കാബൂളിലേക്ക് കൂടുതൽ മരുന്നുകൾ എത്തിച്ച് യുണിസെഫ്

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നാൽപത് ടണ്ണോളം മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും എത്തിച്ചതായി യുണിസെഫ്. കഴിഞ്ഞ ആഴ്ചകളിൽ, കാബൂൾ നഗരത്തിലും പരിസര ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ട അതിരൂക്ഷ അതിസാര കേസുകളുടെ എണ്ണം 1,500 ആയി. ഈയൊരു സാഹചര്യത്തിലാണ് അടിയന്തിരമായി മരുന്നുകൾ എത്തിച്ചത്. രാജ്യത്ത് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവു മൂലമുള്ള ബുദ്ധിമുട്ടുകൾ, അഞ്ചാം പനി, കോവിഡ് -19 പോലുള്ള പകർച്ചവ്യാധികൾ എന്നിവ രൂക്ഷമായിരിക്കുന്ന സമയത്താണ് നിലവിൽ പുതിയ ഈ പകർച്ചവ്യാധി എത്തിയത്.

അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചു വരുന്ന അതിരൂക്ഷമായ അതിസാരവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പ്രത്യേക കിറ്റുകളും മരുന്നുകളും ഉൾപ്പെടെ ഏകദേശം 40 ടൺ മെഡിക്കൽ സാമഗ്രികൾ കാബൂളിൽ എത്തിച്ചതായി അഫ്‌ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി ഹെർവേ ലുഡോവിക് ദേ ലീസ് (Hervé Ludovic De Lys) അറിയിച്ചു. ഇത് ഏകദേശം 10,000 പേരെ ചികിത്സിക്കാൻ മതിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികൾ ഉൾപ്പെടുന്ന വലിയൊരു സമൂഹം, അവരുടെ നിലനിൽപ്പിനു തന്നെ ആശ്രയിക്കുന്ന അഫ്ഗാനിസ്ഥാനിലെ ആരോഗ്യസംവിധാനം ഏതാണ്ട് തകർച്ചയുടെ വക്കിലായിരിക്കുകയാണ്. ഈ നിർണ്ണായക അവസ്ഥയിൽ, രാജ്യത്ത് യുണിസെഫ് തങ്ങളുടെ സേവനം തുടരുകയാണെന്നും മുതിർന്നവർക്കും കുട്ടികൾക്കും പുതിയ രോഗചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണെന്നും യൂണിസെഫ് പ്രതിനിധി പറഞ്ഞു.

ആവശ്യമുള്ള ഇടങ്ങളിൽ സാധിക്കുന്നിടത്തോളം ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ 90,000 ആളുകൾക്കു കൂടി ഉപയോഗ്യമായ മരുന്നുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും യൂണിസെഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.