുമായ പരമ്പരാഗത യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിനെതിരെ വത്തിക്കാൻ പ്രസ്താവന നടത്തി. ഡിസംബർ 14 -ന്, പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണവും നിരോധനവും സംബന്ധിച്ച് ജനീവയിൽ വച്ചു നടന്ന ആറാമത് അവലോകന സമ്മേളനത്തിൽ സംസാരിക്കവെ, വത്തിക്കാൻ പ്രതിനിധി സംഘത്തിന്റെ തലവൻ മോൺസിഞ്ഞോർ ജോൺ പുത്സർ, ഇതുപോലെയുള്ള ആയുധങ്ങളുടെ ഉപയോഗം, യുദ്ധങ്ങളും മറ്റു സംഘർഷങ്ങളും നടക്കുന്നയിടങ്ങളിൽ താമസിക്കുന്ന സാധാരണ ആളുകൾക്കുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല എന്നു പറഞ്ഞു.

യുദ്ധം ഒരു പരാജയം

സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവ എല്ലാ മനുഷ്യരുടെയും ആഗ്രഹവും ആവശ്യവുമാണെന്ന് എല്ലാവർക്കുമറിയാമെങ്കിലും ഇതുപോലെ ഒരു അവലോകന സമ്മേളനത്തിൽ, സംഘർഷമേഖലകളിൽ താമസിക്കുന്ന സാധാരണ ആളുകളുടെ ജീവിതത്തിൽ മേൽ ഉദ്ധരിച്ച പരമ്പരാഗത ആയുധങ്ങൾ ഉണ്ടാക്കുന്ന ആഘാതം എത്രയാണെന്ന് ആലോചിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഓരോ യുദ്ധങ്ങളും ലോകത്തെ മുമ്പുള്ളതിനേക്കാൾ മോശമായ ഒരു ഇടമായാണ് അവശേഷിപ്പിക്കുന്നതെന്നും യുദ്ധം, രാഷ്‌ട്രമീമാംസയുടെയും മാനവികതയുടെയും പരാജയമാണെന്നും ഓരോ യുദ്ധങ്ങളും യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ എന്ന പേരിൽ അവശേഷിപ്പിക്കുന്ന നിരവധി മരണങ്ങൾ നമുക്ക് അവഗണിക്കാനാകില്ല എന്നും മോൺസിഞ്ഞോർ പുത്സർ പറഞ്ഞു.

പൊതുവായ സുരക്ഷ

ഓരോ യുദ്ധങ്ങളും അവശേഷിപ്പിക്കുന്ന സ്ഫോടനാവശിഷ്ടങ്ങൾ, പ്രാദേശിക ജനങ്ങൾക്കു സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങൾക്കു പുറമെ, പ്രാദേശികവും ദേശീയവുമായ പ്രശ്നങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ട്. ചെറിയ ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യേകിച്ച്, സ്കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവക്കു നേരെ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല.

നിലവിലെ കോവിഡ് മഹാമാരിയും അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ലോകത്തെമ്പാടും സൈനിക ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന പണത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് തികച്ചും ആക്ഷേപകരമാണെന്നും ഇങ്ങനെയുള്ള തുക യഥാർത്ഥത്തിൽ ദാരിദ്ര്യം, അസമത്വം, അനീതി, എന്നിവക്കെതിരെയും വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നിവയിലേക്കുമാണ് പോകേണ്ടിയിരുന്നത് എന്നും വത്തിക്കാൻ പ്രതിനിധി അഭിപ്രായപ്പെട്ടു.

പൊതുനന്മ ലക്ഷ്യമാക്കുക

നിരായുധീകരണം, വികസനം, സമാധാനം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മൂന്നു വിഷയങ്ങളാണ് എന്നുപറഞ്ഞ മോൺസിഞ്ഞോർ പുത്സർ, ഓരോ രാജ്യത്തിനും സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ അവകാശം നിലനിൽക്കെത്തന്നെ ദേശീയസുരക്ഷാ എന്ന കപടലക്ഷ്യത്തോടെ ആയുധങ്ങൾ അളവില്ലാതെ ശേഖരിക്കുന്നത് തെറ്റായ യുക്തിയാണെന്നും കൂട്ടിച്ചേർത്തു.

കുറച്ച് ആളുകളുടെ സുരക്ഷയെ മറ്റുള്ളവരുടെ പൊതുവായ സുരക്ഷയിൽ നിന്നും സമാധാനത്തിൽ നിന്നും മാറ്റിനിർത്താമെന്ന് ചിന്തിക്കുന്നതു പോലും വഞ്ചനാപരമാണെന്നും പറഞ്ഞ വത്തിക്കാൻ പ്രതിനിധി, കോവിഡ് മഹാമാരി പഠിപ്പിച്ച പാഠങ്ങളിൽ ഒന്നാണിതെന്നും കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.