അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഒന്നാം ലോകമഹായുദ്ധത്തിന്റെ മറവില്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ തുര്‍ക്കി കൊന്നൊടുക്കിയ സംഭവത്തെ വംശഹത്യയായി അംഗീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ് ബൈഡന്‍. അര്‍മേനിയന്‍ ‘വംശഹത്യ’ യുടെ 106-ാം വാര്‍ഷികദിനത്തിലാണ് ബൈഡന്റെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്. അനുസ്മരണദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പ്രസ്തുത പ്രഖ്യാപനം അമേരിക്കയും തുര്‍ക്കിയും തമ്മിലെ അസ്വസ്ഥമായ ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മനുഷ്യാവകാശങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ അമേരിക്ക തീരുമാനിക്കുകയായിരുന്നു.

“ഓട്ടോമന്‍ കാലഘട്ടത്തില്‍ നടന്ന അര്‍മേനിയന്‍ വംശഹത്യയെപ്പറ്റി എല്ലാ വര്‍ഷവും ഇതേ ദിവസം നാം സ്മരിക്കുകയും ഇങ്ങനെയൊരു അതിക്രമം ഇനിയും ഉണ്ടാകാതിരിക്കാനായി തീരുമാനമെടുക്കുകയും” ചെയ്യാറുണ്ടെന്ന് ബൈഡന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. “സംഭവിച്ചതിനെയോര്‍ത്ത് വിലപക്കുന്നതോടൊപ്പം വരുംതലമുറയിലേയ്ക്കും നമുക്ക് കണ്ണുകള്‍ തിരിക്കാം. മതഭ്രാന്തും അസഹിഷ്ണതയും ഇല്ലാത്ത, മനുഷ്യാവകാശങ്ങളെ മാനിക്കുന്ന, അഭിമാനത്തോടും സ്വാതന്ത്രത്തോടും കൂടെ ആളുകള്‍ ജീവിതം നയിക്കുന്ന ഒരു ലോകമായിരിക്കട്ടെ വരാനിരിക്കുന്നത്. ലോകത്തൊരിടത്തും ഇത്തരം അസ്വസ്ഥതകളും പീഡനങ്ങളും ഉണ്ടാകാതിരിക്കട്ടെ. സൗഖ്യവും യോജിപ്പും എല്ലായിടത്തും വ്യാപിക്കട്ടെ” – ബൈഡന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ജോ ബൈഡന്‍ ഈ പ്രഖ്യാപനത്തിലൂടെ നിറവേറ്റിയിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള ഏതാണ്ട് നൂറോളം പ്രതിനിധികള്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈഡന് തുറന്ന കത്തെഴുതുക കൂടി ചെയ്തതോടെയാണ് വിഷയം കൂടുതല്‍ സജീവമായത്. മുന്‍ഗാമികളായ പല പ്രസിഡന്റുമാരും ഭയന്നതും മനഃപൂര്‍വ്വം ഒഴിവാക്കിയതുമായ പ്രയോഗം കൂടിയായിരുന്നു അര്‍മേനിയന്‍ ‘വംശഹത്യ’  എന്നത്. ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ബറാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രസിഡന്റുമാര്‍ അര്‍മേനിയന്‍ കൂട്ടക്കൊല അനുസ്മരണ പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വംശഹത്യ എന്ന പദം ഉപയോഗിച്ചിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ വിപ്ലവകരമായ ഒരു നീക്കമാണ് ബൈഡന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ വംശഹത്യയായി അംഗീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ നേരത്തെ തന്നെ അറിയിച്ചതായും എന്നാല്‍ ബൈഡന്റെ പ്രഖ്യാപനത്തെ തുര്‍ക്കി ശക്തമായി എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രഖ്യാപനം ഔദ്യോഗികമായി നടന്നതിനുശേഷവും തുര്‍ക്കിയുടെ ഭാഗത്തു നിന്ന് അതിനെ നിഷേധിച്ചുകൊണ്ടുള്ള പ്രതികരണം തന്നെയാണുണ്ടായത്. ‘ഞങ്ങളുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് മറ്റാരില്‍ നിന്നും പഠിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. രാഷ്ടീയ അവസരവാദമാണ് സമാധാനവും നീതിയും തകര്‍ക്കുന്നത്. ജനപ്രീതി മാത്രം ലക്ഷ്യം വച്ചുള്ള ഈ പ്രസ്താവനയെ പൂര്‍ണ്ണമായും നിഷേധിക്കുന്നു’ എന്നാണ് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലുവും പറഞ്ഞത്.

1915 ഏപ്രില്‍ 24-ന് ഏതാനും അര്‍മേനിയന്‍ നേതാക്കളെ തുര്‍ക്കി കൊലപ്പെടുത്തി. അതിനാല്‍ ഈ ദിവസമാണ് അര്‍മേനിയന്‍ വംശഹത്യ തുടങ്ങിയ ദിവസമായി കരുതപ്പെടുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അര്‍മേനിയയില്‍ 1915 – 1923 കാലഘട്ടത്തില്‍ 15 ലക്ഷം പേരെ സൈന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം. എന്നാല്‍, ഈ കണക്കുകള്‍ പെരുപ്പിച്ചതാണെന്നും വംശഹത്യ നടത്തിയിട്ടില്ലെന്നും ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാണെന്നുമാണ് തുര്‍ക്കി വാദിക്കുന്നത്.

മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരിക്കുന്ന പ്രഖ്യാപനമെന്ന് അര്‍മേനിയന്‍ അസംബ്ലി ഓഫ് അമേരിക്കയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രയാന്‍ അര്‍ദൂനി പറഞ്ഞു. മറ്റ് പല അര്‍മേനിയന്‍ സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.