ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേയ്ക്ക്

സി. സോണിയ ഡി.സി.

“ഒന്നുകിൽ ഓപ്പറേഷൻ വഴി മുഴ എടുത്തുമാറ്റുക, അല്ലെങ്കിൽ ഭ്രൂണഹത്യ വഴി കുഞ്ഞിനെ നീക്കം ചെയ്യുക എന്ന് വിദഗ്ദർ വിധിയെഴുതി. ഒരു ശിശുരോഗ വിദഗ്ദയായ ഡോ. ജിയന്നയ്ക്കും സ്ഥിതിയെക്കുറിച്ച് ആഴമായി ബോധ്യമുണ്ടായിരുന്നതുകൊണ്ടും ഉത്തമ കത്തോലിക്കാ വിശ്വാസി ആയിരുന്നതുകൊണ്ടും കുഞ്ഞിനെ ഉദരത്തിൽ വച്ച് കൊല്ലുന്നതിനു പകരം ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുക എന്ന ഒരേയൊരു തീരുമാനമാണ് ഡോ. ജിയന്നായ്ക്ക് ഉണ്ടായിരുന്നത്.” വി. ജിയന്നായെക്കുറിച്ച് നമുക്ക് വായിക്കാം.

ജീവനാണോ സ്നേഹമാണോ വലുത്; ജീവനാണോ സ്നേഹം; അതോ, സ്നേഹമാണോ ജീവൻ? സ്നേഹമേ, നീ തെളിയിച്ചു; നീ സ്നേഹത്തിലലിയുന്ന ജീവനാണെന്ന്. നിൻ ജീവൻ എനിക്കേകി എന്നോടുള്ള നിന്‍ സ്നേഹം നീ പ്രകടമാക്കി. ഓരോ ശ്വാസത്തിലും ഓർക്കുന്നു അമ്മേ, നിന്റെ കാണാത്ത രൂപം.  ഓരോ ഹൃദയമിടിപ്പിലും ഞാനറിയുന്നു അമ്മേ, എനിക്കായി മിടിച്ച നിൻ ഹൃദയം. സ്നേഹം ജീവനായി ഒഴുകിയിറങ്ങിയ ആശുപത്രി മുറികളും വരാന്തയുമറിഞ്ഞു നിന്നെ ഞാനറിയും മുമ്പേ…

മാതൃത്വത്തിന്റെ മനോജ്ഞത മതിവരുവോളം നുകർന്ന അമ്മയോട് ഒരു ചോദ്യമുയർന്നു: ഉദരത്തിൽ ഉരുവായ ജീവൻ വേണോ? സ്വന്തം ജീവൻ വേണോ? ഈ ചോദ്യത്തിനു മുന്നിൽ പതറാതെ, ഉദരത്തില്‍ ഉരുവായിക്കൊണ്ടിരിക്കുന്ന കുഞ്ഞിനായി സ്വജീവൻ വെടിയാൻ തയ്യാറായപ്പോൾ അവൾ വെറും അമ്മയല്ല, വിശുദ്ധയായ അമ്മയായി, വിശുദ്ധയായ ഭിഷഗ്വരയായി, വിശുദ്ധയായ ഭാര്യയായി… വി. ജിയാന്ന ബെരേറ്റ മോള്ള ആതുരാലയത്തിൽ നിന്നും ദിവ്യതയുടെ പടവുകൾ കീഴടക്കി. ആ ഭാഗ്യവതിയുടെ തിരുനാൾ (28 ഏപ്രിൽ) തിരുസഭ ഇന്ന് ആചരിക്കുകയാണ്‌.

1922 ഒക്ടോബർ 4-ന് ഇറ്റലിയിലെ മജന്തായിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അവളുടെ ജനനം. പഠിക്കുവാൻ മിടുക്കിയായിരുന്ന ജിയാന്ന, ശിശുരോഗ വിദഗ്ദയായി. മിലാൻ സർവ്വകലാശാലയിൽ നിന്നും ശിശുരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാവങ്ങളോടും സമൂഹത്തിലെ ബലഹീനരോടും സദാ കരുണ കാണിച്ചിരുന്ന ജിയെന്നാ, വിൻസെൻറ് ഡി പോൾ സംഘടനയിലെ സജീവ അംഗമായിരുന്നു.

