കണ്ണീരിലലിഞ്ഞ കടലോരത്തെ ക്രിസ്മസ്

സന്തോഷത്തിനു പകരം കണ്ണീരിലലിഞ്ഞ പ്രാർഥനകളോടെയാണ് തീരപ്രദേശം ഇത്തവണ ക്രിസ്മസിനെ സ്വീകരിച്ചത്. കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായൊരു ക്രിസ്മസ്. ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ വലിയപങ്കും തിരികെയെത്താത്തതിന്റെ സങ്കടത്തിലാണ് തീരം. പൂന്തുറയും വിഴിഞ്ഞവും ദുരന്തത്തിന്റെ ആഘാതത്തിലാണ്. പള്ളിമുറ്റത്തെ ബോർഡുകളിൽനിന്ന് ഉറ്റവരുടെ പേരുകൾ വെട്ടുന്നതും കാത്തു കഴിയുകയാണ് നിരവധി കുടുംബങ്ങൾ.

പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുൻപിൽ ദുരന്തത്തിനു ശേഷമുയർന്ന കൂടാരങ്ങൾ ഇതുവരെ നീക്കിയിട്ടില്ല. അതിനുള്ളിൽ ഇപ്പോഴും ഉറ്റവരെ കാത്തിരിക്കുന്നവരുണ്ട്. കടലിൽനിന്ന് ഉയിരോടെ തിരിച്ചെത്തിയ 58 പേർ പൂന്തുറ പള്ളിയിൽ ഇന്നലെ പാതിരാ കുർബാനയിൽ കാഴ്ചകൾ സമർപ്പിച്ചു. വള്ളവും ഗ്ളോബും ബലിയുടെ പ്രതീകങ്ങളായി ഇവർ സമര്‍പ്പിച്ചു. പുല്‍ക്കൂടും കേക്കും ആഘോഷവുമില്ലാതെ പ്രാർഥന പൂര്‍ത്തിയാക്കി. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയിലെ തിരുനാളിന്റെയും ആഘോഷങ്ങൾ ഒഴിവാക്കി. നഗരങ്ങളും ആഘോഷത്തിൽ മിതത്വം പാലിച്ചു.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതാകുകയോ തകരുകയോ ചെയ്ത ബോട്ടുകളുടേയും അവയില്‍ ഉണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളുടേയും പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊച്ചിയില്‍നിന്ന് പോയ ഒന്‍പതു ബോട്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ആറെണ്ണം തകരുകയും മൂന്നെണ്ണം കാണാതാകുകയും ചെയ്തു. 15 മലയാളികള്‍ ഉള്‍പ്പെടെ 92 മല്‍സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു. തമിഴ്നാട്ടുകാരാണ് ഏറെയും. അസം, ആന്ധ്ര സ്വദേശികളും പട്ടികയിലുണ്ട്.

ഓഖി ചുഴലിക്കാറ്റിൽപെട്ട 207 മത്സ്യത്തൊഴിലാളികളെ (165 പേർ മലയാളികൾ) ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്ക്. 132 മലയാളികളുൾപ്പെടെ കാണാതായ 174 തൊഴിലാളികളുടെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ അതുമില്ല. വ്യോമ, നാവിക സേനകളുടെ തിരച്ചിൽ തുടരുന്നു. ഇതുവരെ 74 പേർ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരിൽ ഭൂരിപക്ഷവും 50 വയസ്സിൽ താഴെയുള്ളവരാണ്. 36 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞപ്പോൾ, 32 മൃതദേഹങ്ങൾ ആരുടെതെന്നു വ്യക്തമായിട്ടില്ല.

എന്നാൽ ലത്തീൻ കത്തോലിക്കാ സഭയുടെ കണക്ക് വ്യത്യസ്തമാണ്. 317 മൽസ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ടെന്ന് സഭ പറയുന്നു. തിരുവനന്തപുരത്തുനിന്നു ചെറുവള്ളങ്ങളിൽ പോയ 88 പേരും വലിയ ബോട്ടുകളിൽ പോയ 44 പേരും കൊച്ചി, തൂത്തൂർ മേഖലയിൽനിന്നു 185 പേരുമാണ് വരാനുള്ളത്. ഏതു വിധേനയും തൊഴിലാളികൾ  തിരുപ്പിറവി ദിനത്തിൽ വീടുകളിൽ മടങ്ങിയെത്തുമെന്ന പ്രത്യാശ തകർന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും പ്രതീക്ഷ കൈവിടാതെ പ്രാർഥനയോടെ കാത്തിരിപ്പിലാണ്. (കടപ്പാട്: മലയാള മനോരമ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.