ഫാത്തിമാ മാതാവിന്റെ സാന്നിധ്യത്തില്‍ ജീവന്റെ സംസ്‌കാരം പ്രഘോഷിച്ച് ടോക്കിയോ നഗരം

ജീവന്റെ സംസ്‌കാരത്തെ മഹത്വപ്പെടുത്തിക്കൊണ്ട്, ഫാത്തിമാ മാതാവിന്റെ സാന്നിധ്യത്തിലും മാധ്യസ്ഥത്തിലും ടോക്കിയോ നഗരത്തില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് 300-ലധികം ആളുകള്‍. ഔര്‍ ലേഡി ഓഫ് ഫാത്തിമയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തില്‍ ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.

ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ ടോക്കിയോയിലെ ടുസുകി കാത്തലിക്ക് ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം ആരംഭിച്ച പ്രോ ലൈഫ് റാലി ഹിബിയ പാര്‍ക്കിലാണ് സമാപിച്ചത്. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും റാലിയില്‍ പങ്കെടുത്തു. പ്രോ ലൈഫ് റാലിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായാണ് സംഘാടകര്‍ നോക്കിക്കാണുന്നത്.

ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചും ദൈവസ്തുതികള്‍ ആലപിച്ചുമാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗരതി, ദയാവധം എന്നീ മാരകപാപങ്ങള്‍ ദൈവനിന്ദയാണെന്നും ഈ ക്രൂരതകള്‍ക്കു പിന്നില്‍ പാപത്തിന്റെ ആത്മാവാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും റാലിയില്‍ പങ്കെടുത്തവര്‍ സാക്ഷിച്ചു. ഒരുപക്ഷേ, ടോക്കിയോയിലെ ഈ റാലിയുടെ വലുപ്പം ചെറുതാണെങ്കിലും ഇത് ഒരു വിശ്വാസത്തിന്റെ പ്രകടനമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

‘അവനില്‍ ജീവനുണ്ടായിരുന്നു, ആ ജീവന്‍ മനുഷ്യരുടെ വളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല’ (യോഹ. 1:4-5). എന്ന വചനമായിരുന്നു റാലിയുടെ പ്രധാന സന്ദേശവും ആപ്തവാക്യവും.