1955 പ്രിയട്രോ മൊളെളയുമായി വിവാഹിതയായി. 1956-ൽ ആദ്യത്തെ മകൻ ജനിച്ചു. 1957-ൽ ഒരു മകളും 1959-ൽ ലൂജിയും. 1961-ൽ നാലാമതായി ഒരു കുഞ്ഞിനെക്കൂടി ദൈവം നല്കി – ഇമ്മാനുവേല ജിയന്ന. ജിയന്ന 2 മാസം ഗർഭിണിയായിരിക്കുമ്പോൾ അവരുടെ ഉദരത്തിൽ ഒരു മുഴ വളരുന്നതായി സ്കാനിംഗിലൂടെ ഡോക്ടർ കണ്ടെത്തി. ഒന്നുകിൽ ഓപ്പറേഷൻ വഴി മുഴ എടുത്തുമാറ്റുക അല്ലെങ്കിൽ ഭ്രൂണഹത്യ വഴി കുഞ്ഞിനെ നീക്കം ചെയ്യുക എന്ന് വിദഗ്ദർ വിധിയെഴുതി. ഒരു ശിശുരോഗ വിദഗ്ദയായ ഡോ. ജിയന്നയ്ക്കും സ്ഥിതിയെക്കുറിച്ച് ആഴമായി ബോധ്യമുണ്ടായിരുന്നതുകൊണ്ടും ഉത്തമ കത്തോലിക്കാ വിശ്വാസി ആയിരുന്നതുകൊണ്ടും കുഞ്ഞിനെ ഉദരത്തിൽ വച്ച് കൊല്ലുന്നതിനു പകരം ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുക എന്ന ഒരേയൊരു തീരുമാനമാണ് ഡോ. ജിയന്നായ്ക്ക് ഉണ്ടായിരുന്നത്.

പിഞ്ചുകുഞ്ഞിനായി സ്വജീവൻ നല്കാൻ അവൾ തയ്യാറായി. “ദൈവനിശ്ചയം നടക്കട്ടെ.” ഇതിന് ഒരാഴ്ച മുന്നേ അവൾ വീണ്ടും തന്റെ ഭർത്താവിനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു: “ഓപ്പറേഷൻ സമയത്ത് ഭയപ്പെടേണ്ട, നമ്മുടെ കുഞ്ഞ് ജീവിക്കട്ടെ. എനിക്ക് എന്റെ ജീവൻ അവളുടെ ജീവനുവേണ്ടി ത്യജിക്കുന്നതിന് യാതൊരു വിഷമവുമില്ല. അങ്ങ് വിഷമിക്കരുത്.” ശസ്ത്രക്രിയയ്ക്കുശേഷം പ്രസവവും വിജയകരമായി നടന്നെങ്കിലും രണ്ടു-മൂന്നു ദിവസങ്ങൾക്കുശേഷം ശസ്ത്രക്രിയയിലെ എന്തോ ഒരു തകരാറാൽ 1962 ഏപ്രിൽ 28-ാം തീയതി അവൾ സ്വർഗ്ഗത്തിലേയ്ക്കു യാത്രയായി.

1994-ൽ ജിയന്നയുടെ ഭർത്താവിന്റെയും മക്കളുടേയും മുമ്പാകെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അവളെ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. പത്തു വർഷത്തിനുശേഷം 2004 മെയ് 16-ാം തീയതി ജിയന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ ഭർത്താവിന് 88 വയസ്സായിരുന്നു. നാലു മക്കളും അതിനു സാക്ഷ്യം വഹിക്കുവാനായി സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്നു. വിവാഹജീവിതത്തിനും ഗർഭസ്ഥശിശുക്കൾക്കും മാതൃത്വത്തിനും വേണ്ടത്ര വില നല്കാതെ അധ:പതിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനികലോകത്തിൽ ഡോ. ജിയന്നായുടെ സജീവസാക്ഷ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.

