പാവങ്ങളുടെ മനസും വയറും നിറയ്ക്കുന്ന ഇക്വഡോർ വൈദികന് അർബൻ ഹീറോ പുരസ്കാരം

ഇക്വഡോറിലെ നഗരത്തിൽ ആർക്കും എപ്പോഴും കടന്നുചെല്ലാവുന്ന ഒരു ഊണുമുറിയുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കുള്ള വലിയ ആശ്വാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ഡൈനിങ്ങ് റൂം. നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ വന്ന് ഭക്ഷണം കഴിച്ച് വയറും മനസ്സും നിറഞ്ഞുപോകുന്നത്. ഇതിനെല്ലാം നേതൃത്വം നൽകുന്നതോ ഒരു പുരോഹിതനും. ബ്രദർ ഇൻ നീഡ് ലോർഡ് ഫോർ ഗുഡ് ഹോപ്പ് എന്ന സംഘടനയിലൂടെ ഇക്വഡോറിലെ ജനത്തിന്റെ വിശപ്പ് മാറ്റാൻ പരിശ്രമിക്കുന്ന അദ്ദേഹത്തെ ‘അർബൻ ഹീറോ’ എന്ന ബഹുമതിയാണ് തേടിയെത്തിയിരിക്കുന്നത്.

‘ലോർഡ് ഓഫ് ഗുഡ് ഹോപ്പ്’ എന്ന പ്രാർത്ഥനാഗ്രൂപ്പിന്റെ ഒരു പ്രവർത്തനമായി തുടങ്ങിയ ഈ കാരുണ്യപ്രവർത്തിക്കു പിന്നിൽ ഈ വൈദികനൊപ്പം സേവനതൽപരരായ അനേകം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം സാമ്പത്തികമായി സഹായം ചെയ്യുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമുണ്ട്. അവർക്കെല്ലാമായി തനിക്കു ലഭിച്ച ഈ ബഹുമതിയെ സമർപ്പിക്കുകയാണ് ഫാ. മലാവേ.

“കുടുംബനാഥന്മാരുടെ വർദ്ധിച്ച മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം മൂലം ദാരിദ്ര്യത്താൽ വിഷമിക്കുന്ന കുടുംബങ്ങൾ, പ്രായമായവർ, അഭയാർത്ഥികൾ, അവിവാഹിതരായ അമ്മമാർ, തെരുവ് കച്ചവടക്കാർ, വികലാംഗർ, ഭവനരഹിതർ എന്നിവരൊക്കെ ഇവിടെ വന്നു ഭക്ഷണം കഴിക്കുന്നു. സ്നേഹം നിറഞ്ഞ ഒരേ പാത്രത്തിൽ നിന്നാണ് അവർ കഴിക്കുന്നത്. അത് വെറും ഭക്ഷണമല്ല, മറിച്ച് തന്റെ അയൽക്കാരനു വേണ്ടി ചെറുതും വലുതുമായ സംഭാവന ചെയ്യുന്നവരുടെ സ്നേഹമാണ്” – ഫാ. മലാവേ പറയുന്നു.

സേവനം ചെയ്യുന്ന എല്ലാവരെയും അഭിനന്ദിച്ച അദ്ദേഹം ഇത്തരത്തിൽ സേവനം ചെയ്യുന്നതും അറിയപ്പെടാതെ പോകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, ഇടവകാംഗങ്ങൾ, ഇടവകകളിലെ പ്രാർത്ഥനാ ഗ്രൂപ്പുകൾ, നിസ്വാർതരായ ആളുകൾ എന്നിവരെയെല്ലാം അവാർഡ് ഏറ്റുവാങ്ങിയ ചടങ്ങിൽ പ്രത്യേകമായി അനുസ്മരിച്ചു.

നഗരമധ്യത്തിൽ ഭവനരഹിതരായ 80 പേർക്ക് ദിവസവും ഭക്ഷണം നൽകിവരുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 550 -ഓളം പേർക്ക് ഭക്ഷണം നൽകുന്നു. കഴിഞ്ഞ ഒൻപതു വർഷങ്ങളായി അനേകരുടെ വിശപ്പടക്കുവാൻ ഫാ. മലാവയുടെയും മറ്റു അംഗങ്ങളുടെയും അടുക്കള നിരന്തരം പ്രവർത്തിക്കുന്നു. പ്രാർത്ഥനയിൽ പൊതിഞ്ഞ ഈ ഭക്ഷണപ്പൊതികൾക്കുള്ളിൽ ക്രിസ്തുവിന്റെ സ്നേഹം വിളമ്പുന്ന ഫാ. മലാവയും സംഘവുമാണ് യേശുവിന്റെയും ലോകത്തിന്റയും മുൻപിൽ യഥാർത്ഥ ‘ഹീറോ’കൾ എന്നതിൽ സംശയമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.