വിശുദ്ധ കുര്‍ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കാന്‍ 

വിശുദ്ധ കുര്‍ബാന അത് ക്രിസ്തുവിന്റെ ബലിയുടെ പുനരര്‍പ്പണമാണ്. ക്രിസ്തുവിന്റെ ബലിയര്‍പ്പണത്തോട് ഓരോ ക്രൈസ്തവനും ഒന്നുചേരുന്ന അമൂല്യ നിമിഷം. ഈ അമൂല്യ നിമിഷത്തില്‍ പങ്കെടുക്കുന്നവര്‍ ഭക്തിയോടും ശ്രദ്ധയോടും കൂടെ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. വിശുദ്ധ കുര്‍ബാനയില്‍ അതിനായി ആഹ്വാനം ചെയ്യുന്നുമുണ്ട്.

എങ്കിലും ചിലര്‍ക്ക് ഒക്കെ ഇതു പൂര്‍ണ്ണമായും പാലിക്കാന്‍ സാധിക്കുന്നുണ്ടോ എന്നത് ഒരു സംശയമാണ്. അല്ലെങ്കില്‍ തനിക്ക് വിശുദ്ധ കുര്‍ബാനയില്‍ ശ്രദ്ധയോടെ പങ്കെടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് ഓര്‍ത്ത്‌ വിഷമിക്കുന്ന ചിലരെങ്കിലും ഉണ്ട്. അവര്‍ക്കായി ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

1 . ദേവാലയത്തില്‍ ആയിരിക്കുമ്പോള്‍ മാന്യതയോടെ ആയിരിക്കുക 

ദേവാലയം അത് ‘ദൈവത്തിന്റെ ആലയ’മാണ്. അതിനാല്‍ തന്നെ അവിടെ ആയിരിക്കുമ്പോള്‍ ആ ആദരവ് പുലര്‍ത്തുവാനും മാന്യതയോടെ ആയിരിക്കുവാനും ശ്രദ്ധിക്കണം. മാന്യമായ രീതിയില്‍ നില്‍ക്കുവാനും ശ്രദ്ധിക്കുവാനും ശ്രമിക്കണം. ഒപ്പം വസ്ത്ര ധാരണത്തിലും ഈ മാന്യത ആവാം. കഴിയുന്നതും നേരത്തെ തന്നെ പള്ളിയില്‍ എത്തുന്നതും നല്ലതാണ്.

2 . ശ്രദ്ധയോടെ ആയിരിക്കാം 

വിശുദ്ധ കുര്‍ബാനയില്‍ ശ്രദ്ധയോടെ ആയിരിക്കുന്നതിനുള്ള ഒരു ഉപാധിയാണ് കുര്‍ബാന പുസ്തകം ഉപയോഗിച്ച് കൊണ്ട് പങ്കെടുക്കുന്നത്. ഇതു കുര്‍ബാനയുടെ ഓരോ പ്രാര്‍ത്ഥനയുടെ അര്‍ഥവും ആഴവും മനസിലാക്കി പങ്കെടുക്കുവാന്‍ സഹായിക്കും. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലെ ഓരോ വരികളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. അത് താനെ ശീലമായിക്കോളും.

3 . ഭക്തി 

ദേവാലയത്തിലേക്ക് ഓരോ വ്യക്തിയെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ് ഭക്തി. അത് ഹൃദയത്തില്‍ നിന്ന് വരുന്ന ഒന്നാണ്. ഭക്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവനുള്ള തീക്ഷ്ണതയും ആഗ്രഹവും വര്‍ദ്ധിപ്പിക്കുകയും ദേവാലയത്തില്‍ ആയിരിക്കുന്ന മുഴുവന്‍ സമയവും ശ്രദ്ധയോടെ ആയിരിക്കുവാനും സഹായിക്കുന്നു.

ഇങ്ങനെ ഒക്കെ ശ്രമിച്ചാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഭക്തിപൂര്‍വ്വം ആയിരിക്കാന്‍ സാധിക്കും. അതിനു ഓരോരുത്തരുടെയും ഭാഗത്ത് നിന്നുള്ള ആഗ്രഹം, അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.