ദുരിത ബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ 

കുതിച്ചെത്തിയ പ്രളയത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപെട്ടു കരക്കെത്തിയവരാണ് കേരള ജനത. ഇട്ട വസ്ത്രവും ജീവനും മാത്രമാണ് ഇന്ന് പലര്‍ക്കും കൈമുതൽ. ഒരായുസിന്റെ സന്തോഷവും സമ്പാദ്യവും പ്രളയമെടുത്തപ്പോൾ നോക്കി നില്ക്കാൻ മാത്രമാണ് ഇവർക്കായത്. മുന്നിൽ നഷ്ടങ്ങളുടെ നീണ്ട നിര മാത്രം. ഈ അവസരത്തിൽ ദുരിതബാധിതരായ ആളുകളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

എല്ലാം നഷ്ടപെട്ട ആളുകൾ വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു സമയമാണ്. ആശങ്കകളുടെയും ആകുലതകളുടെയും കുത്തൊഴുക്കാണ് പല മനസ്സുകളിലും ഇപ്പോൾ. ഈ അവസരത്തിൽ അത്തരം ആശങ്കകളെ തിരിച്ചറിഞ്ഞു അതിൽ നിന്ന് പുറത്തു കടക്കുവാൻ സഹായിക്കുന്ന മാർഗ്ഗ നിദ്ദേശങ്ങൾ പങ്കു വയ്ക്കുകയാണ് ലൈഫ് ഡേ.

പൊതുവായ പ്രശ്നങ്ങൾ 

ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആളുകൾക്ക് പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്നും എങ്ങനെ അതിനെ നേരിടണം എന്നും അറിയില്ല.   ദുരന്തം നേരിട്ടോ പരോക്ഷമായോ ബാധിച്ചവരിൽ ഈ സംഭവങ്ങൾ വലിയ സമ്മർദ്ദവും ഉത്കണ്ഠയും സൃഷ്ടിക്കുന്നു. ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിലും ആഴ്ചയിലുമുള്ള ചില പൊതുവായ പ്രതികരണങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം:

1. അവിശ്വാസം/ ഞെട്ടൽ : നേരിട്ട ഒരു പ്രളയത്തിൽ നിന്ന് തങ്ങൾ രക്ഷപെട്ടു എന്നൊരു വിശ്വാസമില്ലായ്മ, ദുരന്തം മനസിലേൽപ്പിച്ച ഒരു ആഘാതം – ഇതിൽ നിന്നു ആളുകൾ മോചിതരായിരിക്കില്ല.

2. നാളെയെക്കുറിച്ചുള്ള ഭയവും ആകുലതയും: എല്ലാം നഷ്ടപ്പെട്ടു.  ഇനി എന്ത്, നാളെ എങ്ങനെയാവും, എങ്ങനെ ജീവിക്കും എന്നുള്ള ആകുലതയും ഭയവും ആണ് ദുരന്ത മുഖത്തു നിന്ന് എത്തുന്നവരെ സമ്മർദ്ദത്തിൽ ആകുന്ന പ്രധാനപ്പെട്ട ചിന്ത.

3. ക്രമീകൃതമല്ലാത്ത അവസ്ഥ: എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കാൻ കഴിയാത്ത, തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയാത്ത അവസ്ഥ.

4. വൈകാരികമായ മരവിപ്പ്: ക്യാമ്പുകളിലും മറ്റും കഴിയുന്നവരിൽ വൈകാരികമായ ഒരു മരവിപ്പ് ഉണ്ടാകാൻ ഇടയുണ്ട്.

5. ദുഃസ്വപ്‌നം: ഒരു ദുരന്തത്തെ മുന്നിൽ കണ്ടത് കൊണ്ടും അതിനെക്കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞത് കൊണ്ടും ദുസ്വപ്നങ്ങളും മറ്റും ഉണ്ടാകാം.

6. കോപം: എന്തിനോടും ഏതിനോടും ദേഷ്യപ്പെടുകയും ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥപ്പെടുകയും ചെയ്യാം.

7. വിഷാദം: നഷ്ടങ്ങളെ ഓർത്തുള്ള വിഷാദവും ദുഖവും പ്രളയത്തെ നേരിട്ട വ്യക്തികളിൽ ഉണ്ടാകാം.

8. ശക്തിയില്ലായ്മ: പ്രളയത്തിൽ നിന്നും രക്ഷപെട്ടവർക്കു ഒരു ആത്മവിശ്വാസക്കുറവ് , ഒന്നും ചെയ്യാൻ ശക്തിയില്ലായ്മ ഇവ ഉണ്ടാകാം.

9. ആഹാരക്രമത്തിൽ വ്യത്യാസം: ചിലർ ഒരുപാട് ഭക്ഷണം കഴിച്ചു എന്നും മറ്റുള്ളവർ ഭക്ഷണം കഴിക്കാതെ ഇരുന്നെന്നും വരാം.

10. കരച്ചിൽ: ഇത്തരം മാനസിക അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ചിലർ പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാതെ കരഞ്ഞുകൊണ്ട് ഇരിക്കുന്നതായി കാണാം.

11. ശാരീരിക അസ്വസ്ഥതകൾ: തലവേദന, വയറുവേദന, നടുവ് വേദന തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉള്ളിലെ സമ്മർദ്ദത്തിന്റെ ബാക്കിപ്പത്രമാകാം.

