സുവിശേഷത്തിനായി ജീവൻ ത്യജിച്ച രണ്ട് വൈദികർ രക്തസാക്ഷിത്വ പദവിയിലേക്ക്

സുവിശേഷത്തിനായി ജീവൻ ത്യജിച്ച അർജന്റീനയിലെ രണ്ട് വൈദികരെ രക്തസാക്ഷി പഥത്തിലേയ്ക്ക് ഉയർത്തി. ഫാ. പെഡ്രോ ഒർട്ടിസ് ഡി സാറേറ്റും ഫാ. ജെസ്യൂട്ട് ജുവാൻ അന്റോണിയോ സോളിനാസും ആണ് ആ വൈദികർ. 1683 ഒക്ടോബർ 27 -നാണ് ഇവർ കൊല്ലപ്പെട്ടത്. ഈ വൈദികരുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഉത്തരവിൽ ഒക്ടോബർ 13 -ന് ഫ്രാൻസിസ് പാപ്പാ ഒപ്പിട്ടു. ഈ രണ്ട് രക്തസാക്ഷികളുടെ ജീവിതത്തെക്കുറിച്ച് വായിച്ചറിയാം.

പ്രദേശവാസികളെ സുവിശേഷവൽക്കരിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്ത ഈ വൈദികരെ അവിടെയുള്ള ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. സമാധാനപരമായ കാര്യങ്ങൾക്കായി അവരെ സമീപിച്ച ആ പ്രദേശത്തെ തന്നെ 150 -ഓളം പേർ ചേർന്ന് വൈദികരെ വളയുകയായിരുന്നു. ഈ മിഷനറിമാർ പ്രതിരോധിക്കാൻ മാർഗ്ഗമില്ലാതെ നിസ്സഹായരായപ്പോൾ അക്രമികൾ കുന്തങ്ങളും കോടാലികളും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. വളരെ ക്രൂരമായി പീഡിപ്പിക്കുകയും ശരീരം വികൃതമാക്കുകയും ഒടുവിൽ ശിരഛേദം ചെയ്യുകയും ചെയ്തു.

ഫാ. പെഡ്രോ ഓർട്ടിസ് ഡി സാറേറ്റ് 1626 ജൂൺ 29 -ന് അർജന്റീനയിലെ സാൻ സാൽവഡോർ ഡി ജുജൂയിയിൽ ആണ് ജനിച്ചത്. പതിനെട്ടാം വയസ്സിൽ അദ്ദേഹം വിവാഹം കഴിച്ചു; രണ്ട് മക്കളുമുണ്ടായിരുന്നു. അദ്ദേഹം മേയർ ഉൾപ്പെടെയുള്ള വിവിധ പൊതുപദവികൾ വഹിച്ചിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഭാര്യയുടെ മരണശേഷം അദ്ദേഹം പൗരോഹിത്യജീവിതം തുടരാൻ തീരുമാനിച്ചു. മക്കളുടെ വിദ്യാഭ്യാസം തന്റെ അമ്മൂമ്മയെ ഏൽപ്പിച്ച ശേഷം, പെഡ്രോ ഓർട്ടിസ് 1657 -ൽ പുരോഹിതനായി അഭിഷിക്തനായി.

ഒരു പുരോഹിതനെന്ന നിലയിൽ തീക്ഷ്ണമതിയായ ഒരു മിഷനറിയായിരുന്നു അദ്ദേഹം. 1659 -ൽ ഇടവക വികാരിയായിരുന്നു. അവിടെ അദ്ദേഹം 24 വർഷത്തോളം ശുശ്രൂഷ ചെയ്തു. പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന, ദൈവാലയ സംഗീതത്തിലുള്ള ശ്രദ്ധ, കൂദാശകളുടെ പരികർമ്മം എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

ഒറ്റപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങളിലേക്ക് എത്തുന്നതിനും ദരിദ്രരെയും രോഗികളെയും സഹായിക്കുന്നതിനും അദ്ദേഹം ദീർഘദൂരയാത്രകൾ നടത്തി. പള്ളികളുടെയും ചാപ്പലുകളുടെയും നിർമ്മാണം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തന്റെ വ്യക്തിപരമായ സമ്പാദ്യം പോലും പാവങ്ങൾക്കായി നൽകി. 1683 മെയ് മാസത്തിൽ അദ്ദേഹം മറ്റ് രണ്ട് പുരോഹിതന്മാരുമായി ഒരുമിച്ചുപോകുമ്പോൾ അവരിൽ ഫാ. ജുവാൻ അന്റോണിയോ സോളിനാസും ഉണ്ടായിരുന്നു. ദീർഘവും അപകടകരവുമായ ആ യാത്രയിൽ, അവിടെ തോബാസ് വംശീയവിഭാഗത്തിലെ അംഗങ്ങളുടെ ആക്രമണം ഇവർക്കെതിരെ നടന്നു.

ഇറ്റലിയിലെ ഒലീനയിലാണ് ജുവാൻ അന്റോണിയോ സോളിനാസ് ജനിച്ചത്. 1663 -ൽ അദ്ദേഹം ജെസ്യൂട്ട് സെമിനാരിയിൽ പ്രവേശിച്ചു. 1673 മെയ് 27 -ന് അദ്ദേഹം സന്യാസവൈദികനായി അഭിഷിക്തനായി. അദ്ദേഹം തന്റെ ശുശ്രൂഷയ്ക്കിടെ ആദിവാസിജനതയോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. ചില സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം ആദ്യം ബാഴ്സലോണയിലേക്കും അവിടെ നിന്ന് മാഡ്രിഡിലേക്കും ഒടുവിൽ സെവില്ലിലേക്കും മാറി.

1680 -ൽ അദ്ദേഹത്തെ ഒരു സൈനിക ചാപ്ലിനായി നിയമിച്ചു. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ അദ്ദേഹം 1683 -ൽ പെഡ്രോ ഓർട്ടിസ് ഡി സാറേറ്റിനൊപ്പം പാവങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1683 ഒക്ടോബർ 27 -ന് ഫോർട്ട് സാൻ റാഫേലിൽ വച്ച് വിശ്വാസം പങ്കുവച്ചതിന്റെ പേരിൽ ഈ രണ്ട് വൈദികരും കൊല്ലപ്പെട്ടു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.