വി. ജിയന്ന: ആധുനികലോകത്തെ സമർപ്പണത്തിന്റെ മാതൃക

വി. ജിയന്ന ബേറെറ്റ മോള്ള – ഇന്ന് പലർക്കും സുപരിചിതമായ ഒരു പേരാണ് ഇത്. സഹനങ്ങളെ ദൈവഹിതമായി സ്വീകരിച്ച്, ഉദരത്തിലെ ശിശുവിനുവേണ്ടി സ്വജീവൻ സമർപ്പിച്ച വിശുദ്ധ എന്ന പേരിലാണ് വി. ജിയന്ന അറിയപ്പെടുന്നത്. അൾത്താരയിൽ ഈ വിശുദ്ധയെ വണങ്ങുമ്പോൾ, അവർ നേരിട്ടതും കടന്നുവന്നതുമായ വഴികൾ ഒരുപാട് കനലുകൾ നിറഞ്ഞതായിരുന്നു എന്ന് നമ്മൾ ഓർമ്മിക്കണം.

ഇറ്റലിയിലെ മഗേന്തിയിൽ 1922 ഒക്ടോബർ നാലാം തീയതി പതിമൂന്നു കുട്ടികളുള്ള ഒരു കുടുംബത്തിലെ പത്താമത്തെ മകളായി ആയിരുന്നു ജിയന്നയുടെ ജനനം. 1942-ൽ മിലാനിൽ മെഡിസിൻ പഠനം ആരംഭിച്ച ജിയന്ന, അക്കാഡമിക് ജീവിതത്തിലും വിശ്വാസജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കി. ഒരു ശിശുരോഗ വിദഗ്ദ്ധയായിരുന്ന അവൾ, താൻ കടന്നുവന്ന ഓരോ മേഖലയിലും മറ്റുള്ളവർക്ക് മാതൃകയാകുന്ന ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പാവപ്പെട്ടവരെയും മുതിർന്നവരെയും തന്നാൽ കഴിയുംവിധം അവൾ സഹായിച്ചിരുന്നു.

1955-ൽ പിയത്രോ മോള്ളയുമായി അവളുടെ വിവാഹം നടന്നു. 1961-ൽ നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെയാണ് അവൾക്ക് ഗർഭാശയ ട്യൂമർ ആണെന്ന് ഡോക്ടർമാർ ജിയന്നയെ അറിയിക്കുന്നത്. അവളുടെ ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ മൂന്നു നിർദേശങ്ങളാണ് വച്ചത്. ഭ്രൂണത്തെ നശിപ്പിച്ച് മുഴ നീക്കം ചെയ്യുക, ഗർഭപാത്രം നീക്കം ചെയ്യുക, ഗർഭപാത്രത്തിലുള്ള മുഴ നീക്കം ചെയ്തുകൊണ്ട് കുഞ്ഞ് പുറത്തു വരുന്നതുവരെ ചികിത്സ മാറ്റിവയ്ക്കുക എന്നിവയായിരുന്നു ആ മൂന്നു നിർദേശങ്ങൾ.

ഇതിൽ ഏറ്റവും അപകടകരമായ മൂന്നാമത്തെ മാർഗമാണ് അവൾ സ്വീകരിച്ചത്. തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാനായി സ്വജീവൻപോലും അപകടത്തിലാക്കിക്കൊണ്ട് അവൾ ചികിത്സ നീട്ടിവച്ചു. 1962 ഏപ്രിൽ 21-ന് തന്റെ നാലാമത്തെ കുഞ്ഞ് ഇമ്മാനുവേലയ്ക്ക് ജന്മം നൽകി ഒരാഴ്ചയ്ക്കുശേഷം, ഏപ്രിൽ 28-ന്, ജിയന്ന ഇഹലോകവാസം വെടിഞ്ഞു. ഉദരത്തിൽ വഹിച്ച കുഞ്ഞിനായി ധീരോചിതമായ പോരാട്ടം നടത്തിയ ഈ അമ്മയെ 1944 ഏപ്രിൽ 24-ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായും 2004 മെയ് മാസം പതിനാറാം തീയതി വിശുദ്ധയായും പ്രഖ്യാപിച്ചു. അമ്മമാരുടെയും ഡോക്ടർമാരുടെയും പ്രത്യേക മധ്യസ്ഥയാണ് വി. ജിയന്ന.

കൊല്ലും കൊലയും അനായാസം നടമാടുന്ന, ഏറ്റവും സുരക്ഷിതമെന്നു വിശ്വസിക്കുന്ന അമ്മയുടെ ഉദരംപോലും കൊലക്കളമായി മാറുന്ന ഇന്നത്തെ ലോകത്തിൽ ഈ വിശുദ്ധയുടെ ജീവിതവും മാതൃകയും ഏറെ പ്രചോദനകരമാണ്. തന്റെ സഹനപൂർവമായ ജീവിതത്തിലൂടെ വി. ജിയന്ന പകരുന്ന അനേകം കാര്യങ്ങളുണ്ട്. ജീവിതത്തിൽ തന്റെ കടമകൾ വിശ്വസ്തതയോടെ നിറവേറ്റിക്കൊണ്ട് സ്വർഗം നേടാമെന്ന് ഈ വിശുദ്ധ തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്നു. ഒപ്പംതന്നെ സഹനങ്ങൾ കൂടാതെ സ്നേഹിക്കാൻ സാധിക്കുകയില്ല എന്നും സ്നേഹം കൂടാതെ ഒരാൾക്കും സഹിക്കാൻ സാധിക്കുകയില്ല എന്നും ഈ വിശുദ്ധ ലോകത്തിനു വെളിപ്പെടുത്തി.

ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ഈ വിശുദ്ധയെപ്പോലെ അവയെ ദൈവഹിതമായി കണ്ട് സ്വീകരിക്കാൻ നമുക്കും സാധിക്കട്ടെ. വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ സഹനങ്ങളെ ദൈവഹിതമായി കാണാനുള്ള കൃപയ്ക്കായി നമുക്കും അവളോട് മാധ്യസ്ഥ്യം യാചിക്കാം.

റ്റിന്റു തോമസ്

റ്റിന്റു തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.