“രോഗികൾക്ക് ഈശോയെ ആണ് ഡോക്ടർമാർ കൊടുക്കേണ്ടത്” എന്ന് ഒരിക്കൽ അവൾ എഴുതിയതായി അമ്മ ജിയന്നയെക്കുറിച്ച് ലൂജി പറയുന്നു. 2004 മെയ് പതിനാറാം തീയതി, സ്വന്തം ഭാര്യയായ ജിയന്നാ വിശുദ്ധ പദവിലേയ്ക്ക് ഉയർത്തപ്പെടുന്നതിന് 92 വയസ്സുള്ള അവരുടെ ഭർത്താവ് പിയത്രാ മൊള്ളയും മക്കളും സാക്ഷ്യം വഹിച്ചു. സ്വന്തം ഭാര്യ വിശുദ്ധപദവിലേയ്ക്ക് ഉയർത്തപ്പെടുന്നതു കാണാൻ ഭാഗ്യം ലഭിച്ച, ദൈവാനുഗ്രഹം കിട്ടിയ ലോകത്തിലെ ആദ്യ ഭർത്താവാണ് പിയത്ര മൊള്ള. ത്യാഗമാണ് ക്രിസ്തീയധർമ്മമെന്നു തിരിച്ചറിഞ്ഞ ഭാര്യയായിരുന്നു ജിയാന്ന.

ഭ്രൂണഹത്യ ഫാഷനായിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തിൽ മാതൃത്വത്തിന്റെ വില അറിയുകയും തനിക്കായി ദൈവം തന്ന കുഞ്ഞിനുവേണ്ടി ജീവൻ വെടിഞ്ഞ കറയറ്റ സ്നേഹവുമായിരുന്നു വി. ജിയെന്നാ ബൊള്ളെ. “കർത്താവേ, നിന്നെ ഞാൻ സ്നേഹിക്കുന്നു” മരണത്തിലും ഈശോയോടുള്ള സ്നേഹമന്ത്രണമായിരുന്നു ആ ചുണ്ടുകളിൽ. 1962 ഏപ്രിൽ 28-ാം തീയതി അവൾ സ്വർഗ്ഗം പുൽകി. പിയട്രാ, മക്കളെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു: “വിശുദ്ധയായ ഒരു അമ്മയുടെ മക്കളാകാൻ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.”

“ക്രൈസ്തവ പരിപൂര്‍ണ്ണതയുടെ അതിവിശിഷ്ട മാതൃകയായിരുന്നു ജിയന്ന എന്ന അമ്മ. എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവാഹകയായി എന്നും ജിയന്ന ഉണ്ടായിരിക്കും” എന്ന് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. സ്വന്തം അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ ജനാവലിയുടെ മുമ്പിൽ നിറകണ്ണുകളോടെ ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഇമ്മാനുവേല ജിയന്ന പറഞ്ഞു: “എന്റെ പ്രിയപ്പെട്ട അമ്മേ, അമ്മ എനിക്ക് രണ്ടു തവണ ജീവൻ തന്നു. ഒന്ന്, എന്നെ ഗർഭം ധരിച്ചപ്പോൾ. രണ്ട്, എന്നെ മരണത്തിനു വിട്ടുകൊടുക്കാതെ തുടർന്നും ജീവിക്കാൻ തന്ന അവസരം. അമ്മയുടെ ജീവനും ജീവിതത്തിനും തുടർച്ചയാണ് ഞാൻ.” ഈ കൊച്ചുസാക്ഷ്യം കേട്ട് മാർപാപ്പയടക്കം അവിടെ കൂടിയിരുന്ന അനേകരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