12. ഉറക്കം: ചിലർ അമിതമായി ഉറങ്ങുന്നതും ചിലർ ഉറക്കമില്ലാതെ നടക്കുന്നതും ആയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.

13. ലഹരിയുടെ ഉപയോഗം: ഇത്തരം ആളുകൾ ആശ്വാസം തേടി മദ്യത്തിലും മറ്റു ലഹരി വസ്തുക്കളിലും കൂടുതൽ ആശ്രയിക്കും.

ഒരു ഭീതിയുടെ നിഴലിൽ നിന്നും രക്ഷപെടുന്നവരിൽ ഇതൊക്കെ സാധാരണയായി കാണുന്നവയാണ്. എന്നാൽ ഉള്ളിലുള്ള ഈ സമ്മർദ്ദത്തെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. അതിനുള്ള പരിഹാര മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുക;

1. മനസ് തുറന്നു സംസാരിക്കുക: നിങ്ങൾ നേരിട്ട അനുഭവം ക്യാമ്പിലുള്ള മറ്റുള്ളവരോടോ സഹായിക്കുന്നവരോടോ പങ്കുവയ്ക്കുക. അതിലൂടെ നിങ്ങളുടെ ഉള്ളിലെ സമ്മർദ്ദം കുറയ്ക്കുവാൻ കഴിയും.

2. കുടുംബത്തോടൊപ്പം ആയിരിക്കുക: കഴിയുന്നതും സമയം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പവും ആയിരിക്കുക. എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്താണെങ്കിൽ അവരുമായി ഫോൺ മാർഗവും മറ്റും സാമിപ്യം അറിയിക്കുക. കുട്ടികളോട് അവർ നേരിട്ട അനുഭവത്തെ കുറിച്ച് പങ്കു വയ്ക്കുവാൻ പറയുക.

3. നിങ്ങളെത്തന്നെ സൂക്ഷിക്കുക: അധികം ആലോചിച്ചു കാടുകയറാതിരിക്കുക. വിശ്രമിക്കുക. ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുക. മദ്യം, പുകവലി തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക. ഇവയുടെ ഉപയോഗം നിങ്ങളുടെ ഉള്ളിലെ സമ്മർദ്ദം കൂട്ടുകയേ ഉള്ളു.

4. ദുരന്തവാർത്തകൾ ഒഴിവാക്കുക: വീണ്ടും ദുരന്തവാർത്തകൾ കേൾക്കുന്നതും കാണുന്നതും ഒഴിവാക്കുക.

5. മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുക: നിങ്ങളുടെ മനസിനെ സ്വസ്ഥമാക്കുന്ന പ്രവർത്തികളിൽ അതായത് വായന, പാട്ട്, സംസാരം , ഡാൻസ് തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുക.

6. ഒരു സമയത്ത് ഒരു കാര്യം ചെയ്യുക: ഒന്നിലധികം കാര്യങ്ങൾക്കു പോകാതെ ഓരോന്നോരോന്നായി ചെയ്തു തീർക്കുക. ഒരുപാട് കാര്യങ്ങൾ ചിലപ്പോൾ ഉദ്ദേശിച്ച സമയത്ത് ചെയ്തു തീർക്കാനായി എന്ന് വരില്ല. അത് ചിലപ്പോൾ നിങ്ങളുടെ സമ്മർദ്ദം ഉയർത്തും.

7. പോസിറ്റിവ് ആയ കാര്യങ്ങളിൽ ഏർപ്പെടുക: ദുരിതങ്ങൾക്കിടയിലും ദുരിതാശ്വാസകരായി മാറാം. കൂടെയുള്ളവരെ ആശ്വസിപ്പിക്കുക, നിങ്ങൾക്കു സഹായമെത്തിക്കുന്നവരെ സഹായിക്കുക, അവരോടൊപ്പം കൂടുക തുടങ്ങി നിങ്ങളാൽ കഴിയുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ ചെയ്യുക.

8. മദ്യം ഒഴിവാക്കുക: മദ്യവും മയക്കുമരുന്നും നിങ്ങളുടെ സമ്മർദം കുറയ്ക്കും എന്ന ധാരണയുണ്ട്. എന്നാൽ അത് ശരിയല്ല. അത് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് മനസിലാക്കുക.

9. ആവശ്യമായ ഘട്ടത്തിൽ സഹായം തേടാം: നിങ്ങളുടെ അവസ്ഥകൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കു വിശ്വാസമുള്ള ഒരു ബന്ധുവിന്റെയോ ഡോക്ടറുടെയോ സഹായം തേടാം. ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ അടുക്കൽ നിങ്ങൾ നേരിട്ട അനുഭവങ്ങൾ പങ്കുവയ്ക്കുക. ഒറ്റയ്ക്കായിരിക്കാൻ ശ്രമിക്കരുത്. സഹായം ചോദിക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല.

മേൽ പറഞ്ഞ നിർദ്ദേശങ്ങളിലൂടെ ശരിയയായ മാനസിക ആരോഗ്യം വീണ്ടെടുക്കാം. ദുരിതങ്ങളും വേദനകളും ഒറ്റപ്പെടലുകളും നഷ്ടങ്ങളും ജീവിതത്തിൽ സാധാരണമാണ് എന്ന് മനസിലാക്കുക. ഒരുമിച്ചു നിന്ന് നമ്മൾ ഏതിനെയും അതിജീവിക്കും എന്ന പ്രത്യാശയോടെ മുന്നേറുക. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.