കുറ്റിക്കലച്ചനു പ്രണാമം!

‘കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവൻ’ സ്‌നാപകയോഹന്നാനെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളാണ് (Jn 5:35) കുറ്റിക്കലച്ചൻ കടന്നുപോകുമ്പോൾ ഓർമയിൽ തെളിയുന്നത്. വിളക്ക് കൊളുത്തി പറയുടെ കീഴിൽ വച്ചാൽ അതു പറയുംകത്തിച്ചു പുറത്തുവരും എന്നു വടക്കനച്ചൻ പറഞ്ഞിട്ടുണ്ട്…. ആർക്കും കെടുത്താൻ കഴിയാത്ത അദമ്യമായ ആത്മവീര്യത്തിനുടമയായിരുന്നു അദ്ദേഹം…

അഗ്നി ആവാഹിച്ചവനാണെന്നതിന്റെ അടയാളമാണ് കാവി വസ്ത്രമെന്നന്നു അച്ചൻ പറഞ്ഞത് അദ്ദേഹത്തിൽ തന്നെ അന്വർത്ഥമായി. “He who is on fire cannot sit on a chair” എന്നു പടിയറ പിതാവ് പറയുമായിരുന്നു… കുറ്റിക്കലച്ചനും ആത്‌മാവിലെ കെടാത്ത തീയുമായി നടന്നു കേരളസഭയെ – പൊതു സമൂഹത്തെയാകെ ജ്വലിപ്പിച്ച ഒരു നവ പ്രോമിതിയുസ് ആയിരുന്നു എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ പരിചയപ്പെടുന്നത് 1985 ൽ വടവാതൂർ സെമിനാരിയിൽ വച്ചാണ്.

അവിടെ MTh പഠനത്തിന് വന്ന അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രാർത്ഥനാഗ്രൂപ്പാണ് പിന്നീട് തടവറ പ്രേഷിത പ്രസ്ഥാനമായ Jesus Fraternity ആയത്. അച്ചനോടൊന്നിച്ചു ഡീക്കന്മാരായ ഞങ്ങൾ അഞ്ചിൽ, വല്യാറ, മാണിയാട്ട്, തൊട്ടു താഴെയുള്ള കൊടിയൻ, കരിപ്പേരി (the pioneers) പവ്വത്തുപറമ്പിൽ തുടങ്ങി പത്തുപതിനഞ്ച് പേരുള്ള ഒരു ടീം 1986 ലെ അവധിക്കാലത്ത് കേരളത്തിലെ ആദ്യത്തെ ജയിൽ പ്രേഷിത യാത്ര നടത്തിയത് ഇന്നും മനസ്സിൽ പച്ച കെടാത്ത നില്കുന്നു…കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജയിലുകൾ, വഴിക്കുള്ള കുഷ്ഠരോഗാ ലയം, റെസ്ക്യു്ഹോമുകൾ ഒക്കെ ഞങ്ങൾ സന്ദർശിച്ചു. ജയിലുകളിൽ കലാപരിപാടികൾ, കൗണ്സിലിങ്ങ്, അനുവദിക്കുന്നയിടങ്ങളിൽ കുർബാന,പ്രസംഗങ്ങൾ ഒക്കെയുള്ള ആ യാത്രയിൽ അച്ചൻ ഒരു പ്രചോദനമായിരുന്നു. ജോൺ ജോസഫ് അച്ചൻ, കുരീക്കാട്ടിലച്ചൻ ഒക്കെ ഒപ്പമുള്ള ആ ആത്മീയ കൂട്ടായ്മയിൽ അച്ചന്റെ തീ പാറുന്ന പ്രസംഗങ്ങൾ, കോമ്പ്രോമിസ്‌ ഇല്ലാത്ത കുർബാന അർപ്പണങ്ങൾ, തീക്ഷ്ണ ജീവിത നിരീക്ഷണങ്ങൾ, തിരുത്തലുകൾ, പ്രോത്സാഹനങ്ങൾ എല്ലാം ഓർമയിൽ തെളിയുന്നു. 

പ്രവചനാതീതമായ പ്രവാചകനായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിറ്റിയുടെ അടിവേരുകൾ തേടി നടന്ന ഒരു റാഡിക്കൽ ക്രിസ്ത്യൻ പ്രീസ്റ്റ്! ആകാശപ്പറവ എന്ന പേര് അദ്ദേഹം പിന്നീട് തുടങ്ങിവച്ച പ്രസ്ഥാനത്തിനു മാത്രമല്ല അദ്ദേഹത്തിനും നന്നായി ചേരും. പാറിപ്പറന്നു നടക്കുന്ന, എവിടെയും മുട്ടയിടാൻ മടിക്കാത്ത ഒരു ആകാശപ്പറവ….
ചിലതു വിരിഞ്ഞില്ലെങ്കിലും മറ്റു ചിലതു പരുന്തു കൊണ്ടുപോയാലും, പുതിയ സേവനമേഖലക്കുവേണ്ടി അടയിരി്ക്കാനും അവ വിരിയിച്ചെടുക്കാനും, വിജയിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 

പൊരിവെയ്ത്തു് ചെരുപ്പില്ലാതെ നടന്ന അദ്ദേഹം കൊടുംതണുപ്പിൽ ഒരു സോക്സു പോലുമില്ലാതെ റോമിലെത്തിയതും ഓർക്കുന്നു. Unto the last എന്ന ജോൺ റസ്കിന്റെ പ്രമാണം ഈശോയിൽ നിന്നുതന്നെയാണെന്നു തിരിച്ചറിഞ്ഞു for the last least and lost, എന്നു ഞങ്ങളുടെ പ്രാർത്ഥനാഗ്രൂപ്പിൽ കരിപ്പേരിയച്ചൻ വിഭാവന ചെയ്തത് അക്ഷരംപ്രതി നിറവേറ്റിയതിന്റ ഒരു വിജയത്തിളക്കം അച്ചന്റെ ചരമവാർത്താ ചിത്രത്തിൽ എനിക്കു കണ്ടെടുക്കാനാവും. അദ്ദേഹം സഫലമായ ഒരു ജീവിതയാത്രയുടെ വിജയഫലം ചൂടാൻ യാത്രയാകുകയാണല്ലോ എന്നു വിശ്വാസവും വിചാരവും പറയുമ്പോഴും, വല്ലപ്പോഴുമെങ്കിലും ഒരു ഫോൺ, അവിചാരിതമായുള്ള ഒരു കണ്ടുമുട്ടൽ, പുതിയ വിശേഷങ്ങൾ, പദ്ധതികൾ പങ്കുവെക്കൽ ഒക്കെ പെട്ടെന്ന് ഇല്ലാതായല്ലോ എന്ന മനസ്സിന്റെ തേങ്ങൽ മാത്രം ബാക്കി…

ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ
(ചങ്ങനാശേരി അതിരൂപത)

(സോഷ്യൽ മീഡിയയിൽ ലഭിച്ചത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.