സ്വയം സമ്പൂർണ്ണമായ ബലിയായി ദൈവത്തിനു സമർപ്പിച്ച ജിയന്ന, സ്വന്തം മക്കളും ഭർത്താവുമടങ്ങുന്ന കുടുംബത്തിനുവേണ്ടിയും ആശുപത്രിയിലെത്തിയ നിരവധി രോഗികൾക്കും വൃദ്ധരായവർക്കും ഏറെ സ്നേഹിച്ച കുഞ്ഞുങ്ങൾക്കും സ്നേഹം മാത്രമേ പകർന്നുകൊടുത്തുള്ളൂ. അതുകൊണ്ടു തന്നെ സമ്പൂർണ്ണ സ്നേഹത്തിന്റെയും സമ്പൂർണ്ണ ത്യാഗത്തിന്റെയും ഉത്തമ മാതൃകയായ ജിയെന്ന വിശുദ്ധയായ മാതാവും ധീരയായ ഡോക്ടറും വിശ്വസ്തയായ കുടുംബിനിയുമായിരുന്നു.

സ്നേഹനിധിയായ അമ്മയും ഉത്തമയായ കുടുംബിനിയുമായ വി. ജിയന്ന സ്വർഗ്ഗത്തിൽ നിന്നും മാദ്ധ്യസ്ഥ്യം വഹിക്കുകയാണ്. ഇന്ന് ഭൂമിയിലുള്ള കുടുംബജീവിതം നയിക്കുന്നവരെയും ഗർഭിണികളായവരെയും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരെയും അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ, അംഗമായിരുന്ന വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ 153 രാജ്യങ്ങളിലായി ലോകമെങ്ങും പരസ്നേഹ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന 8 ലക്ഷം അംഗങ്ങൾക്കായും.

കോവിഡ് 19-ന്റെ വ്യാപനത്തിൽ ലോകം മുഴുവൻ വേദനിക്കുമ്പോൾ ഏറ്റവുമധികം ത്യാഗപൂർവ്വം ലോകമാസകലം ജോലി ചെയ്യുന്നത് ഓരോ ആശുപത്രികളിലുമുള്ള ഡോക്ടർമാരും നഴ്സുമാരുമാണ്. ഒരുപക്ഷേ, പലരും ഒരു പ്രൊഫഷനായി ഡോക്ടർ ജോലി ആരംഭിച്ചിരുന്നതായിരിക്കാം. ഇന്ന് അവര്‍ ജീവൻ പണയം വച്ചും ഒരുപാട് ത്യാഗം സഹിച്ചും അനേകർക്ക് സ്നേഹത്തോടെ, ജീവന്റെ അവസാന ശ്വാസമെടുക്കുവാൻ സഹായിക്കുകയാണവർ. സ്വന്തം ജീവൻ പണയം വച്ചും ഭാവിയെയും കുടുംബത്തെയും മറന്നു ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഓരോരുത്തർക്കും ശക്തിയും ഊർജ്ജവും വിശുദ്ധയായ ഡോ. ജിയാന്നാ പകരട്ടെ. ത്യാഗമനോഭാവവും ആത്മശക്തിയും ധീരതയും കൂടുതലായി പ്രദാനം ചെയ്യട്ടെ. അവരുടെ എല്ലാവരുടെയും ജീവിതം പ്രകാശം പരത്തുന്ന ദീപനാളങ്ങളായി മാറട്ടെ.

ചിൻമയൻ തൻ ചിന്തയാം അമ്മേ,
ജീവത്യാഗത്തിന്റെ സ്നേഹജ്വാലയേ,
നിനക്കു മുമ്പിലെൻ സ്നേഹപ്രണാമം.
ഉയിർ തന്ന ഉടലേ, നിൻ ഉയിരാകട്ടെ ഞാൻ
ജനങ്ങൾക്കും എൻ ഉയിരിൻ നാഥനും.

സി. സോണിയ കെ. ചാക്കോ, DC