ദിവ്യകാരുണ്യ ആശീർവാദത്താൽ പിൻവാങ്ങിയ സുനാമിത്തിരകൾ

1906 കോളബിയായിലെ ടുമാക്കോയിലാണ് ഈ അത്ഭുതം നടന്നത്.

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യന്റെ കൂടെ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സജീവസാന്നിധ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പസഫിക് സമുദ്രത്തില്‍ ഒരു വലിയ ഭൂമികുലക്കം ഉണ്ടായി. തൽഫലമായി പസഫിക്കിന്റെ തീരദേശങ്ങളിൽ ശക്തമായ സുനാമി ആഞ്ഞടിച്ചു. പല തീരദേശ നഗരങ്ങളും വെള്ളത്തിനടിയിലായി. എന്നാൽ കോളബിംയായിലെ ടുമാക്കോ നഗരം സുനാമിയുടെ കരാളഹസ്തത്തിൽ നിന്നു രക്ഷപെട്ടു. ഒരു ദിവ്യകാരുണ്യ ആശീർവാദമാണ് അലറിവന്ന സുനാമിത്തിരകളെ പുറകോട്ടു വലിച്ചത്.

ടുമോക്കായിലെ തദ്ദേശവാസികളുടെ വിവരണമനുസരിച്ച്, 1906 ജനുവരി 31-ന് രാവിലെ ഭൂകമ്പമുണ്ടായ ഉടനെ പരിസരവാസികൾ  ഇടവകപ്പള്ളിയിൽ അഭയംതേടി. കലിതുള്ളി വരുന്ന തിരമാലകളെ ശാന്തമാക്കുവാൻ യേശുവിനല്ലാതെ വേറെയാർക്കും കഴിയില്ലെന്ന വിശ്വാസം ഉണ്ടായിരുന്ന അവർ വികാരിയായ ഫാ. ജെറാഡോ ലാർറോണ്ടയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യത്തിന്റെ മുന്നിൽ ഒന്നിച്ചുചേർന്നു.

വൻതിരമാലകൾ ടുമാക്കോ പട്ടണത്തിനുനേരെ കലിതുള്ളി വരുമ്പോൾ ദിവ്യകാരുണ്യത്തെ കൈകളിലെടുത്തുകൊണ്ട് ഫാ. ലാർറോണ്ട വിശ്വാസികളോട് പറഞ്ഞു: “എന്റെ ജനമേ നമുക്ക് പോകാം, നമുക്ക് കടൽത്തീരത്തേയ്ക്കു പോകാം ദൈവം നമ്മുടെമേൽ കരുണ വർഷിക്കും.”

ധൈര്യപൂർവ്വം ഫാ. ലാർറോണ്ട  തിരകളെ സമീപിച്ചു. ദിവ്യകാരുണ്യം കൊണ്ട് അദ്ദേഹം ജലത്തിൽ കുരിശടയാളം വരച്ചു. തൽക്ഷണം തിരകൾ പിൻവാങ്ങാൻ തുടങ്ങി. ഇതിന് സാക്ഷ്യം വഹിച്ച ജനങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “നമ്മുടെ ദൈവം അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. ദൈവത്തിന്റെ കരം വലിയ വിനാശത്തിൽ നിന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.”

ഈ അത്ഭുതം കാട്ടുതീ പോലെ സമീപപ്രദേശങ്ങളിലെല്ലാം പരന്നു. തങ്ങളുടെ വിഷമാവസ്ഥയിൽ സഹായത്തിനെത്തിയ ദിവ്യകാരുണ്യത്തിനു മുമ്പിൽ അവർ വീണ്ടും മുട്ടുകുത്തി.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഫാ. ജയ്‌സണ്‍ കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.